ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനം; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും പരാതി, ഭര്‍ത്താവും അമ്മയും ഉള്‍പെടെ നാലുപേര്‍ക്കെതിരെ കേസ്, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയില്‍
ആലുവ: (www.kvartha.com 01.07.2021) ആലങ്ങാട് ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഗാര്‍ഹിക പീഡനം, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്ന് ആലങ്ങാട് സിഐ അറിയിച്ചു.
ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റത്. അടിവയറ്റില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ഭര്‍തൃവീട്ടുക്കാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി പിതാവ് പറഞ്ഞു. തടയാനെത്തിയ യുവതിയുടെ പിതാവ് സലിമിനും മര്‍ദനമേറ്റു.
ആലുവ തുരുത്ത് സ്വദേശിയായ സലിമിന്റെ മകള്‍ നഹ്‌ലത്തിന്റെയും പറവൂര്‍ മന്നം സ്വദേശി ജൗഹറിന്റെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. കല്യാണ സമത്ത് പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നല്‍കിയത്.
പിന്നീട് വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‌ലത്തും ബന്ധുക്കളും പറയുന്നത്. സ്ത്രീധനമായി നല്‍കിയ തുക ഉള്‍പെടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കടംവീട്ടാന്‍ വീട് വില്‍ക്കുകയാണെന്നും കരാര്‍ എഴുതാനായി എത്തണമെന്നും കഴിഞ്ഞ ദിവസം ജൗഹര്‍ നഹ്‌ലത്തിന്റെ പിതാവ് സലിമിനെ അറിയിച്ചു.
ഇതനുസരിച്ച് എത്തിയ സലിമിനെ ഒഴിവാക്കി പുറത്തു പോയ ജൗഹറും മാതാവും സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചക്ക് ശേഷം തിരികെ എത്തി. കരാറെഴിതിയെന്നും മടങ്ങിപ്പോകാനും സലിമിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് നഹ്‌ലത്തിനും പിതാവിനും മര്‍ദനമേറ്റത്.
Powered by Info News For You

Comments
Post a Comment