കനത്ത മഴ; കൊണ്ടോട്ടി മേഖലയിലുണ്ടാക്കിയത് വ്യാപക നാശം, 130 കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു
കൊണ്ടോട്ടി: (www.kvartha.com 13.10.2021) കനത്ത മഴയെ തുടര്‍ന്ന് കൊണ്ടോട്ടി താലൂകില്‍ 130 കുടുംബങ്ങളെ മാറ്റിപ്പാര്‍പിച്ചു. എയുപിഎസ് വെണ്ണയൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. എല്ലാ വില്ലേജുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി മേഖലയില്‍ വ്യാപക നാശമാണ് ശക്തമായ മഴയില്‍ സംഭവിച്ചത്.
ഒരു വീട് പൂര്‍ണമായും 51 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഗ്രാമീണ റോഡുകളില്‍ വെള്ളം കയറി ജനം ഒറ്റപ്പെട്ടു. കനത്ത മഴയില്‍ വലിയതോട് കരകവിഞ്ഞ് കൊണ്ടോട്ടി നഗരത്തെ വെള്ളത്തില്‍ മുക്കി. പതിനേഴ് മുതല്‍ കുറുപ്പത്ത് വരെ ബൈപാസ് റോഡിന്റെ ഭൂരിഭാഗത്തും വെള്ളം കയറി. നിരവധി കടകളിലും സ്ഥാപനങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.
ബസ് സ്റ്റാന്‍ഡിന് സമീപത്തെ തൈത്തോടത്ത് വലിയതോട് കരകവിഞ്ഞ് 37 വീടുകളില്‍ വെള്ളം കയറി. മഠത്തില്‍തൊട് ഭാഗത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൊണ്ടോട്ടി വില്ലേജ് ഓഫിസ്, അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര പരിസരം എന്നിവിടങ്ങളും വെള്ളക്കെട്ടിലമര്‍ന്നു. വിമാനത്താവള വളപ്പില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് മതില്‍ തകരുകയും വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു.
കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡില്‍ നീറാട് അങ്ങാടിയില്‍ നിരവധി കടകളില്‍ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. അങ്ങാടിയുടെ പരിസരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നെടിയിരുപ്പ് ചുക്കാന്‍ ഹമീദിന്റെ വീടിന് സമീപം മണ്ണിടിഞ്ഞ് വളര്‍ത്തുമൃഗം ചത്തു. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി.
കുഴിമണ്ണ കടുങ്ങല്ലൂര്‍ വലിയതോട് ദിശമാറിയൊഴുകി കീഴിശ്ശേരി അങ്ങാടിക്ക് സമീപം പ്രധാന റോഡടക്കം വെള്ളത്തിനടിയിലായി. വിളയില്‍ കടുങ്ങല്ലൂര്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. അടിയന്തര സാഹചര്യത്തില്‍ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ മേലങ്ങാടി ജിഎംഎല്‍പി സ്‌കൂളില്‍ ഒരുക്കങ്ങള്‍ നടത്തി.
Keywords: News, Kerala, Rain, Family, Road, Kondotty, Heavy rain; In Kondotty taluk, 130 families were relocated
Powered by Info News For You

Comments
Post a Comment