വിദ്യാര്‍ഥിയായോ പരീക്ഷാര്‍ഥിയായോ പരിഗണിക്കാതെ അവളുടെ മതം മാത്രം കണ്ടു; 12-ാം ക്ലാസ് പരീക്ഷയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ ടോപെറായ മിടുക്കിയുടെ പേരു പറയാതെ മതം പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥ; വ്യാപക പ്രതിഷേധം
കൊല്‍ക്കത്ത: (www.kvartha.com 24.07.2021) 12-ാം ക്ലാസ് പരീക്ഷയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ ടോപെറായ മിടുക്കിയുടെ പേരു പറയാതെ മതം പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥ. ബംഗാള്‍ ഹയര്‍ സെകന്‍ഡറി എജുകേഷന്‍ കൗണ്‍സില്‍ മേധാവിയായ മഹുവ ദാസ് കുട്ടിയുടെ മതമാണ് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്.
'ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക് 499 ആണ്. അത് കിട്ടിയത് ഒരു മുസ്‌ലിം കുട്ടിക്കാണ്. അവള്‍ മുര്‍ഷിദാബാദില്‍നിന്നുള്ള മുസ്‌ലിം കുട്ടിയാണ്' - മഹുവ ദാസ് പറഞ്ഞു.
പിന്നാലെ മഹുവയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ, മത സംഘടനകള്‍ രംഗത്തെത്തി. വിദ്യാര്‍ഥി സംഘടനയായ ഛത്ര പരിഷത്ത് മഹുവ ദാസിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇവരുടെ ഓഫിസിന് പുറത്ത് പ്രതിഷേധത്തിനെത്തിയ മറ്റൊരു സംഘവും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇത്തരമൊരു പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് തപസ് റോയ് പറഞ്ഞു. 'ആ കുട്ടിയെ ഒരു വിദ്യാര്‍ഥിയായോ പരീക്ഷാര്‍ഥിയായോ ആണ് അവര്‍ സൂചിപ്പിക്കേണ്ടിയിരുന്നത്.' കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും മഹുവക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ മാപ്പുപറയുകയോ സ്ഥാനമൊഴിയുകയോ ചെയ്യണമെന്ന് എന്‍ എസ് യു ഐ ആവശ്യപ്പെട്ടു.
'ഇത് വളരെ ലജ്ജാകരവും ദൗര്‍ഭാഗ്യകരവുമാണ്. ഇതിനെ ഞങ്ങള്‍ അപലപിക്കുന്നു. ആ കുട്ടിയുടെ പേരു പറയുന്നതിനുപകരം അവര്‍ അവളുടെ മതമാണ് ഉയര്‍ത്തിക്കാട്ടിയത്.' -ബംഗാള്‍ ഇമാം അസോസിയേഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മഹുവയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് അസോസിയേഷന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment