ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികള്‍ പിടിയില്‍
കൊല്ലം: (www.kvartha.com 29.09.2021) ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സ്ഥിരമായി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കൊല്ലത്ത് നിന്ന് ബൈക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
കൊല്ലം സിറ്റി പൊലീസ് കമിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചവറയില്‍ ബസ് തടഞ്ഞ് നിര്‍ത്തിയാണ് നിശാന്തിനെ അറസ്റ്റ് ചെയ്തത്. നിശാന്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റോക്കിയെ കടയ്ക്കാവൂരിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ചവറ പൊലീസ് സ്റ്റേഷനിലുള്ള പ്രതികളെ ആലപ്പുഴ പൊലീസിന് കൈമാറും.
Keywords: Accused arrested on Alappuzha health worker attack case, Kollam, News, Police, Arrested, CCTV, Probe, Kerala.
Powered by Info News For You

Comments
Post a Comment