300 കോടി രൂപയുടെ തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെയും അമ്മയുടെയും പേരിലുള്ളത് 1.38 കോടി രൂപയുടെ ബിനാമി വായ്പകള്‍; സംഭവം ശ്രദ്ധയില്‍പെട്ടത് സഹകരണ ഓഡിറ്റ് സംഘത്തിന്റെ പരിശോധനയില്‍
തൃശൂര്‍: (www.kvartha.com 22.08.2021) 300 കോടി രൂപയുടെ തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെയും അമ്മയുടെയും പേരില്‍ 1.38 കോടി രൂപയുടെ ബിനാമി വായ്പകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. സഹകരണ ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇരിങ്ങാലക്കുട മാപ്രാണത്തെ ഡിവൈഎഫ്‌ഐ മേഖലാ നേതാവിന്റെ പേരില്‍ 68.91 ലക്ഷം രൂപയുടെ വായ്പാ കുടിശികയും ഇദ്ദേഹത്തിന്റെ അമ്മയായ സിപിഎം ലോകെല്‍ കമിറ്റി അംഗത്തിന്റെ പേരില്‍ 69.74 ലക്ഷം രൂപയുടെ ബാധ്യതയുമാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍.
രണ്ടുപേര്‍ക്കും വായ്പകള്‍ അനുവദിച്ചിട്ടുള്ളത് ചട്ടം ലംഘിച്ചാണെന്നും സഹകരണ ഓഡിറ്റ് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. ഓഡിറ്റ് പരിശോധനയില്‍ ഡിവൈഎഫ്‌ഐ മേഖല നേതാവിന്റെയും അമ്മയുടെയും പേരടക്കം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ബാങ്കിന്റെ മുന്‍ സെക്രടെറിയും സിപിഎം ലോകെല്‍ കമിറ്റി അംഗവും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ആളുമായ ബിജു കരീം വഴിക്കാണു ഡിവൈഎഫ്‌ഐ നേതാവും അമ്മയും 68 ലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തിയത്.
സഹകരണ ചട്ടപ്രകാരം ഒരാള്‍ക്കു വായ്പയായി നല്‍കാവുന്ന പരമാവധി തുക 50 ലക്ഷമാണ്. എന്നാല്‍ ഒരേവീട്ടിലുള്ള രണ്ടു പേര്‍ക്കും മതിപ്പുവിലയ്ക്കനുസരിച്ചുള്ള ഈടോ ഭൂരേഖകളോ ഇല്ലാതെ 68 ലക്ഷം വീതം വായ്പ അനുവദിച്ചു. സംഘടനയിലെ അംഗങ്ങളില്‍ ചിലര്‍ ഇക്കാര്യം പാര്‍ടിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും നിശബ്ദത പാലിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചത്.
ബാങ്ക് തട്ടിപ്പില്‍ സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ചു വ്യക്തമായ ധാരണ മുന്‍പേയുള്ളതിനാലാണ് ഡിവൈഎഫ്‌ഐ ഇക്കാര്യത്തില്‍ മൗനം തുടരുന്നതെന്ന ആക്ഷേപം പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചും ഇതില്‍ സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ചും ഡിവൈഎഫ്‌ഐയുടെ പ്രാദേശിക കമിറ്റികളില്‍ മൂന്നു വര്‍ഷം മുന്‍പു ചര്‍ച്ചകള്‍ നടന്നിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ നേതാക്കള്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ പ്രവര്‍ത്തകര്‍ മൗനംപാലിക്കാന്‍ നിര്‍ബന്ധിതരായെന്നും ആക്ഷപമുണ്ട്.
Keywords: 1.38 crore Binami Loan For DYFI leader and mother at Karuvannur Bank, Thrissur, News, Local News, Police, Custody, Dead Body, Kerala.
Powered by Info News For You

Comments
Post a Comment