ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കിയില്ല, ഭക്ഷണം കിട്ടാതെ അവശനിലയിലായ 226 ആടുകളെ ദയാവധത്തിന് വിധേയമാക്കി; പട്ടിണിക്കിട്ട് ക്രൂരത കാണിച്ച കര്‍ഷകന് 9 മാസം തടവ് ശിക്ഷയും 150 മണിക്കൂര്‍ സാമൂഹ്യ സേവനവും
വെലിംഗ്ടണ്‍: (www.kvartha.com 07.07.2021) ന്യൂസിലന്‍ഡില്‍ ചെമ്മരിയാടുകളെ തീറ്റ നല്‍കാതെ പട്ടിണിക്കിട്ട കര്‍ഷകന്‍ 9 മാസത്തെ തടവ് ശിക്ഷയും ശേഷം 150 മണിക്കൂര്‍ സാമൂഹ്യ സേവനവും ചെയ്യണമെന്ന് കോടതി. ബെവാന്‍ സ്‌കോട് ടെയ്റ്റ് എന്ന കര്‍ഷകനാണ് ചെമ്മരിയാടുകള്‍ക്ക് തീറ്റ നല്‍കാതെ പട്ടിണിക്കിട്ടത്. ഭക്ഷണം കിട്ടാതായി അവശ നിലയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് കര്‍ഷകന് തടവ് ശിക്ഷ വിധിച്ചത്. നാലുവര്‍ഷത്തേക്ക് കാര്‍ഷികാവശ്യത്തിനായുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കിയിട്ടുണ്ട്.
ന്യൂസിലന്‍ഡിലെ സൗത് ഐഡന്‍ഡിലായിരുന്നു ഇയാളുടെ ഫാം. ഏപ്രില്‍ 2019ലാണ് ഇയാളുടെ ഫാമിലെ ചെമ്മരിയാടുകളില്‍ രോഗബാധ റിപോര്‍ട് ചെയ്തത്. ചെമ്മരിയാടുകളുടെ ശരീരത്തില്‍ വ്യാപകമായ രീതിയില്‍ പ്രാണികളുടെ ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വ്യക്തമായത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
പല ചെമ്മരിയാടുകളുടേയും രോമം രണ്ട് വര്‍ഷത്തോളമായി നീക്കം ചെയ്യാത്ത അവസ്ഥയില്‍ ആയിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി. ഇയാളുടെ ശേഷിച്ച ചെമ്മരിയാടുകളെ മറ്റ് കര്‍ഷകര്‍ക്ക് വിട്ട് നല്‍കി.
എന്നാല്‍ സംഭവം റിപോര്‍ട് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പ്രദേശിക അധികൃതരുടെ സഹായം തേടിയിരുന്നുവെന്നും ഇത് നല്‍കിയില്ലെന്നുമാണ് ബെവാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും കുറ്റസമ്മതം നടത്തി കോടതിയെ അറിയിച്ചു.
Powered by Info News For You

Comments
Post a Comment