ബെൻഗ്ളൂറിൽ വൈദ്യുത പോസ്റ്റില്‍ ഇടിച്ച കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്‌നാട് എംഎല്‍എയുടെ മകനും മരുമകളും ഉള്‍പെടെ ഏഴുപേര്‍ മരിച്ചു
ബെൻഗ്ളുറു: (www.kvartha.com 31.08.2021) ബെൻഗ്ളൂറിൽ വൈദ്യുത പോസ്റ്റില്‍ ഇടിച്ച കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്‌നാട് എംഎല്‍എയുടെ മകനും മരുമകളും ഉള്‍പെടെ ഏഴുപേര്‍ മരിച്ചു. ബെൻഗ്ളുറു കോറമംഗലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂര്‍ എംഎല്‍എയുമായ വൈ പ്രകാശിന്റെ മകന്‍ കരുണസാഗര്‍, ഭാര്യ ഡോ.ബിന്ദു, ഇഷിത, ഡോ. ധനുഷ, അക്ഷയ ഗോയല്‍, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ഓഡി ക്യു3 മോഡല്‍ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയില്‍ പാഞ്ഞു കയറുകയും വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ ആറ് പേര്‍ സംഭവസ്ഥലത്തും ഏഴാമത്തെയാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
കാറിന്റെ എയര്‍ ബാഗ് തുറന്നിരുന്നില്ലെന്നും ഇതാണ് യാത്രക്കാരെല്ലാം മരിക്കാന്‍ കാരണമായതെന്നും ഔദുഗോഡി ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപോര്‍ട് ചെയ്യുന്നു. എംഎല്‍എയുടെ കാറാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഓഡി കാര്‍ പൂര്‍ണമായും തകര്‍ന്നതായി കാണാം. കാറിന്റെ ബോണറ്റ് ഭാഗവും ചക്രങ്ങളും പൂര്‍ണമായി തകര്‍ന്നു. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
'അശ്രദ്ധമായി കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. എ സി പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. '- പൊലീസ് വ്യക്തമാക്കി.
Keywords: In Bengaluru, 7 killed Among MLA’s son in Audi lost control, Bangalore, News, Accidental Death, Injured, Hospital, National.
Powered by Info News For You

Comments
Post a Comment