ആരാധനാലയങ്ങൾ തുറക്കാൻ ആവശ്യപ്പെടുമ്പോൾ പരിഹസിക്കുന്നവർ ഇത് വായിക്കുക; പ്രാർഥനാകേന്ദ്രങ്ങൾ അടച്ചിടുമ്പോൾ പട്ടിണിയിലാകുന്ന ഇവരുടെ നൊമ്പരങ്ങൾ കേൾക്കാനാരുണ്ട്?
രേണുക
(www.kvartha.com 15.06.2021) ലോകത്തെയാകമാനം പിടിച്ചു കുലുക്കി കോവിഡ് പ്രതിസന്ധി തുടരുകയാണ്. കേരളത്തിൽ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി വീടിനകത്ത് തളച്ചിടപ്പെട്ട അവസ്ഥയിലായിരുന്നു മിക്കവാറും ആളുകൾ. കോവിഡ് ഒന്നാം തരംഗം പിന്നിട്ടപ്പോൾ നിയന്ത്രണങ്ങളോടെയാണെങ്കിലും നമുക്ക് പുറത്തിറങ്ങി നടക്കാൻ കഴിഞ്ഞു. പൊതുഗതാഗതം അനുവദിക്കുകയും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും തുറക്കുകയും ചെയ്‌തു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോട് കൂടി വീണ്ടും കോവിഡ് പിടിമുറുക്കുകയും മുഴുവനും അടച്ചിടേണ്ട അവസ്ഥയിലേക്ക് തിരികെ പോകേണ്ടി വരികയും ചെയ്‌തു.
കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലാണ് ജനതയിപ്പോൾ. പലർക്കും തൊഴിൽ നഷ്ടപ്പെടുകയും വ്യാപാരികൾക്ക് സാധനങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വരുന്ന അവസ്ഥയുമാണുള്ളത്. പല സാധന സാമഗ്രികളും നശിച്ച നിലയിലാണ്. പലരും മുന്നോട്ടുള്ള ജീവിതമെന്തന്നറിയാതെ പ്രയാസപ്പെടുന്നു. ഈ സമയത്ത് തന്നെയാണ് ആരാധനാലയങ്ങൾ തുറക്കണമെന്ന മുറവിളി ഉയരുന്നതും. ഈയാവശ്യത്തോട് ചിലരെങ്കിലും പരിഹാസത്തോടെയും വിമർശനത്തോടെയും പ്രതികരിക്കുന്നതും കണ്ടു.
പക്ഷെ ആരാധനാലയങ്ങളിൽ പ്രാർത്ഥനകളോടൊപ്പം നടക്കുന്ന മറ്റു പലതുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അനവധി പേരുണ്ട്. ആരാധനാലയങ്ങളും ഒരു തൊഴിൽ മേഖലയാണ് എന്നു മനസിലാക്കുന്നതിലെ വിവേകമില്ലായ്മയാണ് വിമർശനം ഉയർത്തുന്നതിന് പിന്നിൽ.
ഹിന്ദു ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ ചർച്ചുകൾ തുടങ്ങിയ ആരാധനാലയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്. ഇവയെല്ലാം പൂട്ടികിടക്കുമ്പോഴും അവർക്കും ഒരു കുടുംബം ഉണ്ട്. അവരെ ആശ്രയിച്ചു ജീവിക്കുന്നവരുമുണ്ട്. പലരും തുച്ഛമായ ശമ്പളത്തിനാണ് ജോലിയെടുക്കുന്നത് തന്നെ. ഇവരാരും മാസാമാസം സർക്കാർ ശമ്പളം പറ്റുന്നവരല്ല. ഇവർക്കാർക്കും സർക്കാർ തൊഴിൽ നൽകിയിട്ടുമില്ല.
ആരാധനാലയങ്ങളിൽ, പ്രത്യേകിച്ചും ഹിന്ദു ക്ഷേത്രങ്ങളിൽ വിവാഹങ്ങൾ നടക്കാറുണ്ട്. അതുമായി ബന്ധപ്പെട്ട് സദ്യ ഒരുക്കുന്നവർ, പൂക്കൾ വിതരണം ചെയ്യുന്നവർ വധുവിനെ അണിയിച്ചൊരുക്കുന്ന ബ്യൂട്ടീഷൻമാർ, വിവാഹസംഘത്തെ എത്തിക്കുന്ന ടൂറിസ്റ്റ് ടാക്സി - ബസ് നടത്തിപ്പുകാർ, കസേര, പാത്രങ്ങൾ, പന്തൽ തുടങ്ങിയവ വാടകയ്ക്ക് നൽകുന്നവർ തുടങ്ങി സദ്യയ്ക്ക് ഇലയെത്തിക്കുന്നവർ വരെ ജോലിയും വരുമാനവുമില്ലാതെയായ കാര്യം കാണാതെ പോകരുത്. ഇത് നിലച്ചാൽ ഇവരെന്ത് ചെയ്യും. ഇത്തരം ചടങ്ങുകൾ നടക്കുമ്പോൾ ലഭിക്കുന്ന വാടകയടക്കമുള്ളവ ആരാധനാലയങ്ങളുടെ നിലനിൽപ്പിനുള്ള വരുമാനം കൂടിയാണ്. വൈദ്യുതി ബില്ലും ഭൂമി നികുതിയും മറ്റുമടക്കാൻ ഈ തുകയാണ് പലരും ഉപയോഗിക്കുന്നത്. ഒപ്പം ദർശനത്തിന് എത്തുന്ന ആളുകൾ നൽകുന്ന സംഭാവനയും ആശ്രയമാണ്.
ക്ഷേത്രങ്ങളിലെയും ചർച്ചുകളിലെയും ഉത്സവങ്ങൾ, മുസ്ലിം പള്ളികളിൽ നടക്കുന്ന വിവിധ പരിപാടികൾ നിലയ്ക്കുമ്പോൾ അത് ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് കരിനിഴൽ വീഴുന്നത്. എത്രയെത്ര കലാകാരന്മാർ, ആധ്യാത്മിക ഉപദേശകർ, സ്റ്റേജ് ഒരുക്കുന്നവർ, അത്തരം പരിപാടികളിൽ കളിപ്പാട്ടങ്ങളും മധുരങ്ങളും അടക്കം വിൽക്കുന്നവർ.. അങ്ങനെ ആ പട്ടിക നീളുന്നു.
ആരാധനാലയങ്ങളിലേക്ക് തീർഥ യാത്രകൾ സംഘടിപ്പിച്ച് വരുമാനം കണ്ടെത്തുന്ന വലിയൊരു വിഭാഗമുണ്ട്. അവർക്ക് വാഹനങ്ങൾ ഒരുക്കുന്നവരും ഉണ്ട്. ആരാധനാലയങ്ങൾ പൂട്ടികിടക്കുമ്പോൾ ഇവരെന്ത് ചെയ്യും.
ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന തുക കൊണ്ട് വലിയൊരു അളവിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവനക്കാർക്കുള്ള ക്ഷേമ കാര്യങ്ങളും നടന്നു പോകുന്നു. ഇതെല്ലാം ആശ്രയിച്ചു പോരുന്ന അനവധി പേരാണ് ഇപ്പോൾ കഷ്ടത്തിലായിരിക്കുന്നത്.
ആരാധനാലയങ്ങളിൽ ശുചീകരണത്തിനും ജീവനക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നവരുമുണ്ട്. തികച്ചും സാധാരണക്കാരായവർക്കും ഭിന്നശേഷിക്കാർ ഉൾപ്പെടെ ഈ ഗണത്തിൽ പെടുന്നവർക്കും വലിയൊരു ആശ്വാസമായിരുന്നു ഇത്തരം ജോലികൾ. ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് പൂജയ്ക്കും മറ്റും ആവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന കടകളും ഇവയോട് ചേർന്ന് പ്രവർത്തിക്കാറുണ്ട്. ഇവരും അടച്ചിട്ട നിലയിലാണ്.
സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് നിയന്ത്രങ്ങൾ പരിപൂർണമായി പാലിക്കാൻ ആരാധനാലയങ്ങളിൽ പ്രയാസമുണ്ടാകില്ല. അനവധി ആൾക്കാരെ ഉൾകൊള്ളാൻ കഴിയുന്ന വലിയ കെട്ടിടങ്ങളാണ് മിക്ക ആരാധനാലയങ്ങളും. പൊതുഗതാഗതം ആരംഭിച്ചാൽ ഒരു ബസിൽ 60 ഓളം ആളുകളാണ് ഇരുന്നുകൊണ്ട് യാത്ര ചെയ്യുന്നത്. എന്നാൽ ഇതിന്റെ എത്രയോ ഇരട്ടി വലിപ്പമുള്ള ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം ഏറെ പാലിക്കാനാവും. മാർകെറ്റുകളിൽ ആളുകൾ കൂടുന്നതിനേക്കാൾ ഏറെ സുരക്ഷയോടെ ആരാധനാലയങ്ങളിൽ പ്രാർത്ഥന നിർവഹിക്കാനുള്ള സൗകര്യങ്ങളുണ്ട്. കുളിച്ചും ശരീരഭാഗങ്ങൾ കഴുകിയും വളരെയധികം ശുദ്ധിയോടെയുമാണ് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് തന്നെ.
വ്യപാര സ്ഥാപനങ്ങൾ തുറക്കാൻ, ബസ് സർവീസ് പുനരാരംഭിക്കാൻ അങ്ങനെ എല്ലാ മേഖലകളിലും ഉള്ള വിവിധ സംഘടനകൾ അവരവർക്ക് വേണ്ടി പ്രതിഷേധം ഉയർത്തുന്നത് പോലെ തന്നെയാണ് ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവും. ആരാധനാലയങ്ങൾ തുറക്കണമെന്ന മുറവിളി കേവലമൊരു പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമുള്ളതല്ല എന്ന് തിരിച്ചറിയുക. ഒരുപാട് കുടുംബങ്ങളുടെ അന്നത്തിനുള്ള വകയുമാണ് എന്നത് കൂടികൊണ്ടാണ് ഈ ആവശ്യം പ്രസക്തമാകുന്നത്.
Keywords: Kerala, Article, Lockdown, Religion, COVID-19, Muslim, Economic Crisis, Shop, Temple, Church, Masjid, Salary, Pain of starving people when prayer halls are closed.
Powered by Info News For You

Comments
Post a Comment