മദ്രാസ് ഐഐടി ക്യാംപസില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് സ്ഥിരീകരണം
ചെന്നൈ: (www.kvartha.com 02.07.2021) മദ്രാസ് ഐ ഐ ടി ക്യാംപസില്‍ വ്യാഴാഴ്ച രാത്രി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനുമായ ആര്‍ രഘുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ആണ് മരിച്ചത്. ഐ ഐ ടിയിലെ പ്രോജക്ട് കോ ഓഡിനേറ്ററായിരുന്നു ഇദ്ദേഹം.
ഉണ്ണികൃഷ്ണന്റെ താമസ സ്ഥലത്തുനിന്ന് 11 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണു കത്തിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ബിടെക് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണന്‍ ഐഐടിയില്‍ പ്രോജക്ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയില്‍ പ്രവേശിച്ചത്.
ഹോകി സ്റ്റേഡിയത്തിനടുത്തുനിന്നാണ് എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖവും ശരീരത്തിലെ ചില ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം റോയ്‌പെട്ട് ഗവ. ആശുപത്രിയിലേക്കു മാറ്റി. ബന്ധുക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment