കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാര്യര്‍ അന്തരിച്ചു

മലപ്പുറം: (www.kvartha.com 10.07.2021) കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ. വാര്യര്‍ അന്തരിച്ചു. നൂറ് വയസായിരുന്നു. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ല്‍ ഓള്‍ ഇന്‍ഡ്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് 'ആയുര്‍വേദ മഹര്‍ഷി' സ്ഥാനം അദ്ദേഹത്തിനു സമര്‍പിക്കുകയുണ്ടായി.

ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി അച്യുതമേനോന്‍ അവാര്‍ഡ്, കാലികെറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെ തേടിയെത്തിയ ബഹുമതികളില്‍ ചിലതുമാത്രം. കേരള ആയുര്‍വേദ മണ്ഡലം, അഖിലേന്‍ഡ്യാ ആയുര്‍വേദ കോണ്‍ഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്മൃതിപര്‍വമെന്ന പേരില്‍ രചിച്ച ആത്മകഥ സംസ്ഥാന സാഹിത്യ അകാദമി അവാര്‍ഡിന് അര്‍ഹമായി.

DR PK Warrier passed away, Malappuram, News, Health, Health and Fitness, Doctor, Dead, Obituary, Kerala

കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ ബാലചന്ദ്രന്‍ വാരിയര്‍, പരേതനായ കെ വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ വി രാമചന്ദ്രന്‍ വാരിയര്‍.

എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയില്‍ ഒതുങ്ങുന്നതല്ല പി കെ വാരിയരുടെ ജീവിതം. ആയുസിന്റെ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ കടന്നുപോകാത്ത വഴികളില്ലെന്നുതന്നെ പറയാം. യൗവനത്തില്‍ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീടതിനെ ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ലോകം വിശ്വസിക്കുന്ന മഹാ വൈദ്യനായി. കാണെക്കാണെ തിടം വച്ചുപോകുന്ന ജീവിതം. ഒരു വഴിയിലും പിന്നോട്ടു ചവിട്ടിയില്ല. ചവിട്ടിയ വഴികളിലൊന്നും മറ്റൊരു കാല്‍പാടും ഒപ്പത്തിനെത്തിയുമില്ല.

1921ല്‍ തലപ്പണത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി കെ വാരിയരുടെ ജനനം. ഇടവമാസത്തിലെ കാര്‍ത്തിക നക്ഷത്രം (ഇത്തവണ ജൂണ്‍ 8).

ഉഷ്ണവീര്യവും ശീതവീര്യവും തരാതരംപോലെ ചേര്‍ന്ന മരുന്നുകൂട്ടു പോലെയായിരുന്നു ആ ജീവിതയാത്ര. യൗവനത്തില്‍ രാഷ്ട്രീയത്തിന്റെ ഉഷ്ണവീര്യം കൊണ്ടു ചുവന്നു. ബോധ്യങ്ങളും മനസുമുറച്ചപ്പോള്‍ പുലരിയിലെ മഞ്ഞുകണം പോലെ തണുത്തു. എഞ്ചിനീയറാകാന്‍ മോഹമുണ്ടായിട്ടും കുടുംബപാരമ്പര്യം നയിച്ചത് വൈദ്യപഠനത്തിലേക്കാണ്. വലിയമ്മാവന്‍ വൈദ്യരത്‌നം പി എസ് വാരിയരില്‍ നിന്നു തുടങ്ങിയ ആയുര്‍വേദ പാതയിലൂടെയുള്ള നടത്തം പക്ഷേ, അധികം നീണ്ടില്ല.

1942 ല്‍ ക്വിറ്റ് ഇന്‍ഡ്യാ സമരാവേശത്തില്‍ പഠനമുപേക്ഷിച്ചു. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു പിന്നീട് കുറെക്കാലം. ഒളിവിലുള്ള നേതാക്കള്‍ക്കു രഹസ്യസന്ദേശമെത്തിക്കലും ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന പണി. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാക്കളെയെല്ലാം പരിചയപ്പെടുന്നതും ഹൃദയബന്ധം സ്ഥാപിക്കുന്നതും ഇക്കാലത്താണ്.

സജീവ രാഷ്ട്രീയമല്ല ജീവിതവഴിയെന്നു തിരിച്ചറിഞ്ഞ പി കെ വാരിയര്‍ അമ്മാവന്റെ വഴിയിലേക്കു തന്നെ തനിയേ തിരിച്ചുവന്നു. വൈദ്യപഠനം പുനരാരംഭിച്ചു. പഠനം പൂര്‍ത്തിയാക്കും മുന്‍പ് ഇരുപത്തിനാലാം വയസ്സില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ട്രസ്റ്റീ ബോര്‍ഡില്‍ അംഗമായി.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല എന്ന നീല ബോര്‍ഡിന് ഇന്നു രാജ്യം മുഴുവന്‍ ബ്രാഞ്ചുകളുണ്ടെങ്കില്‍ അതിനെ വളര്‍ത്തി വലുതാക്കിയ വിശ്വാസ്യതയ്ക്കും വൈഭവത്തിനും ഒറ്റ ബ്രാഞ്ചേ ഉണ്ടായിരുന്നുള്ളൂ: പി കെ വാരിയര്‍. 1947ല്‍ 'അടുക്കള' എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി കെ വാരിയര്‍ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഡിഎ ഉള്‍പെടെ 112.50 രൂപയായിരുന്നു മാസ ശമ്പളം. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠന്‍ പി എം വാരിയര്‍ വിമാന അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് 1953ല്‍ പി കെ വാരിയര്‍ക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്നു.

നേതൃത്വം ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ ഒമ്പതു ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാര്‍ഷിക വരുമാനമെങ്കില്‍ ഇന്നത് 400 കോടി രൂപയ്ക്കു മുകളിലായി. രണ്ടായിരത്തിലധികം പേര്‍ നേരിട്ടു ജോലി നോക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകള്‍, പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലധികം രോഗികള്‍ക്കു സൗഖ്യമേകുന്ന ആതുരസേവനം. എന്തിന്, മരുന്നില്‍ ചേര്‍ക്കാന്‍ മാത്രം പ്രതിമാസം രണ്ടു കിലോ സ്വര്‍ണം ആവശ്യമുള്ളത്ര പൊന്നാക്കി ആര്യവൈദ്യശാലയെ അദ്ദേഹം മാറ്റിയെടുത്തു.

ധര്‍മാശുപത്രിയിലെ അലോപ്പതി ശാഖ, റിസര്‍ച് വാര്‍ഡ്, ഔഷധത്തോട്ടം, ആയുര്‍വേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. 1953 മുതല്‍ നാളിതുവരെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സാരഥ്യം പി കെ വാരിയര്‍ക്കാണ്. ഇന്‍ഡ്യയില്‍ തന്നെ ഇത്രയുംകാലം ഒരു സ്ഥാപനത്തിന്റെ മേധാവിയായിരുന്നയാള്‍ അപൂര്‍വമായിരിക്കും.

Keywords: DR PK Warrier passed away, Malappuram, News, Health, Health and Fitness, Doctor, Dead, Obituary, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?