മലബാര്‍ കലാപ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം അങ്ങേയറ്റം അപലപനീയവും ചരിത്രവിരുദ്ധവുമാണെന്ന് ജി ദേവരാജന്‍
കൊല്ലം: (www.kvartha.com 25.08.2021) ബ്രിടീഷുകാര്‍ക്കെതിരെ നടന്ന 1921ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത നേതാക്കന്മാരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഇന്‍ഡ്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എച്ച്.ആര്‍) തീരുമാനത്തിനെതിരെ ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടെറി ജി ദേവരാജന്‍ രംഗത്ത്. തീരുമാനം അങ്ങേയറ്റം അപലപനീയവും ചരിത്രവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പ്രസ്തുത തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ സി എച്ച് ആര്‍ ചെയര്‍മാന് കത്തും നല്‍കി.
ആഗസ്റ്റ് 14നെ വിഭജന ദിനമായി ഓര്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും സ്വാതന്ത്ര്യ സമരത്തെ വര്‍ഗീയമായി വിഭജിക്കുവാനുള്ള നീക്കവും ധീരദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.
ബ്രിടീഷ് ആധിപത്യത്തിനെതിരെ വിവിധ മത വിഭാഗങ്ങള്‍, ഗോത്ര വര്‍ഗക്കാര്‍, തൊഴിലാളികള്‍, നാട്ടുപ്രമാണിമാര്‍, യുവജനങ്ങള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, തുടങ്ങിയവരൊക്കെ അവരവരുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ട് പല രൂപത്തിലുള്ള സമര മാര്‍ഗങ്ങളില്‍ ഏര്‍പെട്ടിരുന്നു.
ഇത്തരം സമരങ്ങളെ ബ്രിടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരവുമായി ഏകോപിപ്പിക്കുവാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. തുര്‍കിയിലെ ഓടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കുകയും സുല്‍ത്താനായിരുന്ന ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്ത ബ്രിടീഷ് സാമ്രാജ്യത്വത്തിനെതിരെ ലോക വ്യാപകമായി നടന്ന ജനകീയ സമരമാണ് ഖിലാഫത് പ്രസ്ഥാനം എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ഇതിന്റെ ചുവടു പിടിച്ചാണ് ഇന്‍ഡ്യയില്‍ ആലി സഹോദരന്മാര്‍, ഹസ്രത് മൊഹാനി, മൗലാന അബ്ദുല്‍ കലാം ആസാദ്, ഹകിം അജ്മല്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഖിലേന്‍ഡ്യാ ഖിലാഫത്ത് കമിറ്റി 1919ല്‍ രൂപമെടുക്കുന്നത്.
1920ല്‍ ഖിലാഫത് കമിറ്റി ബ്രിടീഷ് സര്‍കാരിനെതിരായി നിസഹകരണ സമരം പ്രഖ്യാപിച്ചത്. ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കുന്നതിനായി ഈ അവസരം ഉപയോഗിക്കുവാന്‍ ഗാന്ധിജിയും ബാലഗംഗാധര തിലകനും തീരുമാനിച്ചു. 1920 സെപ്റ്റംബറില്‍ കൊല്‍കതയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം ഖിലാഫത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കാനും നിസഹകരണ പ്രസ്ഥാനം ദേശവ്യാപകമാക്കാനും തീരുമാനിച്ചുവെന്നും കത്തില്‍ പറയുന്നു.
ഈ ഖിലാഫതിന്റെ ഭാഗമായിരുന്നു മലബാര്‍ കലാപവും. ഖിലാഫത്തിനു ശേഷം തുര്‍കിയില്‍ അധികാരത്തിലെത്തിയ മുസ്തഫ കമാല്‍ പാഷ തുര്‍കിയെ മതേതര രാജ്യമായാണ് പരിവര്‍ത്തനം ചെയ്തത്. ഇതില്‍ നിന്നും മതാധിഷ്ടിത രാജ്യ സംസ്ഥാപനമല്ല മറിച്ച് ബ്രിടീഷ് സാമ്രാജ്യത്വ വിരുദ്ധ ജനകീയ പ്രസ്ഥാനമായിരുന്നു ഖിലാഫത് എന്ന് വ്യക്തമാണ്.
ഈ ചരിത്ര വീക്ഷണ കോണിലൂടെ ആയിരിക്കണം മലബാര്‍ കലാപത്തെ പുനര്‍ വായിക്കേണ്ടതെന്നും ദേവരാജന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Keywords: G Devarajan against ICHR Policy, Kollam, News, Politics, Criticism, Kerala.
Powered by Info News For You

Comments
Post a Comment