ട്വിറ്റര്‍ നോഡല്‍ ഓഫീസറായി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്തിനെ നിയമിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 08.08.2021) ട്വിറ്ററിന്റെ ഇന്‍ഡ്യ നോഡല്‍ ഓഫിസറായി കൊച്ചി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്ത് നിയമിതനായി. ഇന്‍ഡ്യന്‍ പൗരനായ വ്യക്തിയെ സര്‍കാര്‍ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന ഉത്തരവ് പ്രകാരമാണ് പുതിയ നിയമനം. പുതിയ ഐടി ഇന്റര്‍മീഡിയറി ചട്ടമനുസരിച്ച് നോഡല്‍ ഓഫിസറെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഡെല്‍ഹി ഹൈകോടതിയില്‍ ഏറെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനം.
ഉള്ളടക്കം സംബന്ധിച്ച് നിയമ ഏജന്‍സികളുടെ അന്വേഷണത്തിലും മറ്റും മറുപടി നല്‍കേണ്ടതും നോഡല്‍ ഓഫിസറാണ്. നിയമനം വൈകിയത് കോടതി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഷാഹിനെ നിയമിച്ചതായി ട്വിറ്റര്‍ കോടതിയില്‍ അറിയിച്ചത്. നോഡല്‍ ഓഫിസറെ നിയമിക്കാത്തതുകൊണ്ട് ട്വിറ്റര്‍ ഐടി ചട്ടം പൂര്‍ണമായി പാലിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുകയും, ട്വിറ്ററിന് വേണ്ടി വിശദീകരണവും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ ദൗത്യം.
ടിക് ടോക് വികസിപ്പിച്ച ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നോഡല്‍ ആന്‍ഡ് ഗ്രീവന്‍സ് ഓഫിസറായിരുന്നു ഷാഹിന്‍. മുന്‍പ് വോഡഫോണില്‍ നോഡല്‍ ആന്‍ഡ് റഗുലേറ്ററി ഓഫിസറായിരുന്നു. കേരള ഹൈകോടതിയിലെ അഭിഭാഷകനായ മജ്നു കോമത്തിന്റെ മകനാണ് ഷാഹിന്‍ കോമത്ത്.
സര്‍കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, കേള്‍ക്കാനുമാണ് തദ്ദേശീയനായ ഒരു ഓഫീസറെ വയ്ക്കാന്‍ ഐടി ഇന്റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. ഇത് പാലിക്കാത്തതിന് ഏറെ വിമര്‍ശനം കേട്ട സോഷ്യല്‍ മീഡിയ നെറ്റ് വര്‍കാണ് ട്വിറ്റര്‍.
Powered by Info News For You

Comments
Post a Comment