ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയും ആനയും ചത്ത നിലയില്‍; പരസ്പരം ഏറ്റുമുട്ടിയതാണെന്ന് സംശയം
കോതമംഗലം: (www.kvartha.com 27.08.2021) ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. ഇരുവരും പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണു നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുല്‍മേടിലാണ് ജഡങ്ങള്‍ കാണപ്പെട്ടത്. ബുധനാഴ്ച ബീറ്റിനു പോയ വാരിയം വനംവകുപ്പ് ഔട് പോസ്റ്റിലെ വനപാലകരാണ് ജഡങ്ങള്‍ കണ്ടത്. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കടുവയ്ക്ക് ഏഴു വയസോളം പ്രായമുണ്ട്. മോഴയിനത്തില്‍പെട്ട ആനയ്ക്ക് 15 വയസും. കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള പോരാട്ടം. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ഡ് ഒന്നില്‍പെടുന്ന ജീവികളാണ് ഇവ.
ആനയും കടവയും പരസ്പരം ഏറ്റുമുട്ടുന്നത് അപൂര്‍വമാണ്. അതേ സമയം ആദ്യമായിട്ടല്ലെന്നാണ് പറയപ്പെടുന്നത്. പത്ത് വര്‍ഷം മുമ്പ് സൈലന്റ് വാലി വനപ്രദേശത്ത് സമാനമായ ആക്രമണം ക്യാമറയില്‍ പതിഞ്ഞതായി വനപാലകര്‍ പറയുന്നുണ്ട്.
ആനകളെ അക്രമിക്കാന്‍ മുതിരുന്ന ഏക മൃഗം കടുവയാണ്. സാധാരണ നിലയില്‍ കടുവകള്‍ മുതിര്‍ന്ന ആനകളെ ആക്രമിക്കില്ല. എന്നാല്‍ കുട്ടിയാനകളെ പിന്തുടരുകയും മറ്റുമുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
വ്യാഴാഴ്ച രാവിലെ മലയാറ്റൂര്‍ ഡി എഫ് ഒ രവികുമാര്‍ മീണ, ഇടമലയാര്‍ റേഞ്ച് ഓഫിസര്‍ പി എസ് നിധിന്‍, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോന്‍, സിയാദ്, അജു, സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു.
Keywords: Elephant, tiger die after fighting in Idamalayar forest, Kochi, News, Dead Body, Forest, Protection, Kerala.
Powered by Info News For You

Comments
Post a Comment