രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആഇശ സുല്‍ത്താനക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: (www.kvartha.com 25.06.2021) രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആഇശ സുല്‍ത്താനക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതായി ഹൈകോടതി അറിയിച്ചത്.
ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍കെതിരെ നടത്തിയ ബയോ വെപണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് ആഇശ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. തുടര്‍ന്ന് ജാമ്യം തേടി ഹൈകോടതിയെ സമീപിച്ച ഇവര്‍ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ബി ജെ പി പ്രസിഡന്റ് സി അബ്ദുള്‍ ഖാദര്‍ ഹാജിയുടെ പരാതിപ്രകാരമാണ് സല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷദ്വീപ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അറസ്റ്റ് ഭയന്ന് ഹൈകോടതിയെ സമീപിച്ച ആഇശക്ക് കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ആഇശ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും കാണിച്ചാണ് ഹൈകോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണ്. താന്‍ ജനങ്ങളെ പ്രകോപിക്കാനായല്ല ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും ആഇശ ഹൈകോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കവരത്തി പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനു ശേഷം കവരത്തിയിലേക്കു വിളിപ്പിച്ച ആഇശയെ ഇതിനോടകം മൂന്നു തവണയാണു ചോദ്യം ചെയ്തത്. ആഇശയുടെ ഫോണ്‍, വാട്സാപ് കോളുകളുടെ വിശദാംശങ്ങളാണ് കഴിഞ്ഞദിവസവും പൊലീസ് തേടിയത്. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും ആരാഞ്ഞു.
സമൂഹമാധ്യമ സുഹൃത്തുക്കളില്‍ വിദേശികള്‍ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ചതായും ഇത്തരത്തിലാരും ഇല്ലെന്ന വിവരം നല്‍കിയെന്നും ആഇശ വ്യക്തമാക്കി. കഴിഞ്ഞദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതായും ഇതിന്റെ ഫലം നെഗറ്റീവ് ആണെങ്കില്‍ ദ്വീപില്‍ നിന്നു കൊച്ചിയിലേക്കു തിരിക്കുമെന്നും ആഇശ പറഞ്ഞു.
ചോദ്യം ചെയ്യലിന് ആവശ്യമുള്ളപ്പോള്‍ വിളിപ്പിക്കും എന്നു മാത്രമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താന്‍ കൊച്ചിയിലേയ്ക്കു മടങ്ങുകയാണെന്ന് ആഇശ സുല്‍ത്താന അറിയിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മാവനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആഇശയുടെ അഭ്യര്‍ഥന പരിഗണിച്ചാണു മടങ്ങാന്‍ അനുമതി നല്‍കിയത്.
അതിനിടെ രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ലക്ഷദ്വീപിലെത്തിയ സംവിധായിക ആഇശ സുല്‍ത്താന കോവിഡ് പ്രോടോക്കോള്‍ ലംഘിച്ചെന്ന് ലക്ഷദ്വീപ് ഭരണകൂടവും പൊലീസും ഹൈകോടതിയിയില്‍ അറിയിച്ചിരുന്നു. ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ നല്‍കിയ സംരക്ഷണം ആഇശ ദുരുപയോഗം ചെയ്തെന്നും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രസക്തമാണെന്നും ലക്ഷദ്വീപ് ഭരണകൂടവും പൊലീസും അറിയിച്ചു.
Keywords: Kerala High Court Grants Anticipatory Bail To Aisha Sultana In Sedition Case, Kochi, News, Politics, High Court of Kerala, Bail, Kerala.
Powered by Info News For You

Comments
Post a Comment