അന്താരാഷ്ട്ര വിപണിയില്‍ 30 കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദില്‍ തൃശ്ശൂരില്‍ പിടികൂടി; കേരളത്തില്‍ ആദ്യമായി കണ്ടെത്തിയത്
തൃശ്ശൂര്‍: (www.kvartha.com 10.07.2021) അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദില്‍ (ആംബര്‍ഗ്രിസ്) തൃശ്ശൂരില്‍ പിടികൂടി. ഛര്‍ദില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗം പിടികൂടി. തൃശ്ശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.
18 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദില്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തില്‍ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറേബ്യന്‍ മാര്‍കെറ്റില്‍ മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാന്‍ഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.
തിമിംഗലം ഛര്‍ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്.
Powered by Info News For You

Comments
Post a Comment