ചാമുണ്ഡിഹില്‍സ് പീഡനം: പ്രതികള്‍ നേരത്തേയും അക്രമം നടത്തിയിരുന്നുവെന്ന് പൊലീസ്; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
സൂപ്പി വാണിമേല്‍
മംഗളൂരു: (www.kvartha.com 30.08.2021) മൈസൂറു ചാമുണ്ഡി ഹിൽസ് താഴ് വാരയിൽ എംബിഎ വിദ്യാർഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയെന്ന സംഭവത്തിലെ പ്രതികൾക്ക് കുറ്റകൃത്യ പശ്ചാത്തലമെന്ന് പൊലീസ്. പ്രതികളുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നെന്നും പൊലീസ്.
തമിഴ്നാട്ടിൽ വിവിധ കേസുകളിൽ പ്രതികളായ ഇവർ ചാമുണ്ഡി അടിവാരത്ത് നേരത്തേയും ബലാത്സംഗങ്ങളും അക്രമങ്ങളും കവർചയും നടത്തിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഭൂപതി (28), മുരുഗേഷൻ(25), അരവിന്ദ് (34), ജോസഫ് (36), പതിനേഴുകാരൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ പൊലീസിന് കൈമാറി. ദേവരാജ അസി. പൊലീസ് കമീഷണർ ശശിധറിന്റെ നേതൃത്വത്തിൽ രഹസ്യസങ്കേതത്തിൽ പ്രതികളെ ചോദ്യം ചെയ്യുകയാണ്.
പ്രതികളിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം പൊലീസ് പറയുന്നത്: കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ മർധിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. ബണ്ടിപ്പാളയം എപിഎംസി യാർഡിലെ ജോലികഴിഞ്ഞ് മദ്യഷാപിൽ കയറി കുടിച്ച ശേഷം ചാമുണ്ഡിക്കുന്നുകളുടെ താഴ് വരയിൽ അന്നത്തെ ഇരകളെ തേടി. സായാഹ്നത്തിൽ ഉല്ലസിക്കാൻ ഇറങ്ങുന്ന ജോഡികളെ നോട്ടമിട്ടാണ് അന്നും പതിയിരുന്നത്.
നേരത്തെ നാലോ അഞ്ചോ യുവതികളെ ഒപ്പമുള്ള പുരുഷന്മാരെ മർധിച്ച് പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും ആഭരണങ്ങളും കവരുകയും ബൈകുകൾ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തി വിട്ടതിനാൽ ആരും പരാതിപ്പെട്ടില്ല. ഇരുട്ടുവീഴുന്ന നേരവും രക്ഷപ്പെടാനുള്ള ഊടുവഴികളും പൊലീസ് പട്രോളിംഗ് ഇല്ലെന്ന സുരക്ഷിതത്വവുമാണ് അക്രമികൾക്ക് ധൈര്യം പകർന്നത്.
ചൊവ്വാഴ്ചത്തെ അക്രമശേഷം ചരക്കുലോറികളിൽ തമിഴ്നാട്ടിലേക്ക് കടന്നു. സംഭവസ്ഥലത്തുനിന്ന് കിട്ടിയ തമിഴ്നാട്ടിലെ തൽവാടിയിൽ നിന്ന് കർണാടകയിലെ ചാമരാജനഗറിലേക്കുള്ള ബസ് ടികറ്റുകളും തമിഴ്നാട് മുദ്രയുള്ള ഒഴിഞ്ഞ മദ്യക്കുപ്പികളും പൊലീസിന് കേസ് അന്വേഷണത്തിന് തുമ്പായി.
തലവാടി സുസൈപുരം സ്വദേശിയായ ഭൂപതിയെ ചന്ദനമരം മോഷണക്കേസിൽ ആറു മാസം മുമ്പ് നസർബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പത്തു കേസുകളിൽ പ്രതിയാണ്. രണ്ടു വർഷം മുമ്പ് ഈറോഡ് നടന്ന കൊലപാതക കേസിൽ പ്രതിയാണ് മുരുകേശൻ.
കേസിന്റെ തുടരന്വേഷണം നിയന്ത്രിക്കാൻ ഡിജിപി പ്രവീൺ സൂദ് മൈസൂറുവിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മൈസൂറു ഹോടെൽ ബ്ലൂ പ്ലാസയിൽ അദ്ദേഹം വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി സിഎച് പ്രതാപ് റെഡ്ഢി, ദക്ഷിണ മേഖല ഐ ജി പ്രവീൺ മധുകർ പവാർ, മൈസൂറു സിറ്റി പൊലീസ് കമീഷണർ ഡോ.ചന്ദ്രഗുപ്ത, ജില്ല പൊലീസ് സൂപ്രണ്ട് ആർ ചേതൻ, ഡെപ്യൂടി പൊലീസ് കമീഷണർമാരായ പ്രതീപ് ഗണ്ടി, ഗീത പ്രസന്ന തുടങ്ങി 25 ഓഫീസർമാർ പങ്കെടുത്തു.
Keywords: Mangalore, Karnataka, News, Tamilnadu, Case, Police, Top-Headlines, Questioned, Molestation, Court, Mobile Phone, Arrest, Murder case, Investigates, Chamundi Hills molestation case: More information came out during interrogation.
Powered by Info News For You

Comments
Post a Comment