മാടക്കാൽ തൂക്ക് പാലം തകർന്ന് യാത്രാ ദുരിതത്തിലായ വലിയപറമ്പ് നിവാസികൾക്കായി ഗ്രാൻമ യാത്രാബോട്; എത്തുന്നത് സംസ്ഥാനത്താദ്യമായി എം എല്‍ എ ഫൻഡുപയോഗിച്ച് നിര്‍മിച്ച ജല നൗക

വലിയപറമ്പ്: (www.kasargodvartha.com  28.09.2021) തൂക്ക് പാലം തകർന്ന് യാത്രാ ദുരിതത്തിലായ വലിയപറമ്പ് നിവാസികൾക്കായി ഗ്രാൻമ യാത്രാബോട് എത്തുന്നു. സംസ്ഥാനത്താദ്യമായി എം എല്‍ എ ഫൻഡുപയോഗിച്ച് നിര്‍മിച്ച ജല നൗകയാണിത്. പ്രതിസന്ധികളുടെ മലകടന്നാണ് സ്വപ്നപദ്ധതി പൂർത്തീകരണത്തിലേക്കടുക്കുന്നതെന്ന് പദ്ധതിക്കായി ഫൻഡ് അനുവദിച്ച തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ പറഞ്ഞു.

  
Kasaragod, Valiyaparamba, Kerala, News, Top-Headlines, Boat, Boat journey, MLA, Fund, Water, Travlling, Bridge, Collapse, Travel boat for residents in distress after bridge collapsed.



തൃക്കരിപ്പൂർ മണ്ഡലത്തിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തെക്കൻ മേഖലയിൽ പ്രത്യേകിച്ച് മാടക്കാൽ - തൃക്കരിപ്പൂർ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം എല്‍ എ ഫൻഡ് ഉപയോഗിച്ച് നിർമിച്ച യാത്രാബോട് ഗോവയില്‍ നിന്നും റോഡ് മാർഗം പുറപ്പെട്ടിരിക്കുകയാണ്.

എം എല്‍ എ ഫൻഡ് വിനിയോഗത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക് പുറത്തായതിനാല്‍ സർകാറിന്റെ പ്രത്യേകാനുമതിയും നടപടിക്രമങ്ങളും പൂർത്തിയാക്കാനെടുത്ത സ്വാഭാവിക സമയവും അൽപം പ്രയാസങ്ങള്‍ക്ക് ഇടയാക്കിയ പദ്ധതിയാണിതെന്നും എംഎൽഎ പറഞ്ഞു.


ഇതിന്റെ നാള്‍വഴികള്‍ എംഎൽഎ തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

പ്രതീക്ഷയോടെ കണ്ട മാടക്കാല്‍ തൂക്ക്പാലം തകർന്ന് യാത്രസൌകര്യം പ്രതിസന്ധിയിലായ ഈ പ്രദേശത്ത് പഞ്ചായത്ത് നടത്തികൊണ്ടിരുന്ന കടവ് വിവിധ കാരണങ്ങളാല്‍ നിർത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പരിഹാരം കാണാനായി ഞാനും അന്നത്തെ ജില്ലാകലക്ടർ ജീവന്‍ബാബുവും, ആർ.ഡി.ഒ യും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും ഉൾപ്പെടെ 7/7/2018ന് വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഹാളിൽ ഒരു പ്രത്യേക യോഗം ചേരുകയുണ്ടായി.

യോഗത്തിൽ പ്രശ്നപരിഹാരത്തിനായി കേരള ഇന്‍ലാന്റ് വെസ്സല്‍ റൂൾസ് മാനദണ്ഡ പ്രകാരം ഉള്ള ഒരു ഫൈബർ യാത്രാബോട്ട് വാങ്ങുന്നതിന് 10 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഞാന്‍ ആ യോഗത്തില്‍ തന്നെ വ്യക്തമാക്കിയതുമാണ്. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗത്തിന് 2017 ജൂലൈ 4 ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ (അച്ചടി) നമ്പർ 86 /2017 സർക്കാർ ഉത്തരവ് പ്രകാരമുള്ള പുതുക്കിയ മാർഗനിർദേശങ്ങളിൽ ഈ പ്രവർത്തി അനുവദനീയമല്ലാത്തതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കുന്നമുറയ്ക്ക് മാത്രമേ തുക വിനിയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ്.

അത്കൊണ്ട് തന്നെ അനുമതി ലഭ്യമാക്കുന്നതുവരെ ഗ്രാമപഞ്ചായത്ത് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനും തീരുമാനിക്കുകയുണ്ടായി.

ഈ തീരുമാനം അനുസരിച്ച് ബോട്ട് വാങ്ങുന്നതിന് 11/7/2018ന് തന്നെ നമ്പർ TKR/MLA-ADF/2018-19 കത്ത് മുഖേന 10 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടർക്ക് പദ്ധതി നിർദ്ദേശം നൽകുകയും ചെയ്തു.

ജില്ലാഭരണകൂടം ബോട്ട് നിർമ്മിക്കുന്നതിന് സർക്കാർ ഏജന്‍സിയായ സിൽക്ക് ( സ്റ്റീൽ ഇൻ്റട്രീ ലിമിറ്റഡ് കേരള) നെ സമീപിക്കുകയും ചെയ്തു. എന്നാല്‍ സില്‍ക്കിന്റെ കൈവശമുള്ള ബോട്ടിന് ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ എട്ട് ലിറ്റർ ഡീസൽ ആവശ്യമാണെന്നത് അറിയിച്ചതിനെ തുടർന്ന് ഇത് പഞ്ചായത്തിനും നാട്ടുകാർക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻറ് ടെക്നോളജി (കുസാറ്റ്)ലെ ഡിപ്പാർട്ട്മെന്റ് ഓഫ്ഷിപ്ടെക്നോളജി - നേവൽ ആർക്കിടെക്റ്റ് ഡോക്ടർ സി.ബി. സുധീറിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം അസിസ്റ്റന്റ് പ്രൊഫസർ ഗൗതമിന്റെ നേതൃത്വത്തിൽ കടവ് സന്ദർശിക്കുകയും കടവിലെ പ്രത്യേകതയും പ്രാദേശിക ആവശ്യവും മനസ്സിലാക്കി ബോട്ടിന്റെ ഡിസൈനും ഡിപിആറും തയ്യാറാക്കി ജില്ലാ കലക്ടർക്ക് നൽകി.

ഈ ഡി.പി.ആർ അനുസരിച്ചുള്ള ബോട്ട് നിർമ്മിക്കുന്നതിന് 15.5 ലക്ഷം രൂപ ആവശ്യമുള്ളതിനാൽ 27/2/2019 നമ്പർ 06/എം. എൽ.എ-എ.ഡി.എഫ്/ ടി.കെ.ആർ/2018-19 കത്ത് മുഖേന നേരത്തെ നിർദ്ദേശിച്ച പത്ത് ലക്ഷത്തിനു പകരം 15.5 ലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിക്കണമെന്ന് നിർദ്ദേശം ജില്ലാ കലക്ടർക്ക് നൽകുകയും 6/3/2019 ന് ആർഡി3/1653/18 നമ്പർ ഉത്തരവ് പ്രകാരം ഇന്‍ലാന്റ് നാവിഗേഷന്‍ ഡിപ്പാർട്ട്മെന്റിനെ ചുമതലപ്പെടുത്തി ഭരണാനുമതി നൽകുകയും ചെയ്തു.

ലോകസഭ ഇലക്ഷൻ പെരുമാറ്റച്ചട്ടം 10/3/2019 മുതൽ 27/5/2019 വരെ നിലവിൽ വന്ന അതിനാൽ ഈ കാലയളവിൽ തുടർ പ്രവർത്തികൾ നടത്താൻ കഴിയാതെ വന്നു. 20/5/2019 ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് തങ്ങൾക്ക് ഈ പ്രവർത്തി നടപ്പിലാക്കാനുള്ള സാങ്കേതികപരിജ്ഞാനം ഇല്ല എന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് കത്ത് നൽകി.

മറ്റൊരു വകുപ്പിനെ ഏൽപ്പിക്കുന്നതിനായി കാസർകോട് ജില്ല അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ധനകാര്യ വകുപ്പിന്റെ നോഡല്‍ ബി സെക്ഷനുമായി ബന്ധപ്പെട്ടപ്പോൾ മുൻകൂട്ടി പ്രത്യേക അനുമതി വാങ്ങിയാൽ മാത്രമേ ഈ പ്രവർത്തി നടപ്പിൽ വരുത്താൻ കഴിയൂ എന്ന് അറിയിച്ചതിനെ തുടർന്ന് പ്രത്യേക അനുമതിക്കായി 28/5/2019 ന് ആർഡി 3/1653/18 നമ്പർ കത്ത് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയക്കുകയും തുടർനടപടിയില്‍ കാലതാമസം നേരിട്ട പശ്ചാത്തലത്തില്‍ അന്നത്തെ ധനകാര്യമകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിനെ നേരിട്ട് കണ്ട് ഈ പ്രവത്തിയുടെ അനിവാര്യത ബോധ്യപ്പെടുത്തി പ്രത്യേകാനുമതി വാങ്ങുകയും ചെയ്തു.

തുടർന്ന് ഈ പ്രവൃത്തി തുറമുഖവകുപ്പിനെ ഏല്‍പ്പിക്കുകയും ടെണ്ടര്‍ നടപടികള്‍ നടത്തുകയും ചെയ്തെങ്കിലും ടെണ്ടെറെടുക്കാന്‍ ആളില്ലാത്തതിനെ തുടർന്ന് റീണ്ടെർ ഉള്‍പ്പെടെ നാല് തവണയാണ് ടെണ്ടർ ചെയ്യേണ്ടിവന്നത്.

നാലാമത്തെ ടെണ്ടറിലാണ് ഗോവ ആസ്ഥാനമായിട്ടുള്ള വിജയ് മറൈന്‍ ഷിപ്പിയാഡ് എന്ന കമ്പനി ഈ പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലവും നിർമ്മാണത്തിലെ കാലതാമസത്തിനിടയാക്കി. സംസ്ഥാനത്താദ്യമായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന യാത്രാബോട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ട് തന്നെ ഗ്രാന്മ എന്ന പേരാണ് ഈ ബോട്ടിന് നല്‍കിയിരിക്കുന്നത്.

10 പേർക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്നതും ഔട്ബോഡ് എഞ്ചിന്‍ഘടിപ്പിച്ചിട്ടുള്ളതും സ്റ്റിയറിംഗ് നിയന്ത്രണ സംവിധാനവുമുള്ളതാണ് ഈ ബോട്ട്.

ഗോവയില്‍ നിന്നും ട്രയിലറില്‍ റോഡ് മാർഗ്ഗമാണ് കൊണ്ട് വരുന്നത്. വലുപ്പം കൂടിയ ഈ ട്രയിലർ മാടക്കാല്‍വരെ കൊണ്ടുപോവുക സാധ്യമല്ലാത്തതിനാല്‍ പ്രസ്തുത ബോട്ട് മടക്കര മത്സ്യബന്ധന തുറമുഖത്ത് ഇറക്കി കവ്വായി കായലിലൂടെ മാടക്കാലില്‍ എത്തിക്കുന്നതിനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

മാടക്കാലില്‍ എത്തിച്ചശേഷം മാരിടൈംബോഡിന്റെ ചീഫ് സര്‍വ്വേയർ, പോർട്ട് ഓഫീസര്‍, പോർട്ട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ട്രയല്‍റണ്‍ നടത്തി ഫിറ്റ്നസ് ഉറപ്പുവരുത്തിയതിന് ശേഷം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് കൈമാറും. ഗതാഗത തടസം നേരിട്ടില്ലെങ്കില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ബോട്ട് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിബന്ധങ്ങള്‍ ഏറെ നിറഞ്ഞ ഈ പ്രവൃത്തി നടപ്പില്‍വരുത്തുന്നതിന് നേത്യത്വം നല്‍കിയ കലക്ടർമാരായ കെ.ജീവന്‍ബാബു, ഡോ.ഡി.സജിത്ത്ബാബു, എ.ഡി.സി. (ജനറല്‍) ബെവിന്‍ ജോണ്‍വർഗ്ഗീസ്, പോർട്ട് ഓഫീസർമാരായ ക്യാപ്റ്റന്‍ അശ്വനികുമാർ, ക്യാപ്റ്റന്‍ പ്രദീപ് നായർ തുടങ്ങിയ ഉദ്യോഗസ്ഥരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

Keywords: Kasaragod, Valiyaparamba, Kerala, News, Top-Headlines, Boat, Boat journey, MLA, Fund, Water, Travlling, Bridge, Collapse, Travel boat for residents in distress after bridge collapsed.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?