3 വയസുകാരിയെ കാറില്‍ പൂട്ടിയിട്ടെന്ന സംഭവം; പരാതിയില്ലെന്ന് കുടുംബം, പൊലീസുദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ ധാരാളമാണെന്ന് ജസ്റ്റിസ് കമാൽ പാഷ
തിരുവനന്തപുരം: (www.kvartha.com 03.08.2021) ബാലരാമപുരത്ത് അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന് 3 വയസുകാരിയായ മകളെ പൊലീസ് കാറില്‍ പൂട്ടിയിട്ടെന്ന സംഭവത്തില്‍ പരാതിയില്ലെന്ന് ദമ്പതികള്‍. രക്ഷിതാക്കളുടെ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങി. ഭാവിയില്‍ ബുദ്ധിമുട്ടാവരുത് എന്നത് കൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം. ഇതോടെ പൊലീസ് മൊഴിയെടുത്ത് മടങ്ങി. പരാതിയില്ലാത്തതിനാല്‍ കേസോ മറ്റ് നടപടിയോ ഉണ്ടാകാനും സാധ്യതയില്ല.
സംഭവത്തില്‍ തെളിവ് കിട്ടിയാല്‍ നടപടിയെടുക്കാമെന്നാണ് ബാലാവകാശ കമീഷന്‍ അറിയിച്ചത്. റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാശം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വീട്ടിലെത്തി കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി എടുത്തതല്ലാതെ പരാതിയില്ലാത്തതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാവാന്‍ സാധ്യതയില്ല.
എന്നാല്‍ കവര്‍ച്ചയ്ക്ക് സമാനമായി താക്കോല്‍ ഊരിക്കൊണ്ട് പോവുകയും കുട്ടിയുടെ മാനസീകാവസ്ഥയെ തന്നെ മോശമായി ബാധിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത പൊലീസുദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ ധാരാളമാണെന്ന് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. ഇത്തരം സംഭവത്തില്‍ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പുറത്ത് വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് നിയമവിദഗ്ധരും പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 23 ന് ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പൊലീസ് തടയുകയും അമിതവേഗത്തിന് 1500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും മകള്‍ വാഹനത്തിലുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താകോലെടുത്ത് ലോക് ചെയ്ത് പുറത്തിറങ്ങിയെന്നും ആരോപിക്കുന്നു.
പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടുകൂടി ഒന്ന് തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിന് ശേഷമാണ് പോവാന്‍ അനുവദിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment