മദ്യലഹരിയില്‍ കാറിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാഹനം തടഞ്ഞു; മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 26.06.2021) മദ്യപിച്ച് അര്‍ധബോധാവസ്ഥയിലായ യുവാവ് കാറിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ തടഞ്ഞ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തില്‍ മുന്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ മകനും അഭിഭാഷകനുമായ പാറ്റൂര്‍ സ്വദേശി അശോകിനെതിരെ കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ചയായ വേളയില്‍ നടന്ന സംഭവം തലസ്ഥാനത്തു ഞെട്ടലായി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പി എം ജി ലോ കോളജ് ജംക്ഷനിലായിരുന്നു സംഭവം. കാറിനുള്ളില്‍ നിന്നു പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്‌കൂടെര്‍ കുറുകെ നിര്‍ത്തി നാട്ടുകാരിലൊരാള്‍ കാര്‍ തടഞ്ഞു.
അപ്പോഴും പെണ്‍കുട്ടി നിലവിളിക്കുന്നുണ്ടായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ കാറില്‍ നിന്നിറക്കി നാട്ടുകാരുടെ മുന്നില്‍ വീണ്ടും മര്‍ദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റം. തുടര്‍ന്ന് അഭിഭാഷകനാണെന്നും മുന്‍ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. ഇതിനിടെ സ്‌കൂടെറിലെത്തിയ രണ്ടു യുവതികള്‍ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ഒടുവില്‍ പൊലീസെത്തി യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി.
ഐടി മേഖലയില്‍ ജോലിയുള്ള യുവതിയും യുവാവും സുഹൃത്തുക്കളാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ താമസ സ്ഥലത്തു നിന്നു കൂട്ടിയ ശേഷം കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയതാണ് പെണ്‍കുട്ടി ബഹളം വയ്ക്കാന്‍ കാരണമെന്ന് മ്യൂസിയം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറിയിച്ചു. ഇരുവരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി.
പൊതു സ്ഥലത്തു ബഹളമുണ്ടാക്കല്‍, സ്ത്രീകള്‍ക്ക് മര്‍ദനം, മദ്യപിച്ചു വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.സംഭവം നടന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളില്‍ നിന്നു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.
Keywords: Attack against woman in Trivandrum city; Lawyer arrested by police, Thiruvananthapuram, News, Local News, Attack, Police, Arrested, Kerala.
Powered by Info News For You

Comments
Post a Comment