35,000 രൂപയുടെ വൈദ്യുതി മോഷ്ടിച്ചു; കോടീശ്വരനും ബിസിനസുകാരനുമായ ശിവസേന നേതാവിനെതിരെ മോഷണത്തിന് കേസ്
മുംബൈ: (www.kvartha.com 14.07.2021) എട്ടു കോടിയുടെ റോള്‍സ് റോയ്‌സ് ഉടമയായ ശിവസേന നേതാവിനെതിരെ 35,000രൂപയുടെ വൈദ്യുതി മോഷണത്തിന് കേസ്. അടുത്തിടെ എട്ടുകോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിയ കോടീശ്വരനും ബിസിനസുകാരനുമായ സഞ്ജയ് ഗെയ്ക്‌വാദിനെതിരെയാണ് വൈദ്യുതി മോഷണത്തിന് കേസ് എടുത്തത്. 34,840 രൂപയുടെ വൈദ്യുതി മോഷ്ടിച്ച ഇയാള്‍ക്കെതിരെ കല്യാണിലെ കോന്‍സെവാദി പൊലീസാണ് കേസെടുത്തത്.
മാര്‍ചില്‍ ഗെയ്ക്‌വാദിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സ്ഥലത്തേക്ക് ആവശ്യമായ വൈദ്യുതി മോഷണം നടത്തിയതായി എം എസ് ഇ ഡി സി എല്‍ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര വൈദ്യുത വിതരണ കമ്പനിയുടെ പരാതിയിലാണ് നടപടി.
മോഷണം കൈയ്യോടെ പിടിച്ചതോടെ മോഷ്ടിച്ച വൈദ്യുതിയുടെ നിരക്കായ 34,840 രൂപയുടെയും പിഴയായി 15,000 രൂപയുടെയും ബില്‍ മൂന്നുമാസത്തിനകം അടക്കാനായി ഗെയ്ക്‌വാദിന് അയച്ചു. എന്നാല്‍ പിഴ അടക്കാന്‍ ഗെയ്ക്‌വാദ് തയാറാകാതെ വന്നതോടെയാണ് ജൂണ്‍ 30ന് കമ്പനി പൊലീസില്‍ പരാതി നല്‍കിയത്. ഗെയ്ക്‌വാദ് പിഴയും ബില്‍ തുകയും ഉള്‍പ്പെടെ 49,840 രൂപ അടച്ചതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.
അതേസമയം, എം എസ് ഇ ഡി സി എല്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും വൈദ്യുതി മോഷണത്തില്‍ അദ്ദേഹത്തിന് പങ്കില്ലെന്നും ശിവസേന പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
Powered by Info News For You

Comments
Post a Comment