ഓടിച്ചു നോക്കാനെന്ന് പറഞ്ഞ് വില്‍ക്കാന്‍വച്ച ബൈകുമായി മുങ്ങി; ചെന്നൈ സ്വദേശിയുടെ പരാതിയില്‍ മലയാളി യുവാവ് അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 26.08.2021) ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന തന്റെ മോടോര്‍ ബൈകുമായി മുങ്ങിയെന്ന ചെന്നൈ സ്വദേശിയുടെ പരാതിയില്‍ മലയാളി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാല്‍ (29) ആണ് അറസ്റ്റിലായത്. 39 കാരനായ ചൂലൈമേട് സ്വദേശി വിക്ടര്‍ ആണ് പരാതി നല്‍കിയത്.
മാന്യമായി വേഷം ധരിച്ചു മികച്ച വൈദഗ്ധ്യത്തോടെ ഇന്‍ഗ്ലിഷും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ സംശയിച്ചിരുന്നില്ലെന്നും താന്‍ കഴിഞ്ഞ ദിവസം ഒ എല്‍ എക്‌സില്‍ വില്‍ക്കാന്‍വച്ച ബൈക് വാങ്ങാനായി എത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജേന കടത്തുകയായിരുന്നുവെന്നുമാണ് പരാതി.
പരാതിയെ തുടര്‍ന്ന് അമിഞ്ഞിക്കരൈ പൊലീസ് കേസെടുക്കുകയും പ്രതിയുടെ ഫോണിന്റെ സിഗ്‌നല്‍ പിന്തുടര്‍ന്ന് നോളമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ലോഡ്ജിനു മുന്നില്‍ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയില്‍ മോഷ്ടിച്ച ബൈകും പൊലീസ് കണ്ടെടുത്തു. ബൈക് ചെന്നൈയില്‍ വിറ്റ ശേഷം പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ പക്കല്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനടികെറ്റും കണ്ടെടുത്തിട്ടുണ്ട്.
എം സി എ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഓടോയില്‍ യാത്ര ചെയ്ത ഇയാള്‍ ഓടോ ഡ്രൈവര്‍ക്ക് 1500 രൂപയോളം നല്‍കാനുണ്ടെന്നും തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതി കര്‍ണാടകയിലും സമാന തട്ടിപ്പു നടത്തിയെന്ന വിവരവും ലഭിച്ചതായി പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment