മൊബൈലില്‍ കൂടി സ്നേഹം നടിച്ച് 12 കാരിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ട് പോയെന്ന് കേസ്; കുട്ടിയെയും പ്രതികളെയും പിടികൂടി പൊലീസ്
തിരുവനന്തപുരം: (www.kvartha.com 26.10.2021) മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് 12 കാരിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നാല് ദിവസം മുമ്പ് പൂവാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള 12 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രദീപ്(25), മെര്‍ളിന്‍(29) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൂവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുട്ടിയുടെ ഫോണ്‍ നമ്പര്‍ സൈബര്‍ സെലിന്റെ സഹായത്തോടെ പരിശോധിച്ചതില്‍ സംഭവ ദിവസം നിരന്തരം വിളിച്ചത് തമിഴ്നാട്ടുകാരനെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അങ്ങോട്ട് വ്യാപിപ്പിക്കുകയായിരുന്നു.
ഇതിനായി നെയ്യാറ്റിന്‍കര ഡി വൈ എസ് പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞിരംകുളം സി ഐ അജിചന്ദ്രന്‍ നായര്‍ ഉള്‍പെടെ അന്വേഷണത്തിന് രണ്ട് സംഘങ്ങള്‍ രൂപികരിച്ചു. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഓണ്‍ ചെയ്ത് സുഹൃത്തിനെ വിളിച്ചത് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കുറച്ചുകൂടി എളുപ്പമായി.
ഫോണ്‍ തമിഴ്നാട് രാമനാഥപുരത്താണെന്ന് ടവര്‍ ലൊകേഷന്‍ വഴി മനസിലാക്കിയ പൊലീസിലെ ഒരു സംഘം ഉടന്‍ തന്നെ അങ്ങോട്ട് തിരിച്ചു. പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടില്‍ രാമനാഥപുരം പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുന്‍പ് കുട്ടിയുമായി സംഘം അവിടെനിന്നും മുങ്ങി. ഇതിനിടെ മൊബൈല്‍ വീണ്ടും സ്വിച് ഓഫാക്കിയത് അന്വേഷണ സംഘത്തെ കുഴക്കി. രാമനാഥപുരം, മാര്‍ത്താണ്ഡം, രാമേശ്വരം, ധനുഷ്‌ക്കോടി, കുലശേഖരം എന്നിവിടങ്ങളില്‍ അന്വേഷണം സംഘം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് 23ന് വൈകിട്ട് കുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതോടെയാണ് പിടികൂടാന്‍ വഴിതെളിഞ്ഞത്. ടവര്‍ ലൊകേഷന്‍ മനസിലാക്കിയ സി ഐയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം അങ്ങോട്ട് തിരിച്ചു. രാത്രിയോടെ പേച്ചിപ്പാറയില്‍ എത്തിയ സംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പ്രദേശം അരിച്ച് പെറുക്കി രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും സാഹസികമായി പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.
12 കാരിയെ കാണാതായത് പൊലീസിനെ ദിസങ്ങളോളം വട്ടം കറക്കിയിരുന്നു. രണ്ട് സംഘങ്ങളായി പൊലീസ് മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment