മക്കളിൽ ശുഭചിന്തകളും ശുഭപ്രതീക്ഷകളും ഉണ്ടാക്കാൻ മാതാപിതാക്കൾക്കാകണം

മുജീബുല്ല കെ എം

(www.kvartha.com 13.08.2021)
കുട്ടികളുടെ മനസിന് വലിയൊരു പ്രത്യേകതയുണ്ട്. പറയുന്നതെന്തും അവര്‍ പെട്ടെന്ന് വിശ്വസിക്കും. കേള്‍ക്കുന്നതെന്തും അതേപടി ഉള്‍ക്കൊള്ളും. അവ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അവരില്‍ സ്വാധീനമായി തന്നെ നിലനില്‍ക്കും. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് അവരില്‍ ആത്മവിശ്വാസവും ധൈര്യവും ശുഭാപ്തി വിശ്വാസവും നിറയ്ക്കുന്ന തരത്തിലുള്ള പരിശീലനമാകണം നല്‍കേണ്ടത്. എന്നാല്‍ ശാസനയും നിര്‍ബന്ധപൂര്‍വമുള്ള അച്ചടക്ക പരിശീലനവുമാണ് കുട്ടിയെ നേര്‍വഴിക്കു നയിക്കുന്നതെന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും കരുതുന്നത്.

  
Kerala, Article, Parents, Top-Headlines, Children, Failed, Examination, Parents need to instill optimism in their children.



ശാസനയും അച്ചടക്കവുമൊക്കെ ആവശ്യംതന്നെ. എന്നാല്‍ ഇവയൊക്കെ ശരിയായ സമയത്ത് ശരിയായ രീതിയില്‍ പ്രയോഗിക്കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല. ഉദ്ദേശ ശുദ്ധിയോടെ നാം നടത്തുന്ന പല പ്രവൃത്തികളും ഫലത്തില്‍ കുട്ടിയുടെ ബോധത്തില്‍ വിപരീത ഫലമാകും സൃഷ്ടിക്കുക. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ കാണുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്. ഈ വിശ്വാസം പെട്ടെന്ന് ഒരുദിവസം ഉണ്ടാക്കിയെടുക്കാവുന്നതല്ല. കുട്ടിക്കാലം മുതലേ മനസില്‍ രൂപപ്പെട്ടുവരുന്ന ചിന്താശൈലി ക്രമേണ വ്യക്തിയുടെ ഉപബോധമനസില്‍ വേരുറയ്ക്കുകയും അത് അയാളുടെ ജീവിതവീക്ഷണത്തിന്റെയും സമീപന ശൈലിയുടെയും ഭാഗമാവുകയുമാണ് ചെയ്യുന്നത്.


കുട്ടിയുടെ ഓരോ പ്രവൃത്തിയോടും നാം കൈക്കൊള്ളുന്ന സമീപനം അവരുടെ മനസ്സിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. നിസ്സാര കാര്യത്തിന് ശകാരിക്കുക, ആരുടെ മുന്നില്‍വച്ചും ഇകഴ്ത്തി സംസാരിക്കുക, ഏതെങ്കിലും വിഷയത്തില്‍ മോശമാണെങ്കില്‍ കുട്ടിയുടെ മുന്നില്‍വച്ച് അത് സകലരെയും ബോധ്യപ്പെടുത്തുക, പരാജയപ്പെടുമ്പോള്‍ കളിയാക്കിയും ഇകഴ്ത്തിയും സംസാരിക്കുക, വിജയിക്കുമ്പോള്‍ വലിയ പ്രാധാന്യം കൊടുക്കാതിരിക്കുക ഇവയെല്ലാം കുട്ടികളെ ശുഭാപ്തി വിശ്വാസിയാകുന്നതില്‍നിന്ന് തടയുന്ന ഘടകങ്ങളാണ്.

ഏതു പരാജയവും വിജയത്തിന്റെ മുന്നോടിയാണ്

ഏതു പരാജയത്തില്‍നിന്നും പഠിക്കാന്‍ പാഠങ്ങളുണ്ട്. ഒരു പരാജയവും അന്തിമമല്ല. ഈ യാഥാര്‍ഥ്യം കുട്ടികളോട് ഇടപെടുമ്പോള്‍ എപ്പോഴും നമ്മുടെ മനസ്സിലുണ്ടാകണം. പെട്ടെന്ന് നിരാശരാവുകയും പെട്ടെന്ന് ശുഭാപ്തിവിശ്വാസികളാവുകയും ചെയ്യുന്ന ശീലമാണ് അവരുടേത്. അതുകൊണ്ടുതന്നെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ വിജയസോപാനങ്ങള്‍ കീഴടക്കാന്‍ അവരെ പ്രാപ്തരാക്കുന്നത് അത്ര ശ്രമകരമായ കാര്യമല്ല. അതിന് ആദ്യം അവരുടെ മനസ്സിനെ നാം തൊട്ടറിയണം. ശുഭചിന്തയുടെ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു കൊടുക്കണം.


ഒരുപക്ഷേ വലിയ പരാജയം സംഭവിച്ചാല്‍പോലും അവരുടെ ചെറിയ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പരാജയങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കണം. ഏതു പരാജയത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തനിക്കു കഴിയുമെന്നും തന്നെ കാത്തിരിക്കുന്നത് മഹാവിജയത്തിന്റെ ഭാവിയാണെന്നും തിരിച്ചറിഞ്ഞാല്‍ അവരുടെ മനസ്സ് ഏതു ദുര്‍ഘടസന്ധിയെയും അതിജീവിച്ച് വിജയത്തിന്റെ വന്‍കരകള്‍ കീഴടക്കാന്‍ സ്വയം പ്രാപ്തമാകും.


ചെറിയ തെറ്റു കാണുമ്പോള്‍ കുട്ടി ചെയ്യുന്നതെല്ലാം തെറ്റാണെന്നും ഒരബദ്ധം പറ്റിയാല്‍ പറ്റുന്നതെല്ലാം മണ്ടത്തരമാണെന്നും ഒരു തോല്‍വി പിണഞ്ഞാല്‍ തോറ്റു തോറ്റു കിടന്നാല്‍ രക്ഷപ്പെടില്ലെന്നും ആവര്‍ത്തിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ധാരാളമുണ്ട്, അത് നല്ലതിനല്ല.


വീഴ്ചകളും പരാജയങ്ങളും വിജയമാക്കി മാറ്റാനാണ് നാം കുട്ടികളെ പ്രേരിപ്പിക്കേണ്ടത്. ഓരോ വീഴ്ചയും വിജയത്തിനുള്ള ഊര്‍ജം സംഭരിക്കാനുള്ള മാധ്യമമാക്കി മാറ്റാന്‍ കഴിയണം. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് മക്കളെ ആദ്യം പഠിപ്പിക്കേണ്ടത്. കളിയാക്കലല്ല, നിരുത്സാഹപ്പെടുത്തലല്ല നമ്മളിൽ നിന്നുണ്ടാവേണ്ടത്, മറിച്ച് ഒരു കരുതലാണ്. വിജയമെന്നത് ലക്ഷ്യത്തിലേക്കുള്ള യാത്രയാണ്. പാതിവഴിയില്‍ കാലിടറിയേക്കാം. പക്ഷേ അത് പുതിയ കുതിപ്പിനുള്ള ഊര്‍ജമാവണം.


പരാജയം അന്തിമമല്ല എന്ന് മനസ്സിലുറപ്പിച്ച് ഒപ്പം ചേരുന്നവരാണ് ലക്ഷ്യത്തിലേക്ക് വഴി നടത്തുന്നത്. ലക്ഷ്യം കാണാന്‍ ചിലതിനോടെല്ലാം ഒന്നിച്ചുനിന്ന് പൊരുതേണ്ടതായി വരും. ഈ പോരാട്ട വീഥിയിലെ സംഘബലമാണ് അസാധ്യമായതിനെപ്പോലും സാധ്യമാക്കുന്നത്.


ജീവിതം ചെസ് കളി പോലെയാണ് എന്ന് കേട്ടിട്ടില്ലേ? ചെസ് കളിയില്‍ നീക്കങ്ങള്‍ മുമ്പോട്ട് മാത്രമല്ല, പിറകോട്ടുമുണ്ട്. മുമ്പോട്ട് മാത്രം മതിയെന്ന് വാശിപിടിച്ചാലോ? കളിപൂര്‍ത്തിയാക്കാന്‍ പറ്റില്ല. കയറ്റവും ഇറക്കവുമൊന്നുമല്ല, കളിയുടെ ഭാഗം മാത്രമാണ്. ‘വിജയത്തിന് ഒരു നിയമമുണ്ട്. അത് കാത്തിരിപ്പാണ്. പരാജയമെന്ന് അതിനെ വിളിക്കരുതെന്ന്’ പറഞ്ഞത് തത്വചിന്തകനായ റോബര്‍ട്ട് ഷിള്ളറാണ്.


ഒരിക്കൽ തോറ്റാൽ അത് ശാശ്വത പരാജയമാണെന്നു ചിന്തിക്കരുതെന്ന് മക്കളോട് പറയണം. ഇതുതെളിയിക്കുന്ന എത്രയോ കഥകളിൽ നിന്ന്, ചരിത്രങ്ങളിൽ നിന്ന് മക്കൾക്ക് പറഞ്ഞ് കൊടുക്കാൻ നമുക്കാകണം.


നിരവധി പരാജയങ്ങൾക്കു ശേഷമാണ് എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റായത്. ശാസ്ത്രീയകണ്ടുപിടിത്തങ്ങളുടെ ചക്രവർത്തിയായ എഡിസൻ വൈദ്യുത ബൾബിനു പറ്റിയ ഫിലമെന്റ് പദാർത്ഥം കണ്ടെത്താൻ ആയിരം തവണ തോറ്റെന്നു കഥയുണ്ട്. കണക്കിലെ ആയിരമെന്ന് കരുതേണ്ട; ഏറെത്തവണ എന്നു മനസ്സിലാക്കാം. ഒരു പരാജയവും അന്തിമമല്ല, പരാജയം മാരകമല്ല, തുടരാനുള്ള ധൈര്യമാണ് പ്രധാനം’ എന്ന് പറഞ്ഞത് വിൻസ്റ്റൻ ചർച്ചിൽ ആണ്. വിജയത്തിന് രുചി പകരുന്ന മസാല ആണ് പരാജയം എന്ന് അമേരിക്കൻ നോവലിസ്റ്റ് ട്രൂമൻ കപോട് പറഞ്ഞു. അറിയുക വീഴ്ചയിലല്ല, പരാജയത്തിലല്ല. തകരാറ് ഉണ്ടാവുന്നത്. വീണുപോയാൽ/പരാജയം രുചിച്ചാൽ ചാടിയെഴുന്നേൽക്കാത്തതിലാണ്. ഒരിക്കലും വീഴാതെ, ഏതു കുട്ടിയാണ് നടക്കാൻ പഠിച്ചിട്ടുള്ളത്!


‘നീതിമാൻ ഏഴു തവണ വീണാലും എഴുന്നേൽക്കും; ദുഷ്ടനാകട്ടെ കുഴപ്പങ്ങളിലേക്കു കാലിടറി വീഴും’ – ബൈബിളിൽ ഇത് പറയുന്നു. എക്കാലത്തെയും ഏറ്റവും മികച്ച ബാസ്കറ്റ്ബോളർ എന്നു കരുതിപ്പോരുന്ന മൈക്കൽ ജോർഡൻ പറഞ്ഞത് ‘9000 ഷോട്ടുകളെങ്കിലും ഞാൻ പാഴാക്കി. 300–ലേറെ കളികൾ തോറ്റു. ജീവിതത്തിൽ വീണ്ടും വീണ്ടും പരാജയപ്പെട്ടു. അതുകൊണ്ടാണ് എനിക്കു വിജയിക്കാനായത്.’ തെറ്റിൽനിന്ന് ഒരു പാഠവും പഠിച്ചില്ലെങ്കിൽ, അതാണ് യഥാർത്ഥ തെറ്റെന്ന് പറഞ്ഞത് ഫോർഡ് കമ്പനി മുതലാളിയായ ഹെൻറി ഫോർഡ് ആണ്.


പൊടി ശേഖരിക്കുന്ന ബാഗില്ലാത്ത വാക്വം ക്ലീനർ കണ്ടെത്താൻ 5126 മാതൃകകൾ പരീക്ഷിച്ചു പരാജയപ്പെട്ടതിനു ശേഷമാണ് ജെയിംസ് ഡൈസൻ ഒടുവിൽ വിജയിച്ചത്. തുടർന്ന് അദ്ദേഹം വ്യവസായങ്ങളും സ്ഥാപനങ്ങളും തുടങ്ങിക്കൊണ്ട് ബ്രിട്ടനിലെ ഏറ്റവും വലിയ ധനികനായി. അഭിരുചിയില്ലെന്നു പറഞ്ഞ് സതേൺ കാലിഫോർണിയയിലെ ഫിലിം സ്കൂൾ സ്റ്റീവൻ സ്പീൽബർഗിന് പ്രവേശനം നിഷേധിച്ചു. പക്ഷേ പിൽക്കാലത്ത് അദ്ദേഹം അസാമാന്യ മിഴിവോടെ സംവിധാനവും തിരക്കഥയെഴുത്തും നടത്തി. സിനിമകൾ നിർമ്മിച്ചു. ഹോളിവുഡിലെ ഇതിഹാസപുരുഷനായി വളർന്നു. അദ്ദേഹത്തിനെ ഡിസ്‌ലെക്സിയ എന്ന രോഗം വിടാതെ പിൻതുടരുന്നിരുന്നു എന്നത് വേറൊരു സത്യം.


പോളിടെക്നിക് പ്രവേശനപരീക്ഷയിൽ തോറ്റ ആൽബർട് ഐൻസ്റ്റൈനെ ഏവർക്കുമറിയാം. പക്ഷേ ആ നിലയിലല്ലെന്നു മാത്രം. നിസ്തുല ഭാവനാവിലാസവും നൂതനാശയങ്ങളും കൊണ്ട് അതിമനോഹരമായ കാർട്ടൂൺ ചിത്രങ്ങളടക്കം പലതും നിർമ്മിച്ച്, ദൃശ്യമാധ്യമരംഗത്ത് അവിശ്വസനീയ വിജയം വരിച്ചയാളാണ് വാൾട് ഡിസ്നി. ഒരു കാലത്ത് ‘ഭാവനയോ പുതിയ ആശയങ്ങളോ ഇല്ലാത്തയാൾ’ എന്നു വിലയിരുത്തി ഒരു പത്രാധിപർ അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.


പരാജയ ഭീതിയല്ല, വിജയ പ്രതീക്ഷയാവണം നമ്മെ ഭരിക്കേണ്ടത്. പ്രകൃതിയിലേക്കു നോക്കൂ. സിംഹവും കടുവയും മറ്റും മുൻകാലുകൾ മടക്കി ഇര കാണാതെ കുനിഞ്ഞു താണു പതുങ്ങിയിരുന്ന്, തക്കം വരുമ്പോൾ ഒറ്റക്കുതിപ്പിന് ഇരയുടെ മേൽ ചാടിവീണ് അതിനെ വകവരുത്തുകയാണ് ചെയ്യുന്നത്. എപ്പോഴും തലയുയർത്തി ഗർജ്ജിച്ചു നിന്നാൽ ഒരു ഇരയെയും കിട്ടില്ല എന്ന് സാരം. ജീവിതമാർഗം തന്നെ അടഞ്ഞു പോകുകയും ചെയ്യും.


ഇടയ്ക്കൊന്നു താണു കൊടുക്കാനുള്ള മനസ് പല വിജയങ്ങൾക്കും വഴി നൽകുമെന്ന് മക്കൾക്ക് പറഞ്ഞ് കൊടുക്കുക മാത്രമല്ല, കാണിച്ചു കൊടുക്കാനും നമുക്കായാൽ ശുഭപ്രതീക്ഷയുള്ള, ശുഭചിന്തകളാൽ സമൃദ്ധമായ, നല്ല നാളെയെ നയിക്കാൻ പ്രാപ്തി നേടിയ മക്കളായി നമ്മളുടെ മക്കൾ മാറും.

Keywords: Kerala, Article, Parents, Top-Headlines, Children, Failed, Examination, Parents need to instill optimism in their children.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?