സംസ്ഥാനത്ത് സർകാരില്ലാത്ത അവസ്ഥ; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടൻ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യം

സൂപ്പി വാണിമേൽ

കാസർകോട്:(www.kvartha.com 10.05.2021) ഒപ്പം നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ഇതര സംസ്ഥാനങ്ങളിൽ മന്ത്രിസഭകൾ ഉടൻ അധികാരമേറ്റിട്ടും കേരളത്തിൽ സത്യപ്രതിജ്ഞ നീളുന്നത് കൊവിഡ് വ്യാപന വേളയിൽ ആശങ്ക പരത്തുന്നു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉടൻ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കെ കെ ശൈലജയെ തഴയാൻ മറ്റൊരു സി പി എം കേന്ദ്ര കമിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കരുനീക്കം ശക്തമായതിനാൽ സാധ്യമാവുന്നില്ലെന്നാണ് വിവരം. മന്ത്രി പദവികളുടെ വീതംവെപ്പിൽ കണ്ണുംനട്ടിരിക്കുന്ന ഭരണകക്ഷി ജനപ്രതിനിധികൾ കൊവിഡ് വിഷയത്തിൽ നിസംഗരാണ്. കൊവിഡ് പ്രതിരോധം ദുർബലപ്പെടുത്തുന്നുവെന്ന ആക്ഷേപം ഭയന്നും പരാജയ ദൗർബല്യവും കാരണം പ്രതിപക്ഷവും നിശബ്ദമാണ്.

Kasaragod, Kerala, Article, Health, Health Minister, Pinarayi vijayan, K K shailaja, COVID-19, Crisis, Surgery, Chief Minister, Chief Minister and Health Minister are required to take oath immediately


ആരോഗ്യ വകുപ്പിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കേണ്ട ഹെൽത് സെർവീസ് ഡയറക്ടർ സ്വയം വിരമിച്ചതിനെത്തുടർന്ന് കസേര ശൂന്യമായിരുന്നു. ഈയിടെ മാത്രം ആ പദവിയിൽ നിയോഗിതനായ ഡോ. ആർ രമേശ് കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. മംഗളൂറിൽ നിന്ന് കാസർക്കോട്ടേക്കുള്ള ഓക്സിജൻ നീക്കം തടഞ്ഞ ദക്ഷിണ കന്നട ജില്ല ഡെപ്യൂടി കമീഷണറുടെ നടപടിക്ക് പരിഹാരം തേടി തിരുവനന്തപുരത്തേക്ക് ആർക്ക് കത്തയക്കണം എന്ന പ്രതിസന്ധി ജില്ല ഭരണകൂടം നേരിടുന്നു. മുഖ്യമന്ത്രിയുടെ സായാഹ്ന വാർത്താസമ്മേളനത്തിൽ ഒതുങ്ങുകയാണ് സർകാർ സാന്നിധ്യം.

ഈ അവസ്ഥയോട് കഴക്കൂട്ടം യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പ്രൊഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡോ.എസ് എസ് ലാൽ പ്രതികരിച്ചു. കേരളത്തിലെ കൊവിഡ് പ്രതിസന്ധി അനുനിമിഷം വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരു മന്തിസഭയില്ലാത്തത് കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി രോഗവ്യാപനം നടക്കുകയാണ്. രോഗികളെ കിടത്താൻ ഐ സി യൂണിറ്റ് പോയിട്ട് കിടക്കകൾ പോലും കിട്ടാതായിരിക്കുന്നു. പണം കടമെടുത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടാൻ ശ്രമിക്കുന്ന നിർധനർ ഒരുപാട് പേരുണ്ട്. പക്ഷേ സ്വകാര്യാശുപത്രികളും നിറഞ്ഞു കഴിഞ്ഞു. സർകാർ - സ്വകാര്യാശുപതികളിൽ കിടക്കകൾ ഒഴിവുണ്ടെന്ന സർകാർ കണക്കുകൾ കടലാസിൽ മാത്രമാണ്. പരിചയമുള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും വരുന്ന നിരവധി ഫോൺ കോളുകളിൽ നിന്നും മനസിലാക്കിയ കാര്യമാണിത്. വിവരങ്ങൾ എന്തെങ്കിലും കിട്ടാൻ 'ദിശ' പോലുള്ള സംവിധാനങ്ങളിൽ വിളിച്ചാൽ മറുപടിയില്ലാത്ത അവസ്ഥയാണ്. താങ്ങാവുന്നതിലും അധികം തിരക്കാണവിടെ. ദിശയിൽ നേരിട്ട് വിളിച്ചു നോക്കി. പതിനഞ്ച് മിനിട്ടാണ് കാത്തിരിപ്പ് സമയം എന്ന് റെകോഡ് ചെയ്ത സന്ദേശം പറയുന്നു. ഒടുവിൽ ഫോൺ കിട്ടിയപ്പോൾ തന്നെ അവർക്ക് നൽകാൻ അത്യാവശ്യം ചില വിവരങ്ങൾ മാത്രമേയുള്ളൂ.

രോഗവ്യാപനത്തിനിടയിൽ നെട്ടോട്ടമോടുന്ന സാധാരണക്കാരന് ഒരു ഡോക്ടറോട് സംസാരിക്കണമെന്നുണ്ടെങ്കിൽ ദിശ വഴി സാധിക്കില്ല. അതിനായി 'ഇ സഞ്ജീവനി’ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാണ് ഉപദേശം. അത്രയും സാങ്കേതിക ജ്ഞാനുള്ളയാൾക്ക് നേരിട്ട് ഒരു ഡോക്ടറെയെങ്കിലും പരിചയം കാണും. ഞാൻ പറയുന്നത് പാവപ്പെട്ട മനുഷ്യരുടെ കാര്യമാണ്. അവർ ഇരുട്ടിലാണ്. കൊവിഡ് വന്നവരും മറ്റ് രോഗങ്ങൾ വന്നവരും കെ പി സി സി കൺട്രോൾ റൂമിലും വിളിക്കുന്നുണ്ട്. ഞങ്ങൾ ഡോക്ടർമാരെ നേരിട്ടും വിളിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും സമ്പൂർണമോ ശാശ്വതമോ ആയ പരിഹാരങ്ങളല്ല. ടെലിമെഡിസിനെപ്പറ്റിയും ഇ പ്രിസ്ക്രിപ്‌ഷനെ പറ്റിയും ഒക്കെ മുഖ്യമന്തിയും നമ്മളും ചർച ചെയ്യുമ്പോൾ സാധാരണക്കാരുടെ വീടുകളിൽ വലിയ ആധിയാണ്. സർകാർ ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനങ്ങൾ ആവിഷ്കരിക്കണം. രാഷ്ട്രീയ വ്യത്യാസങ്ങളും സർകാർ - സ്വകാര്യ തർക്കങ്ങളും ഈയവസരത്തിൽ മറക്കാൻ എല്ലാവരും തയ്യാറാകണം.

ശ്വാസകോശത്തിൽ അടിയന്തിരമായി ശസ്ത്രകയ ആവശ്യമുള്ള ഒരു രോഗിയുടെ കാര്യത്തിനായി യൂത് കോൺഗ്രസിന്റെ നേതാവ് മായാദാസ് രണ്ടു മണിക്കൂർ മുമ്പ് എന്നെ വിളിച്ചു. രോഗി ഇപ്പോൾ കിടക്കുന്ന ആശുപത്രിയെ ഞാൻ ബന്ധപ്പെട്ടു. ചികിത്സിക്കുന്ന ഡോക്ടർ എന്റെ സുഹൃത്താണ്. രോഗിക്ക് കോവിഡില്ല. ശ്വാസകോശത്തിന് അടിയന്തിര ശസ്ത്രകിയ വേണം. എന്നാൽ ഈ ശസ്ത്രക്രിയ ചെയ്യാനുളള സൗകര്യം അവിടെയില്ല. പുറത്തു നിന്ന് ഡോക്ടറെ വരുത്തി ശസ്ത്രക്രിയ ചെയ്താൽ ചികിത്സോപകരണങ്ങൾ ഉൾപെടെ കുറഞ്ഞ് ഒന്നര ലക്ഷം രൂപ ചെലവാകും. ആശുപത്രി ലാഭമെടുക്കാതെ ചെയ്താലും. വലിയ സ്വകാര്യാശുപത്രിയിൽ പോയാൽ രൂപ രണ്ടര ലക്ഷമെങ്കിലും ചെലവാകും.

രോഗിയാണെങ്കിൽ സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ. സർകാർ ആശുപത്രികളിൽ ഓപറേഷൻ തീയറ്ററുകൾ അടിച്ചിരിക്കയാണ്. അപകടങ്ങളിൽപ്പെടുന്നവർക്ക് മാത്രമേ അടിയന്തിര ശസ്ത്രക്രിയ ചെയ്യാൻ അനുവാദമുള്ളൂ. രോഗിക്ക് പ്രായം അറുപത് കഴിഞ്ഞിട്ടേയുള്ളൂ. ഇപ്പോൾ ഐ സി യൂണിറ്റിലാണ്. ശസ്ത്രക്രിയ ചെയ്താൽ ഇനിയും വർഷങ്ങൾ ജീവിച്ചിരിക്കും. നാട്ടിലെ യാഥാർഥ്യത്തിന്റെ ഒരംശമാണിത്.

കേരളത്തിലെ ആരോഗ്യ വകുപ്പാണ് നാടിന്റെ ആരോഗ്യ അതോറിറ്റി. നയതീരുമാനങ്ങൾ നടക്കേണ്ടത് അവിടെയാണ്. ആരോഗ്യ വകുപ്പും മെഡികൽ വിദ്യാഭ്യാസ വകുപ്പുമാണ് സർകാർ മേഖലയിൽ മുഖ്യമായും ചികിത്സകൾ ചെയ്യുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെയും മെഡികൽ വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറക്ടർമാരെ മുൻ നിരയിൽ ഉൾപെടുത്താതെയാണ് തുടക്കം മുതൽ സർകാർ കൊവിഡ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ആദ്യം എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് ആരോഗ്യ മന്ത്രിയായിരുന്നു. പിന്നീടത് മുഖ്യമന്തിയായി. ഇവർക്കിടയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് ആരോഗ്യവകുപ്പ് സെക്രടറി ഉൾപെടെയുള്ള ഐ എ എസ് ഉദ്യോഗസ്ഥരായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ദിവസങ്ങൾക്ക് മുമ്പ് സ്വയം വിരമിച്ചു. പുതിയ ഡയറക്ടർക്ക് താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. ആരോഗ്യ സെക്രടറി തനിക്ക് തുടർചയുണ്ടോ എന്നറിയാത്തതിനാൽ നിസംഗനാണെന്ന് അറിയുന്നു.

70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യാശുപത്രികളെയാണെന്ന യാഥാർഥ്യം കേരളത്തിലുണ്ട്. ഭൂരിഭാഗം രോഗികളെ കൈകാര്യം ചെയ്യുന്ന സ്വകാര്യാശുപത്രികളുടെ ചില വിവരങ്ങൾ സർകാരിനുണ്ടെങ്കിലും സർകാരും സ്വകാര്യ മേഖലയും ഇപ്പോഴും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല. ചികിത്സാ ചെലവുകളെപ്പറ്റി വരുന്ന പരാതികളും അടിയന്തിരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഐ എം എ പോലുള്ള സംഘടനകൾ സ്വമേധയാ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. സർകാർ നയങ്ങളെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. എന്നാൽ സാങ്കേതിക സമിതിയിൽ പോലും ഉൾപെടുത്താതെ തുടക്കം മുതലേ സർകാർ ഐ എം എ യെ പുറത്തുനിർത്തിയിരിക്കുന്നു.

കൊവിഡ് – കൊവിഡിതര രോഗങ്ങളിൽപെട്ട് മനുഷ്യർ നെട്ടോട്ടമോടുമ്പോൾ, ചികിത്സാ സൗകര്യങ്ങൾക്കും ഓക്സിജനുമൊക്കെ വലിയ ദൗർലഭ്യം നമ്മുടെ മുന്നിൽ വന്നു നിൽക്കുമ്പോൾ, സി പി എമും ഇടതുമുന്നണിയും ഉറക്കം നടിക്കരുത്. നമുക്ക് മുൻ പരിചയമില്ലാത്ത ഈ ദുരന്ത സാഹചര്യത്തെ നേരിടാൻ അടിയന്തിരമായി പുതിയ സർകാർ സത്യപ്രതിജ്ഞ ചെയ്യണം. നിസാര രാഷ്ട്രീയ ലാഭങ്ങൾക്കായി സമയം കളയരുത്. മുഖ്യമന്ത്രിയും കുറഞ്ഞത് ആരോഗ്യ മന്ത്രിയും ഉള്ള മന്ത്രിസഭയെങ്കിലും ഉടൻ അധികാരമേൽക്കണം. പൊതുജനാരോഗ്യ രംഗത്ത് പ്രസക്തമായ പ്രസ്ഥാനങ്ങളെയെല്ലാം അടിയന്തിരമായി പുതിയ സർക്കാർ ഏകോപിപ്പിക്കണമെന്ന് ലാൽ പറഞ്ഞു.

ഏഴ് കോടി സഹായവുമായി വാൾട് ഡിസ്നി

അതിനിടെ വാൾട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ , കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ നൽകുമെന്നറിയിച്ചു. ഇതിനുള്ള സമ്മതപത്രം വാൾട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ മാധവൻ, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ ,
ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ
നിർണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുൻഗണക്രമത്തിൽ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവൻ അഭ്യർഥിച്ചു .

കേരളത്തിൽ ജനപ്രീതിയിൽ വർഷങ്ങളായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ്, വാൾട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ്. ഇതിനുമുൻപ് മഹാപ്രളയങ്ങളാൽ കേരള ജനത ഒന്നടങ്കം വിറങ്ങലിച്ചു നിന്നപ്പോഴും ഏഷ്യാനെറ്റ് സഹായഹസ്തവുമായിയെത്തി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപയും നവകേരള നിധിയിലേക്ക് ആറുകോടി രൂപയും സംഭാവന ചെയ്തു.

തിലോത്തമൻ തലപൊക്കി

കൊവിഡ് ഒന്നാം തരംഗ കെടുതികളിൽ ആശ്വാസവും ഭരണത്തുടർചയുടെ നാഴികക്കല്ലുമായത് ആഹാര സാധന കിറ്റുകളായിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ നടന്ന ആ പ്രക്രിയ പ്രശംസിക്കപ്പെട്ടപ്പോഴൊന്നും വകുപ്പു മന്ത്രി പി തിലോത്തമന്റെ പേര് ചിത്രത്തിലുണ്ടായിരുന്നില്ല. എല്ലാമെന്നപൊലെ അതും മുഖ്യമന്ത്രിയുടെ സ്വന്തം നേട്ടമായി. എന്നാൽ കഴിഞ്ഞ ദിവസം കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ തിലോത്തമൻ അതിന്റെ വിശദാംശങ്ങളുമായി രംഗത്തുവന്നത് സി പി ഐയുടെ പുതിയ നിലപാടാണ് സൂചിപ്പിക്കുന്നത്. സി പി ഐ മന്ത്രിമാരുടെ എണ്ണം കുറക്കാനും വകുപ്പുകൾ മാറ്റിപ്പിടിക്കാനും സി പി എം നടത്തുന്ന നീക്കങ്ങൾ മുന്നണിയിൽ പൊരിഞ്ഞ പോരാണ് സൃഷ്ടിക്കുന്നത്.

കാസർകോട് ഓക്സിജൻ പ്ലാന്റിന് ടെണ്ടർ

പ്രാണവായു സ്വാശ്രയത്വത്തിലേക്ക് കാസർകോടിനെ നയിക്കാൻ ജില്ല പഞ്ചായത്ത് നടത്തുന്ന നിക്കങ്ങൾക്ക് ചടുലതയേറി. ഓക്സിജൻ പ്ലാൻ്റ് - ടെണ്ടർ നടപടികൾ പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പൊതുമേഖലയിൽ ചട്ടഞ്ചാലിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജില്ല പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി.
ഈ മാസം 27 ആണ് ഇ-ടെണ്ടർ സമർപിക്കേണ്ട അവസാന തീയ്യതി. പ്ലാൻ്റിൻ്റെ സിവിൽ പ്രവൃത്തികൾ നിർമിതികേന്ദ്രം നടത്തും. ജില്ല വ്യവസായ കേന്ദ്രം മാനജർ ആണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ.

Keywords: Kasaragod, Kerala, Article, Health, Health Minister, Pinarayi vijayan, K K shailaja, COVID-19, Crisis, Surgery, Chief Minister, Chief Minister and Health Minister are required to take oath immediately.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?