കോപ അമേരിക 2021 ഫൈനൽ: കാത്തിരിപ്പിന് വിരാമം; അര്‍ജന്റീനയ്ക്ക് കപ്
മാരക്കാന: (www.kvartha.com 11.07.2021) ലോകം മുഴുവന്‍ കാത്തിരുന്ന ലാറ്റിനമേരികന്‍ ഫുട്‌ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്ന കോപ സ്വന്തമാക്കി. ആദ്യപകുതിയില്‍ എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം നേടുന്നത്.
സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിചാര്‍ലിസണെയും നെയ്മറെയും എവര്‍ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂകാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.
അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്ട്രൈകര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ടിനസും ബൂടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു.
പ്രതിരോധക്കോട്ടയില്‍ നികോളാസ് ഓടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍കോസ് അക്യൂനയും സ്റ്റാര്‍ടിംഗ് ഇലവനിലെത്തി. സെമി ഷൂടൗടിലെ ഹീറോ എമിലിയാനോ മാര്‍ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ. സ്റ്റാര്‍ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി കണ്ടു.
ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്റ്റ് ടചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്സണിന് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്റീന 1-0ന് മുന്നിലെത്തുകയായിരുന്നു.
മരിയയിലെത്തും മുമ്പ് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലോദിക്ക് പിഴച്ചതാണ് കാനറികള്‍ക്ക് തിരിച്ചടിയായത്. 29-ാം മിനുറ്റില്‍ മരിയ-മെസി സഖ്യം തുടക്കമിട്ട നീക്കം ബ്രസീല്‍ പ്രതിരോധം നിര്‍വീര്യമാക്കി. തൊട്ടുപിന്നാലെയും ആക്രമണങ്ങള്‍ കൊണ്ട് അര്‍ജന്റീന കളംനിറഞ്ഞു.
നെയ്മറെ 33-ാം മിനുറ്റില്‍ ഫൗള്‍ ചെയ്ത പരേഡസ് മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും ബോക്‌സിന് പുറത്തുനിന്നുള്ള ഫ്രീകിക്ക് നെയ്മര്‍ക്ക് മുതലാക്കാനായില്ല. 43-ാം മിനുറ്റില്‍ ബ്രസീലിനെ ഒപ്പമെത്തിക്കാന്‍ എവര്‍ടന്‍ ശ്രമിച്ചെങ്കിലും മാര്‍ടിനസ് അനായാസമായി പന്ത് പിടികൂടി. പിന്നാലെ ലഭിച്ച കോര്‍ണര്‍ കികും ബ്രസീലിന് ഗുണകരമായില്ല. ഇതോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതി ബ്രസീല്‍ തുടങ്ങിയത് ഫ്രഡിന് പകരം ഫിര്‍മിനോയെ ഇറക്കിയാണ്. 53-ാം മിനുറ്റില്‍ റിചാര്‍ലിസണ്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ഫ്‌ലാഗുയര്‍ന്നു. തൊട്ടുപിന്നാലെ റിചാര്‍ലിസണ് മറ്റൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്റൈന്‍ ഗോളി മാര്‍ടിനസ് രക്ഷകനായി. 62-ാം മിനുറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച ഫ്രീകിക്ക് മെസിക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ല. കളി കാര്യമായതോടെ തുടരെ മഞ്ഞക്കാര്‍ഡുകളും മാരകാന കാണിച്ചു.
രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും മാരക്കാനയില്‍ ഗോള്‍മഴ മാറിനിന്നു. അതേസമയം അര്‍ജന്റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു.
87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപെണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിന് മാരക്കാന മൂക സാക്ഷിയായി. എന്നാല്‍ പിന്നാലെയും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോള്‍ പിറക്കാതിരുന്നതോടെ കാനറികളില്‍ നിന്ന് കോപ കിരീടം അര്‍ജന്റീന മുത്തമിടുകയായിരുന്നു.
Keywords: News, World, International, Football, Football Player, Argentina, Brazil, Sports, Winner, Leonal Messi, Copa America 2021 Final: Argentina beat Brazil 1-0, Messi wins first senior International trophyMessi is tossed in the air by his Argentina teammates.
— ESPN India (@ESPNIndia) July 11, 2021
It means everything ❤️pic.twitter.com/cIMJahlCAQ
Powered by Info News For You

Comments
Post a Comment