ആരും ഓടിളക്കി വന്നവരല്ല, തന്റെ പക്വത അളക്കാന്‍ വരേണ്ട; എകെജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: (www.kvartha.com 18.06.2021) എകെജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാന്‍ വരേണ്ടെന്നുമായിരുന്നു ആര്യാ രാജേന്ദ്രന്റെ മറുപടി. തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു കൗണ്‍സിലറുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍ കൊമ്പുകോര്‍ത്തത്.
തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ഉന്നയിച്ച ആരോപണം. നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല തനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആര്‍ക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി.. കാരണം എകെജി സെന്ററിലെ എല്‍കെജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍. എന്നായിരുന്നു കരമന അജിത്ത് ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും ഈ വിഷയവും മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതാണ് മേയറെ ചൊടിപ്പിച്ചത്.
ഈ സമൂഹത്തിലുള്ള ചിലര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ചുവന്നവരാണെന്ന്. എന്നാല്‍ ഞാന്‍ വ്യക്തമായി പറയട്ടേ, ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. എന്റെ പക്വത അളക്കന്‍ നിങ്ങളായിട്ടുമില്ലെന്നായിരുന്നു മേയറുടെ മറുപടി.
കോവിഡ് പശ്ചാത്തലത്തില്‍ പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും മാലിന്യനീക്കത്തിന് 21 ലോറികള്‍ നഗരസഭ വാടകയ്ക്കെടുത്തു. ഇതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വിഷയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തു. ശുചീകരണ വിവാദത്തില്‍ വിജിലന്‍സ് ആന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കൗണ്‍സില്‍ വോടെടുപ്പിന് ശേഷം തള്ളി. യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പൊതുസ്ഥലങ്ങളില്‍ പൊങ്കാല നടന്നില്ലെങ്കിലും 28 ലോഡ് മാലിന്യം നീക്കിയെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.
Keywords: Mayor Arya Rajendran responds to allegations of corruption in Thiruvananthapuram Council meeting, Thiruvananthapuram, News, Politics, Allegation, BJP, Meeting, Corruption, Kerala.
Powered by Info News For You

Comments
Post a Comment