സ്വാതന്ത്ര്യ ദിനം നമ്മെ ഓർമപ്പെടുത്തുന്നത്

മുഹമ്മദ് മൊഗ്രാൽ

(www.kvartha.com 15.08.2021)
മാറ്റങ്ങളുടെയും പരിവർത്തനങ്ങളുടെയും ഒരു പുതിയ ദിശയിലേക്ക് ലോകം കാലെടുത്തു വെക്കുമ്പോഴുള്ള പ്രതിഭാസങ്ങളുടെ പ്രതിധ്വനികൾ തന്നെയാണ് നമുക്കു ചുറ്റും മുഴങ്ങിക്കേൾക്കുന്നത് എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. പ്രതിസന്ധികളും പ്രയാസങ്ങളും ഇരുൾ പരത്തുമ്പോഴും പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും പൊൻകിരണങ്ങൾ ചില കോണുകളിലെങ്കിലും കാണാൻ സാധിക്കുന്നു എന്നത് ശുഭകരം തന്നെയാണ്. നന്മകൾ വറ്റിയിട്ടില്ലാത്ത, ഇച്ഛാശക്തി കൈമോശം വന്നു പോയിട്ടില്ലാത്ത നല്ലൊരു വിഭാഗം നിലനിൽക്കുന്നു എന്നത് നമുക്ക് കരുത്തേകുന്നു. നല്ലൊരു നാളെയെ വിശാലമായ അർത്ഥത്തിൽ (Wide Canvas) സ്വപ്നം കാണാൻ അത് നമ്മെ പ്രചോദിതരാക്കുന്നു.

  
Kerala, India, Independence-Day-2021, Top-Headlines, Freedom, Article, Independence Day Reminds us.



നമ്മുടെ രാജ്യം എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം നൂറ്റാണ്ടുകളുടെ ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികളെക്കാൾ കൂടുതൽ, ജീവിതാനുഭവങ്ങളുടെ കനൽ പഥങ്ങളിലൂടെ കടന്നുവന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. വിധി എഴുത്തുകളും വിചാരണകളും ഒരുപാട് കടന്നു പോയിട്ടും പരിഹാരങ്ങൾ അകന്നു പോയിക്കൊണ്ടേയിരിക്കുന്നു. കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും അത് തിരിച്ചറിയാനോ അപാകതകൾ തിരുത്താനോ തയ്യാറാവാത്തതിന്റെ ദുരന്തങ്ങളല്ലേ ഈ കാണുന്നതൊക്കെ?

ഒരു മിശിഹായെ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കാൻ വകയില്ലെങ്കിലും നമ്മിൽ ഒളിഞ്ഞു കിടക്കുന്ന ആത്മ വിശ്വാസവും പ്രതിബദ്ധതയും കൈമുതലായിക്കൊണ്ട് സുസ്ഥിരവും നിലവാരമുള്ളതും തനിമയാർന്നതുമായ സ്വയം പര്യാപ്തരായ ഒരു സാമൂഹിക നിർമിതിക്ക്‌ വേണ്ടി നില കൊള്ളാൻ നമുക്ക് സാധിക്കില്ലേ. ഏതൊരു പരിവർത്തനത്തെയും അതിന്റെ യഥാർത്ഥ സ്പിരിറ്റിൽ ഉൾകൊള്ളാതെ എല്ലാം ഒരു പ്രത്യേക കോണിലൂടെ കണ്ട് ശീലിച്ച നമുക്ക് ഒരു വേള ഒഴുക്കിനെതിരെ നീന്താൻ കുറച്ചു പ്രയാസപ്പെട്ടേക്കാമെങ്കിലും, നമ്മുടെ ചിന്തകളെ തേച്ചു മിനുക്കിയെടുത്താൽ നമ്മെയും
കാത്തിരിക്കുന്നത് അത്ഭുതങ്ങളായിരിക്കും.


കാലാനുസൃതമായ മാറ്റങ്ങളോട് അവസരോചിതമായി സംവദിക്കാനോ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനോ സാധിക്കാതെ അസഹിഷ്ണുതയും സ്വാർത്ഥതയും വെച്ച് കൊണ്ട് നാം ഇനിയും സമയം കളഞ്ഞു കുളിച്ചാൽ നാം നമ്മോടും വരും തലമുറകളോടും കാണിക്കുന്ന അപരാധം തന്നെയായിരിക്കും അത്. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ ഇനി വരാൻ പോകുന്ന വിത്യസ്ത തലങ്ങളിലുള്ള പരിവർത്തനങ്ങളുടെ വേഗതയും തീവ്രതയും അതിശയകരമായിരിക്കും എന്നാണ് പഠനങ്ങളും വാർത്തകളും നമ്മെ ബോധ്യപ്പെടുത്തുന്നത്. സമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രയാണത്തിൽ പുറം തിരിഞ്ഞു നിൽക്കാൻ നമുക്കാവില്ല...


വ്യവസ്ഥിതിയോട് ഏറ്റുമുട്ടിക്കൊണ്ട് മാത്രമേ വിപ്ലവം സാധ്യമാകൂ. അങ്ങിനെയാണ് ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയത്. കീഴടങ്ങലും ഒത്തുതീർപ്പും കൊണ്ട് യഥാർഥ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പറ്റില്ല.


വിവരങ്ങളുടെ കൂമ്പാരങ്ങൾക്ക് മേൽ തപസ്സിരിക്കുന്ന നാം വിവര ദോഷങ്ങൾ വിളമ്പുന്നതിൽ എത്രമാത്രം സമർത്ഥരാണ് എന്നതിന് സമകാലീന സംഭവങ്ങൾ തന്നെ ധാരാളം. മൊട്ട് സൂചി മുതൽ ഗോളാന്തരങ്ങളിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ, അവിടെയും ഈ കൊച്ചു ഭൂമിയിലും സ്ഥിര താമസത്തിനുള്ള റിസോർട്ടുകൾ, സ്മാർട്ട്‌ സിറ്റികൾ, അംബര ചുംബികളായ നിർമിതികൾ, ബുള്ളറ്റ് ട്രെയിനുകൾ എന്ന് വേണ്ട കണ്ണ് മിഴിച്ച് തുറക്കുന്നതിനിടയിൽ താൻ ഇച്ഛിക്കുന്നതെന്തും മുമ്പിലെത്താനുള്ള സകല സാങ്കേതിക വിദ്യകളും, ഒരു വേള ഈ ഭൂമിയെ തന്നെ ഏതാനും സെക്കന്റുകൾ കൊണ്ട് ചുട്ട് ചാമ്പലാക്കാൻ കെല്പുള്ള ആയുധങ്ങളും വരെ കൈവശമുള്ള നാം, പല സന്ദർഭങ്ങളിലും കാണിച്ചു്കൊണ്ടിരിക്കുന്ന വിരോധാഭാസങ്ങളുടെ കണക്കെടുത്താൽ പട്ടികയുടെ നീളം തന്നെ നമ്മെ അത്ഭുദ്ധപ്പെടുത്തും.


അത്രക്കും കരുത്താനാണെന്ന് അഭിമാനിക്കുമ്പോഴും നാം എത്രമാത്രം ദുർബലരും കഴിവ് കെട്ടവരും ആണെന്ന് പലപ്പോഴും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. വിവരങ്ങളെക്കാൾ വിവേകമാണ് വലുത് എന്ന് നാം തിരിച്ചറിയാതെ പോകുന്നു. ഒരു മഹാ പ്രതിസന്ധിയെ തരണം ചെയ്യാൻ പരിശീലിച്ചു കൊണ്ടിരിക്കുന്ന നാം ഇനിയും പല കാര്യങ്ങളും തിരിച്ചറിയപ്പെടാതെ പോകുന്നില്ലേ എന്ന് സ്വഭാവികമായും
ചിന്തിക്കേണ്ടിയിരിക്കുന്നു.


നമ്മുടെ ദൈനംദിന ജീവിതം ഇത്രയേറെ ദുസ്സഹമായിട്ടും അതിൽ നിന്നും കരകയറാനുള്ള പോം വഴികളെക്കുറിച്ച് ചിന്തിക്കാനോ ബദൽ സംവിധാനങ്ങൾ ക്രമീകരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചർച്ച ചെയ്യാനോ താഴെ തട്ടിൽ നിന്ന് തന്നെ ഒരു സംഘടിത ശക്തിയായി പോരാടാനോ നാം ഇനിയും തയ്യാറായില്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കായിരിക്കും അത് നമ്മെ കൊണ്ടെത്തിക്കുക.


തൊഴിലില്ലായ്‌മയും വിലക്കയറ്റവും മൂലം ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ നിലവിളി നമ്മെ ഇനിയും അലോസരപ്പെടുത്തുന്നില്ലെങ്കിൽ ഒരു പരിഷ്ക്രത സമൂഹം എന്നഭിമാനിക്കാൻ നാം അർഹരാണോ?. അനീതിക്കും ആരാജകത്വത്തിനും അക്രമത്തിനും അസഹിഷ്ണുതക്കും അസമത്വത്തിനും എതിരെ ക്രിയാത്മകമായി പ്രതികരിക്കേണ്ടത് ഏതാനും ചില സംഘടനകളുടെയോ അതിൽ തന്നെ വിരലിലെണ്ണാവുന്ന കുറച്ചു പേരുടെയോ മാത്രം കടമയാണെന്ന പോലെ ബഹുഭൂരിപക്ഷവും ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന മട്ടിൽ വളരെ നിസ്സംഗതയോടെ മാറി നിൽക്കുന്നത് എത്രമാത്രം ഖേദകരമാണ്.


ജീവതത്തിന്റെ സമസ്ത മേഖലകളും കുത്തകകൾക്ക് തീറെഴുതി കൊടുത്ത് കൊണ്ട് അർഹത ഇല്ലാത്തവൻ അതിജീവിക്കേണ്ടതില്ല എന്ന കാഹളം മുഴക്കി ജനാധിപത്യത്തെയും നീതിന്യായ സംവിധാനത്തെയും നോക്ക് കുത്തിയാക്കി തേരോട്ടം നടത്തുന്നവരെ നിലക്ക് നിർത്താൻ ഇനിയും സമയമായില്ല എന്നാണോ നാം ഇപ്പോഴും വിശ്വസിക്കുന്നത്.


പെട്രോൾ വില നൂറല്ല ഇനി ആയിരം കടന്നാലും ഇവിടെ ഇതൊക്കെതന്നെ നടക്കൂ. ഈ അടുത്താണ് കിറ്റ് കാറ്റ്, മാഗി പോലെയുള്ള നൂറുക്കണക്കിന് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന നെസ്‌ലെ എന്ന ബഹുരാഷ്ട്ര കമ്പനി തങ്ങളുടെ മിക്ക ഉത്പന്നങ്ങളും യഥാർത്ഥ നിലവാരത്തിലുള്ളതല്ല എന്ന് സ്വയം
വെളിപ്പെടുത്തിയത്. ഇതറിഞ്ഞിട്ടും നമുക്കെന്തെങ്കിലും പുതുതായി ഒന്നും തോന്നിയതോ നമ്മെ സ്പർശിച്ചതോ ഇല്ല. നമുക്ക് നമ്മോട് തന്നെ ഒരു പ്രതിബദ്ധതയോ തിരിച്ചറിവോ ഇല്ലാതായാൽ നാം എങ്ങിനെ സ്വയം ശാക്തീകരിക്കും?. വല്ലപ്പോഴും ലഭിക്കുന്ന നക്കാപിച്ചകളിൽ സംതൃപ്തിയടഞ്ഞു ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ടവരായി നാം മാറിപ്പോയതെന്തേ?. സാമ്രാജ്യ ശക്തികളിലെ ഒന്നാമൻ ആരായിരക്കണം എന്ന മത്സരത്തിലെ വെറും ഒരു കരു ആകാനുള്ളതാണോ നമ്മുടെ വിലപ്പെട്ട ജീവൻ?


ഗാന്ധിജിയുടെ വാക്ക് കടമെടുത്തു പറഞ്ഞാൽ ഇന്ത്യ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട അധികാര വികേന്ദ്രീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യം പോലും മതിയായ അളവിൽ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇനിയും എത്തിയിട്ടില്ല എന്നത് യാഥാർഥ്യമാണ്. സർവ്വാധിപത്യ സംഹാരിയായി മുകളിൽ നിന്നുള്ള അടിച്ചേല്പിക്കലുകൾ സഹിച്ചു കൊണ്ട് ഈ ദുരിതങ്ങൾ നാം ഇനിയും എത്ര കാലം അതിജീവിക്കും?.


വളർച്ച, വികസനം എന്നൊക്കെ വിശേഷിപ്പിക്കേണ്ടത് അത് താഴെ നിന്നും മുകളിലോട്ട് പുരോഗമിക്കുമ്പോഴും അസമത്വം തുടച്ച് നീക്കുമ്പോഴും തുല്യനീതിയും നിയമ വാഴ്ചയും തടസ്സമില്ലാതെ നില നിൽക്കുമ്പോഴുമാണ്. 'Digital India, Make in India, 5 Trillion Economy' എന്നൊക്കെ വിളിച്ചു കൂവി വെറുതെ നാണം കെടാമെന്നല്ലാതെ വേറെന്ത് കാര്യം. വിദേശത്ത് ജോലി ചെയ്യുമ്പോൾ അന്യ രാജ്യക്കാരോട് 'ഞങ്ങളുടെ രാജ്യം ഇതൊക്കെയാണ് ഭായ്' എന്ന് വെറുതെ പുളുവടിക്കാം. അത്രക്കും തനിക്കാക്കി ബെടക്കാക്കിയിട്ടുണ്ട് നമ്മൾ ഈ രാജ്യത്തിനെ.


കണ്ണും കാതും നഷ്ടപ്പെട്ടിട്ടില്ലാത്ത തലച്ചോറുകൾക്ക് തിമിരം ബാധിക്കാത്ത ചിലരെങ്കിലും ഈ ലോകത്ത് ഇനിയും അവശേഷിക്കുന്നുണ്ട് എന്നോർക്കുമ്പോൾ അല്പം ആശ്വാസം. മഹാമാരിയുടെ കുത്തൊഴുക്കിൽ എല്ലാം നഷ്ടപ്പെട്ട് ഒലിച്ചു പോകുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും കയ്യിൽ കിട്ടുന്നവൻ ഭാഗ്യവാൻ. ഈ ചിന്തകളാണ് സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്കൊപ്പം ഉയരേണ്ടത്.

Keywords: Kerala, India, Independence-Day-2021, Top-Headlines, Freedom, Article, Independence Day Reminds us.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?