ചങ്ങനാശേരിയില്‍ ബൈകുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം
ചങ്ങനാശേരി: (www.kasargodvartha.com 29.07.2021) പാലാത്ര മോര്‍ക്കുളങ്ങര ബൈപാസില്‍ ബൈകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പുഴവാത്ത് സ്വദേശികളായ സേതുനാഥ്, മുരുകന്‍ ആചാരി, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയായിരുന്നു സംഭവം.
പാലാത്ര ഭാഗത്തേയ്ക്ക് ബൈകില്‍ വരികയായിരുന്ന സേതുനാഥിന്റെയും മുരുകന്‍ ആചാരിയുടെയും ബൈകില്‍ അമിത വേഗതയില്‍ എത്തിയ ഡ്യൂക് ബൈക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈകില്‍ നിന്നും തെറിച്ചു വീണ മൂന്നുപേരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുപ്പള്ളി സ്വദേശി ശരതിനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും പുഴവാത് സ്വദേശികളായ മുരുകന്‍ ആചാരിയെയും സേതുനാഥിനെയും ചെത്തിപ്പുഴ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Keywords: News, Kerala, Top-Headlines, Accident, Death, Hospital, Police, Bike, Bike-Accident, Accident due to collision of bikes in Changanassery; 3 died
Powered by Info News For You

Comments
Post a Comment