കോപ അമേരിക 2021: ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍


ബ്രസീലിയ: (www.kvartha.com 07.07.2021) കോപ അമേരികയില്‍ ഇക്കുറി ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനലിന് കളമൊരുങ്ങി. പെനാല്‍റ്റി വിധി നിര്‍ണയിച്ച തകര്‍പന്‍ പോരാട്ടത്തില്‍ കൊളംബിയയെ മറികടന്ന അര്‍ജന്റീന കോപ ഫൈനലില്‍ ബ്രസീലിനെ നേരിടും. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂടൗടില്‍ അര്‍ജന്റീന തോല്‍പിച്ചതോടെയാണിത്(32). കളിയുടെ തുടക്കത്തില്‍ ഗോളടിച്ച് അര്‍ജന്റീന മുന്നിലെത്തിയ മത്സരത്തില്‍ 61-ാം മിനിറ്റിലെ ഗോളുമായി കൊളംബിയ ഒപ്പമെത്തിയതിനൊടുവിലാണ് പെനാല്‍റ്റിയിലേക്ക് നീങ്ങിയത്.

ഗോളി എമിലിയാനോ മാര്‍ടിനസിന്റെ മൂന്ന് തകര്‍പന്‍ സേവുകളാണ് അര്‍ജന്റീനക്ക് ജയം സമ്മാനിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത കഴിഞ്ഞ ദിവസം നേടിയിരുന്നു. 

കികോഫായി ഏഴാം മിനുറ്റില്‍ തന്നെ അര്‍ജന്റീന മത്സരത്തില്‍ മുന്നിലെത്തി. ബോക്‌സിനുള്ളില്‍ മെസി മറിച്ചുനല്‍കിയ പന്തില്‍ ലൗറ്റാരോ മാര്‍ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒപ്പമെത്താന്‍ എല്ലാ അടവും പുറത്തെടുക്കുന്ന കൊളംബിയയെയാണ് പിന്നീട് കണ്ടത്. 36-ാം മിനുറ്റില്‍ റീ-ബൗണ്ടില്‍ നിന്ന് ബോറിയോസ് തൊടുത്ത വോളിയും രണ്ട് മിനുറ്റുകള്‍ക്കുള്ളില്‍ മിനയുടെ തകര്‍പന്‍ ഹെഡറും പോസ്റ്റില്‍ തട്ടിയവസാനിച്ചു. ഇതോടെ അര്‍ജന്റീനയുടെ ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

രണ്ടാം പകുതിയിലും കൊളംബിയ പരിക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളി കാര്യമായി. ലിയോണല്‍ മെസിയായിരുന്നു നിരന്തരം ഇര. അര്‍ജന്റീനന്‍ താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിനിടെ 61-ാം മിനുറ്റില്‍ കൊളംബിയ മത്സരത്തില്‍ ഒപ്പം പിടിച്ചു. കര്‍ഡോണ അതിവേഗമെടുത്ത ഫ്രീകികില്‍ അര്‍ജന്റീനന്‍ താരങ്ങളെ കബളിപ്പിച്ച് ലൂയിസ് ഫെര്‍ണാണ്ടോ ഡയസായിരുന്നു ഫിനിഷിംഗിലൂടെ വല ചലിപ്പിച്ചത്. 67-ാം മിനുറ്റില്‍ മറ്റൊരു ഫ്രീകിക് അവസരം തേടിയെത്തിയെങ്കിലും കൊളംബിയന്‍ താരം സാഞ്ചസിന്റെ ഷോടിന് ഗോളിയെ കീഴടക്കാന്‍ കരുത്തില്ലായിരുന്നു. 

News, World, International, Brazil, Argentina, Sports, Football Player, Players, Football, Copa America 2021: Argentina Beat Colombia On Penalties To Set Up Final Date With Brazil


74-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ മിന്നല്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് മാര്‍ടിനസ് ഷോടുതിര്‍ത്തെങ്കിലും മിനയുടെ ക്ലാസിക് ബ്ലോക് കൊളംബിയയെ രക്ഷിച്ചു. 77-ാം മിനുറ്റില്‍ ബോക്‌സിന് പുറത്ത് മെസിക്ക് ഫ്രീകിക് ലഭിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിവീണു. 

82-ാം മിനുറ്റില്‍ മരിയയുടെ പാസില്‍ മെസിയുടെ ഇടംകാലന്‍ ഷോട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചത് അപ്രതീക്ഷിത കാഴ്ചയായി. പിന്നീട് ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂര്‍ണസമയത്ത് സമനിലക്കുരുക്കഴിഞ്ഞില്ല. ആവേശം പരിക്കനാകുന്നത് അവസാന അഞ്ച് മിനുറ്റുകളിലും കണ്ടു. 

മത്സരത്തിന്റെ 90-ാം മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ കിക് കൊളംബിയ പ്രതിരോധിച്ചപ്പോള്‍ കൗണ്ടറിനുള്ള ശ്രമത്തിനിടെ കൊളംബിയന്‍ താരം ഡയസിനെ ഫൗള്‍ ചെയ്തതിന് പെസെല്ല മഞ്ഞക്കാര്‍ഡ് കണ്ടു. നാല് മിനുറ്റ് അധികസമയവും ഇരു ടീമിനും മുതലാക്കാന്‍ കഴിയാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂടൗടിലേക്ക് നീങ്ങുകയായിരുന്നു.

Keywords: News, World, International, Brazil, Argentina, Sports, Football Player, Players, Football, Copa America 2021: Argentina Beat Colombia On Penalties To Set Up Final Date With Brazil

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?