ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മരിച്ചത് 53 പേര്‍, ഡെങ്കി എന്ന് സംശയം; മരിച്ചതില്‍ 45 പേരും കുട്ടികള്‍; എല്ലാ സര്‍കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവ്
ലഖ്നൗ: (www.kvartha.com 01.09.2021) ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ച സംഭവം ഡെങ്കി വ്യാപനമാണോ എന്ന് സംശയം. ഡെങ്കി വ്യാപനമാണോ എന്ന് സ്ഥിരീകരിക്കാന്‍ സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചതില്‍ 45 പേരും കുട്ടികളാണ്. ഇതോടെ സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവായി. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകള്‍ സെപ്റ്റംബര്‍ ആറുവരെ നടത്തേണ്ടെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ് ഉത്തരവിട്ടിരിക്കുന്നത്.


ഫിറോസാബാദിലെ മെഡികെല്‍ കോളജില്‍ ഇതിനോടകം തന്നെ 186 ല്‍പരം ആളുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന കുട്ടികളെക്കൊണ്ട് ആശുപത്രിയിലെ വാര്‍ഡ് നിറയുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗികളുടെ കുടുംബങ്ങളുമായി സമ്പര്‍കം പുലര്‍ത്തുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന ബിജെപി എംഎല്‍എ മനീഷ് അസിജ ഓഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകള്‍ റിപോര്‍ട് ചെയ്തത് എന്ന് അറിയിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡികെല്‍ കോളജിലെത്തി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല, മരിച്ച കുട്ടികളില്‍ ചിലരുടെ വീട്ടിലെത്തി ബന്ധുക്കളേയും അദ്ദേഹം സന്ദര്‍ശിച്ചു. മരണങ്ങളുടെ കാരണം എന്താണെന്ന് അന്വേഷിച്ച് വിശദീകരണം നല്‍കാന്‍ പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു.
പെട്ടെന്ന് പനി ബാധിച്ച് കുട്ടികള്‍ അവശനിലയിലാകുന്നുണ്ട്. ലകി എന്ന ആറ് വയസുകാരന് ചെറിയ തോതില്‍ പനി വന്ന് പെട്ടെന്ന് അസുഖം കൂടുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുട്ടി മരിക്കുകയും ചെയ്തു. കുട്ടിയെ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഗ്രയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ആഗ്രയിലെത്തിക്കുന്നതിന് പത്ത് മിനുട് മുന്‍പാണ് കുട്ടി മരിച്ചത്.
Keywords: 45 Children Die In UP's Firozabad In 10 Days, Dengue Suspected, Probe On, News, Health, Health and Fitness, Yogi Adityanath, Probe, Visit, National.
Powered by Info News For You
Comments
Post a Comment