കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്; ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
തിരുവനന്തപുരം: (www.kvartha.com 21.06.2021) തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ 13 കാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോക്സോ കേസില്‍ നാല് മക്കളുടെ അമ്മ അറസ്റ്റിലായത് 2020 ഡിസംബറിലാണ്. ഒരു മാസത്തെ ജയില്‍ വാസവും അനുഭവിച്ചു.
അമ്മ പീഡിപ്പിച്ചുവെന്ന തരത്തില്‍ പതിമൂന്നുകാരന്‍ നല്‍കിയ മൊഴി അവിശ്വസനീയമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേനയാക്കിയെങ്കിലും പീഡനം നടന്നതായി കണ്ടെത്താനായില്ല. കേസില്‍ പ്രതിചേര്‍ക്കാന്‍ അമ്മയ്ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപോര്‍ട്. കുട്ടിയെ 12 ദിവസം ആശുപത്രിയില്‍ പാര്‍പിച്ച് മൊഴി എടുക്കുകയും ചെയ്തു.
പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തി വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം.
എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ വാദം.
സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണം നടത്തിയത്.
Keywords: Kadakkavoor pocso case is fake; Investigation team, Thiruvananthapuram, News, Trending, Molestation, Police, Arrested, Kerala.
Powered by Info News For You

Comments
Post a Comment