നല്ലളത്ത് വാടകക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 13.09.2021) അതിഥി തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശി അറസ്റ്റില്‍. നല്ലളം കുന്നുമ്മലില്‍ വാടകക്ക് താമസിച്ചിരുന്ന സഞ്ജയ് ദാസി (31) ന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാള്‍ ബര്‍മാന്‍ ജില്ലയിലെ സിറാജുദ്ദീന്‍ ശെയ്ക്കി (35)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 8-ാം തിയതി രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജയ് ദാസിനെ കോഴിക്കോട് ബീച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിമുറിയില്‍ വീണ് പരിക്കേറ്റതാണെന്നാണ് സിറാജുദ്ദീന്‍ ഡോക്ടറോട് അറിയിച്ചത്. എന്നാല്‍ യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവിടെ നിന്നും കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ 9-ാം തീയതി രാത്രി 10 മണിയോടെ സഞ്ജയ് മരിച്ചു.
പോസ്റ്റ് മോര്‍ടെത്തില്‍ ചെറുകുടലിന് സംഭവിച്ച ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ 7-ാം തിയതി ഉച്ചയോടെ സഞ്ജയ് ദാസും സിറാജുദ്ദീന്‍ ശെയ്ക്കും മദ്യപിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമായെന്നും വടിയും മറ്റും ഉപയോഗിച്ച് സിറാജുദ്ദീന്‍ ശെയ്ക്ക് സഞ്ജയ് ദാസിനെ മര്‍ദിക്കുകയും വയറില്‍ ചവിട്ടിയതായും കൂടെയുള്ള തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് പിറ്റേന്നാണ് യുവാവിന് വയറുവേദന അനുഭവപ്പെട്ടത്.
ബംഗാള്‍ ഗുരുദാസ്പൂര്‍ സ്വദേശിയായ സഞ്ജയ് ദാസ് അടുത്തിടെയാണ് ജോലിക്കായി ഇവിടെയെത്തിയത്. സിറാജുദ്ദീന്‍ ശെയ്ക്ക് കെട്ടിട നിര്‍മാണ കരാറുകാരനാണ്. സംഭവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നല്ലളം എസ് ഐ എം കെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പൊലീസും വിലയാള വിദഗ്ധ എ വി ശ്രീജയുടെ നേതൃത്വത്തിന്റെ സംഘവും സംഭവം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
Powered by Info News For You

Comments
Post a Comment