ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപയും; തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓണസമ്മാനം വിവാദത്തില്‍
കൊച്ചി: (www.kvartha.com 19.08.2021) എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണ സമ്മാനമായി കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ 10,000 രൂപ നല്‍കിയ നടപടി വിവാദത്തില്‍. ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ 10,000 രൂപയും നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ 18 കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്‍കി.
തൃക്കാക്കര നഗരസഭാധ്യക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പമാണ് കവറില്‍ 10,000 രൂപയും നല്‍കിയത്. അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയക്ക് ഫന്‍ഡൊന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്‌സന്‍ എങ്ങനെ പണം നല്‍കിയെന്നാണ് അംഗങ്ങളില്‍ ചിലരുടെ സംശയം.
പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗണ്‍സിലര്‍മാര്‍ ഇതിനകം പണം തിരിച്ച് നല്‍കി. 43 അംഗ കൗണ്‍സിലില്‍ 4 സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു ഡി എഫ് നഗരസഭാധ്യക്ഷ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും. നഗരസഭാധ്യക്ഷ നല്‍കിയ പണം അഴിമതിയിലൂടെ ലഭിച്ച കമീഷന്‍ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.
കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറും മുന്‍പാണ് അപ്രതീക്ഷിത സമ്മാനവുമായി നഗരസഭാധ്യക്ഷ ഞെട്ടിച്ചിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment