നിപയ്ക്ക് കാരണം കുട്ടി കഴിച്ച റംബൂടാന്‍ തന്നെയാവും എന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ്
കോഴിക്കോട്: (www.kvartha.com 07.09.2021) ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസുകാരന്‍ മരിച്ച സംഭവത്തില്‍ അസുഖം വരാന്‍ കാരണം കുട്ടി കഴിച്ച റംബൂടാന്‍ തന്നെയാവും എന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്ന് ആരോഗ്യ വകുപ്പ്. ബന്ധുവീട്ടില്‍ നിന്നായിരുന്നു കുട്ടി റംബൂടാന്‍ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലമെല്ലാം നെഗറ്റീവ് ആയതോടെയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്.
ഇതിനിടെ കോഴിക്കോട് പകര്‍ച്ച വ്യാധികള്‍ പ്രത്യേകിച്ച് നിപ രണ്ടാമതും റിപോര്‍ട് ചെയ്തതോടെ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രോഗം വന്നയിടങ്ങളില്‍ ഒരു വീട്ടില്‍ മുപ്പത് പേര്‍ എന്ന നിലയ്ക്കുള്ള വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും നമ്മള്‍ ഏറെ മാറിയതും ക്വാറന്റൈന്‍, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അവബോധം നേടിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ എന്നും മന്ത്രി ചൂണ്ടാക്കാട്ടി.
അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡികെല്‍ കോളജില്‍ നിപ ലാബ് സജ്ജമാക്കിയതും രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ടു പേരുടെ ഫലം നെഗറ്റീവ് ആയത് താല്‍കാലികമായി ആശ്വാസം തരുന്നുണ്ടെങ്കിലും രോഗ ഉറവിടം പൂര്‍ണമായും കണ്ടെത്തുന്നത് വരെ അതീവ ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി അറിയിച്ചു.
നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡികെല്‍ കോളജിലെ വിആര്‍ഡി ലാബിലാണ് സജ്ജമാക്കിയത്. എന്‍ ഐ വി പുനെ, എന്‍ ഐ വി ആലപ്പുഴ, കോഴിക്കോട് മെഡികെല്‍ കോളജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള ആര്‍ ടി പി സി ആര്‍, പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീ ഏജന്റും അനുബന്ധ സാമഗ്രികളും എന്‍ ഐ വി പുനെയില്‍ നിന്നും എന്‍ ഐ വി ആലപ്പുഴയില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
എന്‍ ഐ വി പൂനെയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍ ഐ വി പുനെ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Keywords: Is Rambutan the likely source of Nipah virus this time?, Kozhikode, News, Health, Health and Fitness, Health Minister, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment