ഐ പി എല്‍ 14-ാം സീസണില്‍ കൊല്‍കത്തയെ തകര്‍ത്ത് 4-ാം കിരീട നേട്ടവുമായി ധോണിയുടെ മഞ്ഞപ്പട
ദുബൈ: (www.kvartha.com 16.10.2021) ഐ പി എല്‍ 14-ാം സീസണില്‍ കൊല്‍കത്തയെ തകര്‍ത്ത് നാലാം കിരീട നേട്ടവുമായി ധോണിയുടെ മഞ്ഞപ്പട. ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തോല്‍പിച്ചാണ് ചെന്നൈ സൂപെര്‍ കിംഗ്സ് നാലാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.
2010, 2011, 2018 വര്‍ഷങ്ങളിലാണ് ചെന്നൈ സൂപെര്‍ കിംഗ്സ് ജേതാക്കളായത്. ഇതോടെ ഐപിഎല്‍ കിരീടങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്‍ഡ്യന്‍സിനോട് (5) അടുക്കാനും സൂപെര്‍ കിംഗ്സിനായി. 2012 ഫൈനലില്‍ തങ്ങളെ തോല്‍പിച്ച കൊല്‍കത്തയോട് പ്രതികാരം ചെയ്യാനും സൂപെര്‍ കിംഗ്സിന് കഴിഞ്ഞു.
ഇതിഹാസ താരവും നായകനുമായ എം എസ് ധോണിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് സൂപെര്‍ കിംഗ്സിന്റെ കിരീട നേട്ടം. ക്യാപ്റ്റനെന്ന നിലയിലെ 300-ാം ടി20 മത്സരത്തിലാണ് ധോണി മറ്റൊരു നേട്ടംകൂടി കുറിച്ചത്. സ്‌കോര്‍: ചെന്നൈ-192/3(20 ഓവര്‍). കൊല്‍കത്ത-165/9 (20).
കളിയുടെ എല്ലാ തലങ്ങളിലും നൈറ്റ് റൈഡേഴ്സിനെ പിന്തള്ളിയാണ് സൂപെര്‍ കിംഗ്സ് ചാംപ്യന്‍ പട്ടം ചൂടിയത്. ബാറ്റിംഗില്‍ ഓപെണര്‍ ഫാഫ് ഡു പ്ലെസി (59 പന്തില്‍ 86, ഏഴ് ഫോര്‍, മൂന്ന് സിക്സ്) മൊയീന്‍ അലി (20 പന്തില്‍ 37 നോടൗട്, രണ്ട് ബൗന്‍ഡറി, മൂന്ന് സിക്‌സ്), ഋതുരാജ് ഗെയ്ക് വാദ് (32, മൂന്ന് ഫോര്‍, ഒരു സിക്‌സ്) റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31, മൂന്ന് സിക്‌സ്) എന്നിവര്‍ സൂപെര്‍ കിംഗ്സിന് ഉശിരന്‍ സ്‌കോര്‍ സമ്മാനിച്ചു.
ധോണി ഒരുക്കിയ ഫീല്‍ഡിന് അനുസൃതമായി പന്തെറിഞ്ഞ ബോളര്‍മാരും മികച്ച ഫീല്‍ഡിംഗും കാര്യമായ പിഴവുകള്‍ വരുത്താത്ത കാചിംഗും സൂപെര്‍ കിംഗ്സിന്റെ വിജയത്തിന് വഴിവച്ചു. സൂപെര്‍ കിംഗ്സ് ബോളര്‍മാരില്‍ ഷാര്‍ദുല്‍ താകൂര്‍ മൂന്നും രവീന്ദ്ര ജഡേജയും ജോഷ് ഹെസല്‍വുഡും രണ്ട് വികെറ്റ് വീതവും എടുത്തു. ദീപക് ചഹാറിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കും ഓരോ ഇരകളെ വീതം ലഭിച്ചു.
തുടക്കത്തില്‍ നല്ല പ്രകടനം കാഴ്ചവച്ച കൊല്‍ക്കത്തയെ മധ്യനിരയുടെ തകര്‍ചയാണ് പിന്നോട്ടടിച്ചത്. ഓപെണര്‍മാരായ വെങ്കടേഷ് അയ്യരും (50), ശുഭ്മാന്‍ ഗിലും (51) അര്‍ധ ശതകങ്ങളുമായി തിളങ്ങിയെങ്കിലും മധ്യനിര കൂപ്പുകുത്തിയതോടെ കൊല്‍കത്ത തോല്‍വി ഉറപ്പിച്ചു.
നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക് (9), ഷാകിബ് അല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം വന്ന പാടേ ഡഗ് ഔടിലേക്ക് മടങ്ങി. വാലറ്റത്തില്‍ ശിവം മാവിയും (20) ലോകി ഫെര്‍ഗൂസനും (18 നോടൗട്) നടത്തിയ ചെറുത്തുനില്‍പ്പാണ് വലിയ നാണക്കേടില്‍ നിന്ന് കൊല്‍കത്തയെ രക്ഷിച്ചത്.
Keywords: Chennai Super Kings beat Kolkata Knight Riders by 27 runs, Dubai, News, IPL, Winner, Chennai Super Kings, Mahendra Singh Dhoni, Gulf, World.
Powered by Info News For You
Comments
Post a Comment