25 വര്‍ഷം കലക്ടർമാരുടെ നിഴലായി നിന്ന ദഫേദാര്‍ പ്രവീണ്‍ രാജിന് വിരമിക്കുന്നു
കാസര്‍കോട്: (www.kasargodvartha.com 31.05.2021) 25 വര്‍ഷം കലക്ടർമാരുടെ നിഴലായി നിന്ന ദഫേദാര്‍ പ്രവീണ്‍ രാജിന് അഭിമാനർഹമായ വിരമിക്കൽ. ഒരേ ചുമതലയില്‍ കാല്‍നൂറ്റാണ്ടിലേറെ മാറ്റമില്ലാതെ സർകാർ ജോലി ചെയ്യുകയെന്ന അപൂര്‍വതയുമായാണ് മെയ് 31ന് പ്രവീൺ സെര്‍വീസില്‍ നിന്നും പടിയിറങ്ങുന്നത്. കാസര്‍കോട് കലക്ട്രേറ്റിലെ ദഫേദാര്‍ (ക്ലോസ് അസിസ്റ്റന്റ് ടു കലക്ടര്‍) പ്രവീണ്‍ രാജിനെ കലക്ടർമാരുടെ പ്രിയങ്കരനാക്കിയിരുന്നത് സപ്ത ഭാഷാ സംഗമഭൂമിയായ കാസർകോട്ടെ നാലോളം ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നത് തന്നെയായിരുന്നു.
ദഫേദാറെന്നത് ബ്രിടീഷ് ഇൻഡ്യയുടെ കാലത്ത് ഒരു സൈനിക പദവിയായിരുന്നു. കലക്ടറുടെ അടുത്ത് ഏതാവശ്യത്തിനെത്തുന്നവര്‍ക്കും ചേമ്പറിലേക്കുള്ള വാതില്‍ പ്രവീണ്‍രാജ് തുറന്നുകൊടുത്തിരുന്നത് കൃത്യമായി കാര്യ ഗൗരവം മനസിലാക്കി മാത്രമായിരുന്നു. അത്ര ചിട്ടയും, അച്ചടക്കവും പാലിച്ചിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നതെന്ന് ഇപ്പോഴത്തെ കാസർകോട് കലക്ടർ ഡോ. ഡി സജിത് ബാബു തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കലക്ടറുടെ ഓഫീസിലെ ഏത് നീക്കത്തിലും ദഫേദാറിൻ്റെ സാന്നിധ്യം ഉണ്ടാകും. റവന്യു വകുപ്പില്‍ ജോലിക്കിടെ മരിച്ച മാതാവ് ഗീതയുടെ പിന്തുടര്‍ചയായാണ് പ്രവീണ്‍രാജ് 1997 ഏപ്രില്‍ 11ന് ജില്ലാ കലക്ടറുടെ ഓഫീസ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നത്.
ആദ്യമായി ജോലിക്കെത്തുമ്പോള്‍ സത്യജിത് രാജനായിരുന്നു കലക്ടറെന്ന് പ്രവീൺ ഓര്‍മിക്കുന്നു. പിന്നീട് വന്ന 12 കലക്ടര്‍മാരുടെയും പ്രീതി പിടിച്ചുപറ്റുന്നതിലും 56കാരനായ ഇദ്ദേഹത്തിനായി. ഇവിടെ നിന്നും വിരമിച്ചവരും, സ്ഥലംമാറിപ്പോയവരുമായ കലക്ടര്‍മാരെല്ലാം ഇപ്പോഴും ക്ഷേമം അന്വേഷിക്കാറുണ്ടെന്നും ഇത് ജോലിയിൽ പുലർത്തിയ സത്യസന്ധതയ്ക്കുള്ള അംഗീകാരമാണെന്നും ഇദ്ദേഹം പറയുന്നു.
തന്റെ ജോലിയില്‍ പൂര്‍ണ സംതൃപ്തനാണ് പ്രവീണ്‍രാജ്. ദഫേദാര്‍ ആണെങ്കിലും ഹെഡ് ക്ലര്‍ക് സെലക്ഷന്‍ ഗ്രേഡ് തസ്തികയിലാണ് പ്രവീൺ വിരമിക്കുന്നത്. നിലവിലെ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബുവിനും പ്രവീണ്‍രാജ് ഏറ്റവും പ്രിയപ്പെട്ട ദഫേദാറാണ്. ജോലിയിലെ മികവ് കണക്കിലെടുത്ത് മൂന്ന് കലക്ടർമാർ പ്രവീൺ രാജിന് ഗുഡ് സെർവീസ് എൻട്രി സെർടിഫികറ്റ് നൽകിയിരുന്നു.
പിതാവ് പരേതനായ സഞ്ജീവ ഷെട്ടി ഉള്‍പെടുന്ന ഇവരുടെ കുടുംബം നേരത്തെ നെല്ലിക്കുന്നിലായിരുന്നു താമസം. പിന്നീട് ഉദയഗിരിയിലെ സര്‍കാര്‍ ക്വാർടേഴ്‌സിലേക്ക് മാറി. ആശയാണ് ഭാര്യ. ഏക സഹോദരന്‍ സുധീര്‍രാജ് മംഗളൂറില്‍ ഗസറ്റഡ് ഓഫീസറാണ്.
ഒരിക്കൽ കാസർകോട് കലക്ട്രേറ്റ് സന്ദർശിച്ച ആർക്കും പ്രവീൺ രാജിൻ്റെ മുഖം മറക്കാനാകില്ല. വെള്ള പാൻ്റും കുപ്പായവും തൊപ്പിയും, അതോടൊപ്പം ദഫേദാര്‍ ജോലിയുടെ അധികാരസ്ഥാനത്തിൻ്റെ അടയാളമായുള്ള മുദ്ര പതിപ്പിച്ച കവചവും ജോലിയുടെ പകിട്ട് കൂട്ടുന്നതാണ്.
Keywords: Kasaragod, Kerala, News, Government, Retired, Collectorate, District Collector, Office, Mangalore, Dafedar Praveen Raj, proudly to retires after 25 years service.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment