നഷ്ടപ്പെട്ടെന്ന് കരുതിയ 42,000 രൂപയ്ക്ക് നടു റോഡില്‍ കാവലിരുന്ന് പൂച്ച; പണം തിരികെ ലഭിച്ച സന്തോഷത്തില്‍ യുവാവും

കറുകച്ചാല്‍: (www.kvartha.com 06.09.2021) നഷ്ടപ്പെട്ടെന്നു കരുതിയ പണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാമ്പാടി സ്വദേശി സനോജ്. അതിന് കാരണക്കാരായ പൂച്ചയോടും പണം തിരികെ നല്‍കിയ റിട്ട.പൊലീസ് ഉദ്യോഗസ്ഥനോടും നന്ദി പറയുകയാണ് ഈ യുവാവ്.

ശനിയാഴ്ച 11.30 മണിയോടെയാണ് പാമ്പാടിയിലെ ഇരുമ്പു കടയിലെ വാന്‍ ഡ്രൈവറായ ഇളവുന്താനം ഇ എം പീറ്ററിന്റെ (സനോജ്) വാനില്‍ നിന്നു 42,000 രൂപ നഷ്ടപ്പെട്ടത്. എന്നാല്‍ ഡ്രൈവിങ്ങിനിടയില്‍ വാനിലെ ഗിയര്‍ ബോക്‌സിനിടയിലൂടെ പണം റോഡില്‍ വീണത് സനോജ് അറിഞ്ഞിരുന്നില്ല. പാമ്പാടിയില്‍ എത്തിയപ്പോഴാണ് പണം വാനില്‍ ഇല്ലെന്നുള്ള കാര്യം അറിഞ്ഞത്. ഇതോടെ പരിഭ്രാന്തിയിലായ യുവാവ് സഞ്ചരിച്ച റോഡില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കറുകച്ചാല്‍, പാമ്പാടി പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു.

Lost money returned to the young man, Kottayam, News, Local News, Police, Complaint, Police Station, Kerala

ഒരു മണിക്കൂറിനു ശേഷം ഇതുവഴി എത്തിയ റിട്ട.ഡിവൈഎസ്പി ചമ്പക്കര സ്വദേശി അശോക് കുമാര്‍ തൊമ്മച്ചേരി ഭാഗത്തു വച്ച് നടുറോഡില്‍ ഒരു പൂച്ച ഇരിക്കുന്നതു കണ്ട് വാഹനം നിര്‍ത്തിനോക്കി. ഏതെങ്കിലും വാഹനമിടിച്ച് പരിക്കേറ്റതാണെന്നു കരുതി ഇറങ്ങി നോക്കിയപ്പോഴാണ് മഴയില്‍ നനഞ്ഞ നോടുകള്‍ക്കു കാവലായാണ് പൂച്ച ഇരിക്കുന്നതെന്ന് മനസിലായത്. തുടര്‍ന്ന് നാട്ടുകാരോടു ആരെയെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ അവരുടെ ആരുടേയും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന മറുപടി ലഭിച്ചു.

തുടര്‍ന്ന് പണം സ്റ്റേഷനില്‍ ഏല്‍പിക്കാന്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ച വിവരം പൊലീസുകാര്‍ അശോക് കുമാറിനെ അറിയിച്ചത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കറുകച്ചാല്‍ എസ്‌ഐ എ ജി ഷാജന്റെ നേതൃത്വത്തില്‍ പണം സനോജിന് കൈമാറി. തൊമ്മച്ചേരിയിലെ വീട് നിര്‍മാണ സ്ഥലത്ത് സിമന്റ് ഇറക്കിയ വകയില്‍ ഉടമയ്ക്കു നല്‍കാനായി ഏല്‍പിച്ച തുകയായിരുന്നു ഇത്. പൂച്ചയെ കണ്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ പണം മറ്റാര്‍ക്കെങ്കിലും കിട്ടുകയും ഇത് തിരികെ ലഭിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമായിരുന്നു.

അതുകൊണ്ടുതന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ 42,000 രൂപ തിരികെ കിട്ടിയപ്പോള്‍ പാമ്പാടി സ്വദേശി സനോജിന് രണ്ടു പേരോടാണ് നന്ദി പറയാനുള്ളത്. ഒന്ന് നഷ്ടപ്പെട്ട പണം റോഡില്‍ നിന്നു ലഭിച്ച റിട്ട.പൊലീസ് ഉദ്യോഗസ്ഥനോടും രണ്ടാമത് യാദൃച്ഛികമെങ്കിലും പണം കണ്ടെത്താന്‍ കാരണക്കാരനായി നോടുകള്‍ക്ക് കാവലിരുന്ന ആ പൂച്ചയോടും.

Keywords: Lost money  returned to the young man, Kottayam, News, Local News, Police, Complaint, Police Station, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?