ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 4 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 21.10.2021) ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍. ഷിബു(24), സായൂജ്(24), രാഹുല്‍(22), അക്ഷയ്(22) എന്നിവരെയാണ് നാദാപുരം എ എസ് പി നിതിന്‍ രാജ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച് നാദാപുരം പൊലീസ് പറയുന്നത് ഇങ്ങനെ: പരിചയക്കാരനായ സായൂജാണ് പെണ്‍കുട്ടിയെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രമായ മരുതോങ്കരയിലെ ജാനകിക്കാട്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളായ ഷിബു, രാഹുല്‍, അക്ഷയ് എന്നിവരെ വിളിച്ചുവരുത്തി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പെണ്‍കുട്ടിക്ക് നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അന്നുതന്നെ സായൂജ് പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു.
പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കുറ്റ്യാടി ചെറുപുഴ പാലത്തിനുസമീപം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസിന്റെ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി. പോക്സോ ചുമത്തിയാണ് കേസെടുത്തത്.
സംഭവം നടന്ന ജാനകിക്കാട്ടിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ വ്യാഴാഴ്ച കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ജാനകിക്കാട്ടില്‍ നിരീക്ഷണം ശക്തമാക്കുമെന്നും എ എസ് പി പറഞ്ഞു.
Powered by Info News For You

Comments
Post a Comment