8 മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സ തേടി എത്തിയ അമ്മയുടെ പ്രായം 16 വയസെന്ന്; അന്വേഷണം ആരംഭിച്ച് പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും
കോട്ടയം: (www.kvartha.com 11.09.2021) പിഞ്ചുകുഞ്ഞിന്റെ ചികിത്സ തേടി എത്തിയ അമ്മയുടെ പ്രായത്തില്‍ ഞെട്ടിയിരിക്കുകയാണ് ജില്ലാ ശിശുക്ഷേമ സമിതി. കോട്ടയം മെഡികല്‍ കോളജില്‍ കുട്ടികളുടെ ഡോക്ടറെ കാണാനായി 8 മാസം പ്രായമുള്ള കുട്ടിയുമായി ചികിത്സ തേടി എത്തിയ അമ്മയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വിവരം. 16 വയസ് എന്ന് നല്‍കിയതിനെത്തുടര്‍ന്ന് പൊലീസും ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശിനിയാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടിയുമായി ചികിത്സ തേടിയത്. ഒരുവര്‍ഷം മുന്‍പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിച്ചെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് പെണ്‍കുട്ടിയെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
അതേസമയം 16 വയസെന്ന് വിവരം കൊടുത്ത പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രായം പരിശോധിക്കാന്‍ കഴിയുന്ന രേഖകള്‍ ലഭിച്ചില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ കുഞ്ഞിനെ പരിചരിക്കുന്നത് അമ്മയെന്ന് പറയുന്ന പെണ്‍കുട്ടി ആയതിനാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ശിശു ക്ഷേമസമിതി അധികൃതര്‍ അറിയിച്ചു.
തുടരന്വേഷണത്തിനായി കേസ് ഉസലാംപെട്ടി പൊലീസിന് കൈമാറുമെന്ന് ഗാന്ധിനഗര്‍ എസ് എച് ഒ കെ ഷിജി അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനും രേഖകള്‍ പരിശോധിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment