കോഴിക്കോട് കോവിഡില്ലാത്തയാള്‍ക്ക് സമ്പര്‍ക്കവിലക്ക് ഏര്‍പെടുത്തിയതായി പരാതി; സാധാരണ സംഭവിക്കാറുളള പിഴവാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍
കോഴിക്കോട്: (www.kvartha.com 07.09.2021) കോഴിക്കോട് വേങ്ങേരിയില്‍ കോവിഡില്ലാത്തയാള്‍ക്ക് സമ്പര്‍ക്കവിലക്ക് ഏര്‍പെടുത്തിയതായി പരാതി. ചുമട്ടുതൊഴിലാളിയായ വേങ്ങേരി സ്വദേശി സാഗര്‍ ആണ് പരാതി ഉന്നയിച്ചത്. ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ സംശയം തോന്നിയ ഇയാള്‍ 3 ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി. കിട്ടിയ ഫലങ്ങള്‍ നെഗറ്റീവായിട്ടും തന്നെ രോഗിയായാണ് പരിഗണിക്കുന്നതെന്നാണ് ഇയാളുടെ പരാതി.
സംഭവത്തെക്കുറിച്ച് സാഗര്‍ പറയുന്നത് ഇങ്ങനെ; കൂടെ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടപ്പോഴാണ് മുന്‍കരുതലെന്നോണം കുണ്ടുപറമ്പിലെ ആന്റിജന്‍ ക്യാംപില്‍ നിന്ന് പരിശോധിച്ചതും കോവിഡ് പോസിറ്റീവ് റിപോര്‍ട് കിട്ടിയതും. എന്നാല്‍ അസ്വസ്ഥതകളോ, ലക്ഷണങ്ങളോ ഇല്ലാത്തതിനാല്‍ വീണ്ടും സ്വകാര്യ ലാബില്‍ സ്രവം പരിശോധനക്കയച്ചു. നെഗറ്റീവായിരുന്നു ഫലം. ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. സ്വകാര്യ ലാബിലെ സാങ്കേതിക പിഴവാകാമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മറുപടിയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധന നടത്തി. അപ്പോഴും റിസള്‍ട് നെഗറ്റീവായിരുന്നു. അപ്പോഴേക്കും 2 പരിശോധന നടത്തി നെഗറ്റീവായിട്ടും സര്‍കാരിന്റെ കോവിഡ് പട്ടികയില്‍ സാഗറും ഉള്‍പെട്ടു.
സാഗറിന് സമ്പര്‍ക്ക വിലക്ക് ഉള്‍പെടെ നിര്‍ദ്ദേശിച്ച് സന്ദേശവും വന്നു. ഗുരുതര പിഴവില്‍ ആരോഗ്യപ്രവര്‍ത്തകരോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ വീണ്ടും സാഗറിനോട് ആര്‍ ടി പി സി ആര്‍ നിര്‍ദേശിച്ചു. അതും നെഗറ്റീവായി. പക്ഷേ രോഗമില്ലാത്ത തന്നെ നിര്‍ബന്ധപൂര്‍വം സമ്പര്‍ക്ക വിലക്കിലിരുത്തിയെന്നാണ് സാഗറിന്റെ പരാതി. എന്നാല്‍ കോവിഡ് പട്ടികയില്‍ ഉള്‍പെട്ടതിനാല്‍ ഇനി ഒഴിവാക്കാന്‍ പറ്റില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ മറുപടിയെന്ന് സാഗര്‍ പറഞ്ഞു. അതോടെ 14 ദിവസം പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ അന്നന്നത്തെ ശമ്പളം കൊണ്ട് ജീവിക്കുന്ന ഇയാളുടെ ഉപജീവനത്തിനും വഴിമുട്ടി.
എന്നാല്‍ സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ വിശദീകരണം, ആന്റിജന്‍ പരിശോധനയില്‍ സാധാരണ സംഭവിക്കാറുളള പിഴവ് മാത്രമാണിതെന്നും സാഗറിനോട് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ദേശിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം രോഗമില്ലാത്തയാളെ പട്ടികയില്‍ ഉള്‍പെടുത്തിയതിനെക്കുറിച്ച് കോവിഡ് സെലിനോട് വിശദീകരണം തേടിയതായാണ് വിവരം.
Powered by Info News For You

Comments
Post a Comment