2007-08 കാലത്തെ ഇന്‍ഡ്യ-യുഎസ് ആണവ കരാര്‍: ഇടതുപാര്‍ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി വിജയ് ഗോഖലെ
ന്യൂഡെല്‍ഹി: (www.kvartha.com 03.08.2021) 2007-08 കാലത്തെ ഇന്‍ഡ്യ-യുഎസ് ആണവ കരാറില്‍ ഇന്‍ഡ്യയിലെ ഇടതുപാര്‍ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രടറി വിജയ് ഗോഖലെ. ഇന്‍ഡ്യ-യുഎസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇന്‍ഡ്യയിലെ ഇടതുപാര്‍ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്നാണ് ആരോപണം.
വിജയ് ഗോഖലെയുടെ പുതിയ പുസ്തകമായ 'ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത് ഇന്‍ഡ്യ' യിലാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാവുന്ന വെളിപ്പെടുത്തലുകള്‍. ഇന്‍ഡ്യന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈനയുടെ ആദ്യ രാഷ്ട്രീയ ഇടപെടലായിരുന്നു ഇതെന്ന് വിജയ് ഗോഖലെ പറയുന്നു. രാജ്യത്തെ പ്രധാന ഇടത് പാര്‍ടികളായ സി പി എമിനും സി പി ഐക്കും എതിരെയാണ് ആരോപണം.
കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ഇന്‍ഡ്യക്കും ചൈനയ്ക്കുമിടയിലെ പ്രധാനപ്പെട്ട ആറ് വിഷയങ്ങളെ കുറിച്ച് ഗോഖലെയുടെ പുസ്തകത്തില്‍ പറയുന്നു. ടിബെറ്റ് വിഷയം, പൊഖ്‌റാനിലെ ആണവ പരീക്ഷണം, സികിം വിഷയം, ഇന്‍ഡ്യ-യു എസ് ആണവ കരാര്‍, മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കല്‍ എന്നിവയാണ് മറ്റ് വിഷയങ്ങള്‍.
ഇന്‍ഡ്യ-യു എസ് ആണവകരാറിനെ പരാജയപ്പെടുത്താന്‍ ചൈന ഇടതുപാര്‍ടികളെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലാണ് പുസ്തകത്തിലെ ഏറ്റവും വലിയ വിവാദ വിഷയമായിരിക്കുന്നത്. ഇടതു പാര്‍ടികളുമായുള്ള അടുത്ത ബന്ധം ചൈന ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഗോഖലെ പറയുന്നു. സി പി എമിന്റെയും സി പി ഐയുടെയും ഉന്നത നേതാക്കള്‍ കൂടിക്കാഴ്ചകള്‍ക്കായും ചികിത്സക്കായും ചൈനയിലേക്ക് പോകാറുണ്ടായിരുന്നു.
മന്‍മോഹന്‍ സിങ്ങിന്റെ യു പി എ സര്‍കാരില്‍ ഇടതുകക്ഷികള്‍ക്കുണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടല്‍ നടത്തിയത്. ഇന്‍ഡ്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുള്ള ചൈനയുടെ ആദ്യ ഇടപെടലായിരുന്നു ഇത്. എന്നാല്‍, പ്രത്യക്ഷത്തില്‍ രംഗത്തുവരാതെ മറഞ്ഞിരുന്നു -ഗോഖലെ എഴുതുന്നു.
അതിര്‍ത്തി പ്രശ്‌നങ്ങളിലും മറ്റ് ഉഭയകക്ഷി വിഷയങ്ങളിലും ഇരു പാര്‍ടികളും വ്യക്തമായ ദേശീയവാദികളാണ്. എന്നാല്‍, ഇന്‍ഡ്യ-യു എസ് ആണവകരാറിനെ കുറിച്ച് ഇടതുപാര്‍ടികള്‍ക്ക് ആശങ്കയുണ്ടെന്ന് ചൈനക്ക് അറിയാമായിരുന്നുവെന്നും ഇത് ഉപയോഗിക്കുകയായിരുന്നുവെന്നും ഗോഖലെ പുസ്തകത്തില്‍ പറയുന്നു.
ആണവക്കരാറിന്റെ പേരിലാണ് 2008ല്‍ ഒന്നാം യു പി എ സര്‍കാരിന് നല്‍കിയ പിന്തുണ ഇടതുകക്ഷികള്‍ പിന്‍വലിച്ചത്. യു എസ് സാമ്രാജ്യത്വവുമായി അടിയുറച്ച തന്ത്രപരമായ കൂട്ടുകെട്ടുണ്ടാക്കാന്‍ പോകുന്ന സര്‍കാരിനെ പിന്തുണയ്ക്കാനാവില്ല എന്ന ബോധ്യത്തിന്റെ പുറത്താണ് പിന്തുണ പിന്‍വലിച്ചതെന്ന് സി പി എം വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ വകുപ്പില്‍ 2007-09 കാലത്ത് കിഴക്കനേഷ്യയുടെ ചുമതലയുള്ള ജോയിന്റ് സെക്രടറിയായിരുന്നു വിജയ് ഗോഖലെ. നയതന്ത്ര മേഖലയില്‍ 39 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് വിരമിച്ചത്. ചൈനീസ് ഭാഷയായ മന്ദാരിനില്‍ പ്രാഗത്ഭ്യമുള്ള ഗോഖലെ, 20 വര്‍ഷത്തോളം ചൈനയില്‍ കഴിഞ്ഞിട്ടുണ്ട്. എസ് ജയശങ്കര്‍ മന്ത്രിയായപ്പോള്‍ വിദേശകാര്യ സെക്രടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഗോഖലെ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.
Powered by Info News For You

Comments
Post a Comment