കോവിഡ് വാക്‌സിനേഷനില്‍ 100 കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്‍ഡ്യ; ഡെല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെത്തി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി, ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡെല്‍ഹി: (www.kvartha.com 21.10.2021) കോവിഡ് വാക്‌സിനേഷനില്‍ 100 കോടിയെന്ന ചരിത്ര നിമിഷത്തിനരികെ ഇന്‍ഡ്യ. ഒന്‍പത് മാസത്തിനുള്ളില്‍ ആണ് 100 കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാന്‍ ഇന്‍ഡ്യയ്ക്ക് സാധിച്ചത്. നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഡെല്‍ഹി ആര്‍ എം എല്‍ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു.
ചരിത്രം കുറിക്കുന്ന സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും 100 കോടി ഡോസ് വാക്‌സീന്‍ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബി ജെ പി നേതാക്കള്‍ വ്യാഴാഴ്ച വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. 29 കോടി 15 ലക്ഷം പേര്‍ക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്‌സീനും നല്‍കാനായത്.
സംസ്ഥാനങ്ങള്‍ നേരിട്ട് കമ്പനികളില്‍നിന്ന് സംഭരിച്ചതും കേന്ദ്രസര്‍കാര്‍ സൗജന്യമായി ലഭ്യമാക്കിയതും അടക്കം 97,99,506 സെഷനുകളിലൂടെയാണ് ഇത്രയും വാക്‌സിന്‍ വിതരണം ചെയ്തത്. ജനുവരി 16 നാണ് ഇന്‍ഡ്യയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിച്ചത്.
ഇതുവരെ വാക്‌സിന് അര്‍ഹരായ 75 ശതമാനം പേര്‍ക്കും ഒന്നാം ഡോസ് നല്‍കിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ജമ്മുകശ്മീര്‍, ലഡാക്, ഉത്തരാഖണ്ഡ്, സികിം, ഹിമാചല്‍ പ്രദേശ്, ദാദ്രാ ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ & ദിയു, ഗോവ, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ 100 ശതമാനം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Powered by Info News For You

Comments
Post a Comment