ലോകോ പൈലറ്റെന്ന വ്യാജേന ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവാക്കള്‍ പിടിയിലായതായി ആര്‍പിഎഫ്; മൂന്നു വര്‍ഷം ട്രെയിനോടിച്ച് പണമുണ്ടാക്കിയെന്ന് പൊലീസ്; 'പരിശീലനവും ലഭിച്ചു'
ചെന്നൈ: (www.kvartha.com 17.08.2021) ലോകോ പൈലറ്റെന്ന വ്യാജേന ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവാക്കള്‍ പിടിയിലായതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. ബംഗാളിലെ മുര്‍ശിദാബാദ് സ്വദേശികളായ 17, 21 വയസുള്ളവരെയാണ് തമിഴ്നാടിലെ ഈറോഡില്‍വെച്ച് റെയില്‍വേ പൊലീസ് പിടികൂടിയത്. ലോകോ പൈലറ്റിന്റെ യൂനിഫോമില്‍ ഷാലിമാര്‍-തിരുവന്തപുരം എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള കോചില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു.
പതാകയും ബാഡ്ജും അടക്കം ലോകോപൈലറ്റിന്റെ സാമഗ്രികളെല്ലാം ഇവരുടെ കയ്യില്‍ കണ്ടതിനാല്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പിടികൂടിയതെന്നും മൂന്നു വര്‍ഷമായി 17കാരനും മൂന്നുമാസമായി 21 കാരനും ട്രെയിന്‍ എന്‍ജിന്‍ ഓടിച്ചിരുന്നതായും പൊലീസ് ആരോപിക്കുന്നു.
ബംഗാളില്‍നിന്നുള്ള ഒരു ലോകോ പൈലറ്റ്, അസിസ്റ്റന്റ് ലോകോ പൈലറ്റുമാരായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നുവെന്നും അതിന് ശേഷം അയാള്‍ക്ക് പകരം ഇരുവരും ചേര്‍ന്ന് ട്രെയിന്‍ ഓടിക്കുമായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞതായി ഈറോഡ് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എസ്എ സുനില്‍ കുമാറിനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു. ഗുഡ്സ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നതായും യഥാര്‍ഥ ലോകോ പൈലറ്റ് ആണ് ഇരുവര്‍ക്കും യൂനിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നല്‍കിയതെന്നും യുവാക്കള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കുന്നു.
കൂടാതെ ഇയാള്‍ ഇരുവര്‍ക്കും പണവും നല്‍കിയിരുന്നതായും 17കാരന് 10,000 രൂപ മുതല്‍ 15,000 രൂപ ലഭിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇവര്‍ക്ക് പ്രതിമാസം എട്ട് മുതല്‍ 10 ദിവസം വരെ ഡ്യൂടി ലഭിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ജോലിയൊന്നും ഇല്ലാത്തതിനാല്‍ ആലുവയിലുള്ള അമ്മാവന്റെയടുത്ത് ജോലിക്കായി പോകുകയായിരുന്നുവെന്നും രണ്ട് മാസത്തോളം ആലുവയില്‍ താമസിക്കാനും പണം സമ്പാദിക്കാനും പശ്ചിമ ബംഗാളിലേക്ക് മടങ്ങാനുമായിരുന്നു പദ്ധതിയെന്നും ഇന്‍സ്പെക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ഇവരെ പരിശീലിപ്പിച്ചതായി പറയുന്ന ലോകോപൈലറ്റിനെ പറ്റി അന്വേഷിച്ച് വരികയാണ്.
Powered by Info News For You

Comments
Post a Comment