ഇന്ധനവില വര്‍ധന; വേറിട്ട പ്രതിഷേധവുമായി നടന്‍ പ്രേം കുമാര്‍
കഴക്കൂട്ടം: (www.kvartha.com 28.06.2021) ഇന്ധനവില വര്‍ധനവില്‍ വേറിട്ട പ്രതിഷേധവുമായി നടന്‍ പ്രേം കുമാര്‍. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലേക്ക് ക്ഷണിച്ച പരിപാടിക്ക് നടന്നെത്തിയാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധ സൂചകമായി നടന്‍ വന്നതും പോയതും എല്ലാം നടന്നാണ്.
സ്‌കൂളിലെ കുട്ടികള്‍ക്ക് അമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സ്മാര്‍ട് ഫോണ്‍ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകള്‍ വിതരണം ചെയ്യുന്ന പരിപാടിയിലേക്കാണ് പ്രേം കുമാറിനെ ക്ഷണിച്ചിരുന്നത്. പരിപാടിയില്‍ കുട്ടികള്‍ക്ക് പഠനത്തിനായി ഫോണുകള്‍ വിതരണം ചെയ്തത് പ്രേംകുമാറാണ്.
പരിപാടിയില്‍ പങ്കെടുത്ത നടന് തിരിച്ചു പോകാന്‍ സംഘാടകര്‍ വാഹനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അരക്കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും പ്രേംകുമാര്‍ നടന്നു വരികയും ചടങ്ങ് കഴിഞ്ഞ് നടന്നു പോകുകയുമായിരുന്നു.
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കേരളത്തില്‍ അടുത്തിടെയാണ് പെട്രോള്‍ വില നൂറ് രൂപ കടന്നത്. കേരളത്തില്‍ 2021 ഫെബ്രുവരിയില്‍ 86 രൂപയായിരുന്ന പെട്രോള്‍ വില നാല് മാസം കൊണ്ടാണ് 100 രൂപ കടന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയര്‍ന്നത്.
പെട്രോള്‍ വിലയ്ക്ക് പുറമെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലയും 100 രൂപ കടന്നിട്ടുണ്ട്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില നഗരങ്ങളിലുമാണ് ഡീസല്‍ വില 100 കടന്നത്.
Powered by Info News For You

Comments
Post a Comment