ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനിടെ മൈക് ഓണായത് ശ്രദ്ധിക്കാതെ കോടതിമുറിയിലെ ആള്‍കൂട്ടത്തേക്കുറിച്ച് പരിഹസിച്ചു; പരാമര്‍ശത്തില്‍ അഭിഭാഷകന്‍ ക്ഷമാപണം നടത്തിയെങ്കിലും രൂക്ഷമായി ശാസിച്ച് കോടതി
മുംബൈ: (www.kvartha.com 27.07.2021) കോടതിയെ പഴി പറഞ്ഞ അഭിഭാഷകന് ശാസന. വീഡിയോ കോണ്‍ഫറന്‍സില്‍ മൈക് ഓണായത് ശ്രദ്ധിക്കാതെ കോടതിയെ കുറ്റം പറഞ്ഞ അഭിഭാഷകനെയാണ് ബോംബെ ഹൈകോടതി ശാസിച്ചത്. കോടതിമുറിയിലെ ആള്‍കൂട്ടത്തെ പരിഹസിക്കുന്നതായിരുന്നു അഭിഭാഷകന്റെ മറാത്തിയിലുള്ള പ്രസ്താവന. തിങ്കളാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ഇടയിലാണ് സംഭവം.
കോവിഡ് പശ്ചാത്തലത്തില്‍ കോടതി വ്യവഹാരങ്ങള്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെയാണ് നടക്കുന്നത്. കോടതിയുടെ നടത്തിപ്പ് തടസം കൂടാതെ മുന്നോട്ട് പോകാന്‍ ആവശ്യമായ ജീവനക്കാര്‍ മാത്രമാണ് ഈ സമയം കോടതിയില്‍ എത്താറുള്ളത്. ഇവര്‍ക്ക് തന്നെയും കോടതിമുറിയില്‍ കയറുന്നതിന് പ്രത്യേക അനുമതിയും ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു അഭിഭാഷകന്‍ കോടതിമുറിയിലെ ആള്‍കൂട്ടത്തേക്കുറിച്ച് പരിഹസിച്ച് സംസാരിച്ചത്.
അഭിഭാഷകന്‍ ഈ പ്രസ്താവന നടത്തുന്ന സമയത്ത് പബ്ലിക് പ്രോസിക്യൂടര്‍മാര്‍, പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ പിന്നെ മറ്റു ചിലരും കോടതി മുറിയിലുണ്ടായിരുന്നു. അഭിഭാഷകന്റെ പരാമര്‍ശം കേട്ടയുടനേ തന്നെ ജസ്റ്റിസ് കോട്‌വാള്‍ ആരാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് കണ്ടെത്താന്‍ സഹായിയോട് ആവശ്യപ്പെട്ടു. ആരാണെന്ന് കണ്ടെത്തിയതോടെ അഭിഭാഷകന്‍ ലോഗ് ഔട് ചെയ്ത് കോണ്‍ഫറന്‍സിന് പുറത്തുപോവുകയായിരുന്നു.
ഇതോടെ വെര്‍ച്വല്‍ ഹിയറിംഗില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയ ആളെ എല്ലാവരും കാണട്ടെയെന്ന് പറഞ്ഞ് ഈ അഭിഭാഷകനോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് കോട്‌വാള്‍ നിര്‍ദേശിക്കുകയായിരുന്നു. പുറത്ത് പോയതിന് ശേഷം വീണ്ടും വെര്‍ച്വല്‍ ഹിയറിംഗില്‍ എത്തിയ ഉടന്‍ തന്നെ അഭിഭാഷകന്‍ ക്ഷമാപണം നടത്തി. എന്നാല്‍ അഭിഭാഷകന്റെ ക്ഷമാപണം സ്വീകരിക്കാതിരുന്ന കോടതി അഭിഭാഷകനെ രൂക്ഷമായി ശാസിക്കുകയായിരുന്നു.
മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും കോടതിയെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും അഭിഭാഷകനോട് കോടതി വ്യക്തമാക്കി. പിന്നാലെ വെര്‍ച്വല്‍ കോടതിയില്‍ നിന്ന് ജസ്റ്റിസ് കോട്‌വാള്‍ അഭിഭാഷകനെ പുറത്താക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment