പകര്‍ചപ്പനിക്ക് പിന്നാലെ ഡെങ്കിയും; ഫിറോസാബാദില്‍ 40 കുട്ടികളടക്കം 50 പേര്‍ മരിച്ചതായി റിപോര്‍ട്; കേന്ദ്ര സര്‍കാരിന്റെ വിദഗ്ധസംഘം ഉത്തര്‍പ്രദേശിലേക്ക്
ലക്‌നൗ: (www.kvartha.com 04.09.2021) ഉത്തര്‍പ്രദേശിനെ പരിഭ്രാന്തിയിലാക്കി പകര്‍ചപ്പനി പടരുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഫിറോസാബാദില്‍ ഡെങ്കി പനി ബാധിച്ച് 50 പേര്‍ മരിച്ചതായി റിപോര്‍ട്. മരിച്ച 50 പേരില്‍ 40 പേര്‍ കുട്ടികളാണ്. ഗുരുതര സാഹചര്യത്തില്‍ കേന്ദ്ര സര്‍കാര്‍ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്കയച്ചു.
ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ ഫിറോസാബാദിലേക്ക് അയച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെയും നാഷണല്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിലെയും വിദഗ്ധരെയാണ് കേന്ദ്രം അയച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടര്‍ന്നുപിടിക്കുന്നത്. കടുത്ത പനി, ജലദോഷം, ശ്വാസതടസം എന്നീ ലക്ഷണങ്ങളോടെ നിരവധി രോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലെത്തിയിരുന്നു. ആഗ്ര, മഥുര എന്നിവിടങ്ങളിലും പനി പടര്‍ന്നുപിടിക്കുന്നുണ്ട്. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹെമറേജ് ഡെങ്കിയാണ് ഇതെന്നാണ് കരുതുന്നത്.
കുട്ടികളെ ബാധിച്ചത് വൈറല്‍ പനിയാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ഇത് സീസണല്‍ പകര്‍ച്ചപ്പനിയാണെന്നും എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ ആശുപത്രികളില്‍ പരിഭ്രാന്തി പടരുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രോഗബാധിതരില്‍ പലര്‍ക്കും മലേറിയ, ഡെങ്കി, വൈറല്‍പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. പനിയും നിര്‍ജലീകരണവുമാണ് കുട്ടികളില്‍ രോഗലക്ഷണമായി കണ്ടുവരുന്നത്. ഡെങ്കിയുടെ മാരകമായ വകഭേദമാണ് ഇതെന്ന് ലോകാരോഗ്യസംഘടനയുടെ സംഘം അറിയിച്ചിട്ടുണ്ട്.
ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ മാത്രം 15 ദിവസത്തിനുള്ളില്‍ 11 കുട്ടികള്‍ മരിച്ചു. ഫിറോസാബാദ് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 5 പേര്‍ മരിച്ചതായാണ് റിപോര്‍ട്. ആംബുലന്‍സുകളും മറ്റു സംവിധാനങ്ങളും രോഗികളെ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ ഇല്ലെന്നും ഇതിനിടെ ആരോപണം ഉയരുന്നുണ്ട്. പല ആശുപത്രികളുടേയും പീഡിയാട്രിക് വിഭാഗം കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് റിപോര്‍ട്.
Powered by Info News For You

Comments
Post a Comment