അവസാനം അപ്രതീക്ഷിത ട്വിസ്റ്റ്; 2 വര്‍ഷത്തേക്ക് കരാര്‍ ഉറപ്പിച്ചു; പോര്‍ചുഗല്‍ സൂപെര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍
മാഞ്ചെസ്റ്റര്‍: (www.kvartha.com 28.08.2021) പോര്‍ചുഗല്‍ സൂപെര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഇന്‍ഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. റൊണാള്‍ഡോ ക്ലബിലേക്ക് എത്തുന്ന കാര്യം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ക്ലബ്, യുവന്റസുമായി ധാരണയിലെത്തിയെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കി.
36കാരനായ ക്രിസ്റ്റ്യാനോ 2 വര്‍ഷത്തേക്കാണ് തന്റെ മുന്‍ ക്ലബുമായി കരാറിലെത്തിയത്. ലിസ്ബണില്‍ താരത്തിന്റെ മെഡികല്‍ പരിശോധന നടത്തും. 'വീട്ടിലേക്കു സ്വാഗത'മെന്ന ട്വീറ്റിലൂടെയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ വരവ് ആരാധകരെ അറിയിച്ചത്.
ക്രിസ്റ്റ്യാനോ യുവെന്റസ് വിടുമെന്ന് ഉറപ്പായത് മുതല്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. സിറ്റി താരത്തിനായുള്ള ശ്രമം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് അധികം വൈകും മുന്‍പാണ് യുണൈറ്റഡ് രംഗത്തിറങ്ങിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്രിസ്റ്റ്യാനോ യുണൈറ്റഡിലേക്കു മടങ്ങിയെത്തുന്നത്. 18-ാം വയസില്‍ യുണൈറ്റഡിലൂടെയാണ് ക്രിസ്റ്റ്യാനോ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. യുണൈറ്റഡിനായി 292 മത്സരങ്ങളില്‍നിന്ന് 118 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
യുണൈറ്റഡ് ജഴ്‌സിയില്‍ 3 തവണ പ്രീമിയര്‍ ലീഗ് കിരീടവും ഒരു തവണ ചാംപ്യന്‍സ് ലീഗും രണ്ടു തവണ ലീഗ് കപും ഒരു തവണ എഫ് എ കപും നേടിയിട്ടുണ്ട്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലകനായിരുന്ന അക്കാലത്ത് ഫിഫ ക്ലബ് ലോകകപും കമ്യൂണിറ്റി ഷീല്‍ഡും നേടി. 2009ല്‍ യുണൈറ്റഡ് വിട്ട താരം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഭാഗമായി. അവിടെനിന്നാണ് 3 വര്‍ഷം മുന്‍പ് യുവെന്റസില്‍ എത്തിയത്.
യുവെന്റസിലെ സഹതാരങ്ങളോട് യാത്ര പറയാന്‍ റൊണാള്‍ഡോ എത്തി. ശേഷം സ്വകാര്യ വിമാനത്തില്‍ ടൂറിനില്‍ നിന്ന് മടങ്ങുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായുള്ള നീക്കം അവസാനിപ്പിച്ചതായി മാഞ്ചെസ്റ്റര്‍ സിറ്റി വെള്ളിയാഴ്ച തന്നെ അറിയിച്ചിരുന്നു. യുവന്റസിന് ട്രാന്‍സ്ഫര്‍ തുക നല്‍കാനാകില്ലെന്ന് മാഞ്ചെസ്റ്റര്‍ സിറ്റി അറിയിച്ചു. 130 കോടിയാണ് യുവന്റസ് റൊണാള്‍ഡോയ്ക്കായി ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി സിറ്റി അറിയിക്കുകയായിരുന്നു. സൂപെര്‍താരം ലയണല്‍ മെസി ബാര്‍സിലോന വിട്ട് ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത്.
Keywords: News, World, International, Manchester City, Manchester United, Cristiano Ronaldo, Sports, Football Player, Football, Player, Trending, Manchester United agree deal to re-sign Cristiano Ronaldo from JuventusWelcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021
Powered by Info News For You

Comments
Post a Comment