കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെ വെടിവെച്ചു കൊല്ലണം:- അസം മുഖ്യമന്ത്രി
ഗുവാഹതി: (www.kvartha.com 06.07.2021) കുറ്റകൃത്യങ്ങളില്‍പ്പെട്ട് കസ്റ്റഡിയിലുള്ള ക്രിമിനലുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ വെടിവെച്ചു കൊല്ലുന്ന രീതി മാതൃകയാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയിലെ ഓഫിസര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ അസമിലെ പൊലീസ് രീതികള്‍ മാറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ച പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളില്‍ എത്രയും വേഗം കുറ്റപത്രം നല്‍കണം. കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത് കേസുകളിലും ഇതേ രീതി പിന്തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.
എന്നാല്‍ അസമില്‍ ഈയിടെയുണ്ടായ നിരവധി പൊലീസ് വെടിവെപ്പുകളെ ന്യായീകരിച്ചുകൊണ്ട് ക്രിമിനലുകളെ വെടിവെച്ച് കൊല്ലാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. മേയ് മാസത്തിന് ശേഷം പൊലീസ് വെടിവെപ്പില്‍ അസമില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 12 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവര്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
'പൊലീസുകാരന്റെ സര്‍വീസ് തോക്ക് തട്ടിപ്പറിച്ച് ക്രിമിനല്‍ ഓടുകയാണെങ്കില്‍ കാലില്‍ വെടിവെക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വെടിവെപ്പ് സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവാകുകയാണോ എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് നേരെ അത്തരം വെടിവെപ്പുകള്‍ ഒരു മാതൃകാ രീതിയായി സ്വീകരിക്കണമെന്ന മറുപടിയാണ് ഞാന്‍ നല്‍കുക' -മുഖ്യമന്ത്രി പറഞ്ഞു.
പിന്നീട് വിവാദമായതോടെ ഹിമന്ത വിശ്വ ശര്‍മ തന്റെ പ്രസ്താവന തിരുത്തി. മറ്റു വഴിയില്ലാതാകുമ്പോള്‍ വെടിവെക്കാമെന്നാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Powered by Info News For You

Comments
Post a Comment