എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഇനിയെങ്കിലും കാലഹരണപ്പെട്ട ഇത്തരം വിമാനങ്ങള്‍ സര്‍കാര്‍ പിന്‍വലിക്കണം, മറ്റുള്ളവരുടെ ജീവന്‍കൂടി ഇനിയും നഷ്ടപ്പെടരുത്; മിഗ്-21 വിമാനം തകര്‍ന്ന് മകനെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപം
മീററ്റ്: (www.kvartha.com 23.05.2021) എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഇനിയെങ്കിലും കാലഹരണപ്പെട്ട ഇത്തരം വിമാനങ്ങള്‍ സര്‍കാര്‍ പിന്‍വലിക്കണം, മറ്റുള്ളവരുടെ ജീവന്‍കൂടി ഇനിയും നഷ്ടപ്പെടരുത്. മിഗ്-21 വിമാനം തകര്‍ന്ന് മകനെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപമാണിത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചത്. മകനെ നഷ്ടപ്പെട്ട അഭിനവ് ചൗധരിയുടെ പിതാവ് സതേന്ദ്ര ചൗധരിക്ക് സര്‍കാരിനോട് പറയാനുള്ളത് ഇനിയെങ്കിലും ഇത്തരം കാലാഹരണപ്പെട്ട വിമാനങ്ങള്‍ പിന്‍വലിക്കണമെന്നാണ്. പഞ്ചാബിലെ മൊഗാ മേഖലയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തില്‍പെട്ടത്.
'എനിക്ക് എല്ലാം നഷ്ടപ്പെട്ടു' കോപത്തോടെയും അസ്വസ്ഥതയോടെയുമാണ് കര്‍ഷകനായ സതേന്ദ്ര ചൗധരി ഇത് പറഞ്ഞത്. 'കാലഹരണപ്പെട്ട വിമാനങ്ങള്‍ സര്‍കാര്‍ പിന്‍വലിക്കണം. മറ്റുള്ളവരുടെ ജീവന്‍കൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിര്‍ത്താന്‍ ഞാന്‍ സര്‍കാരിനോട് കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു'അദ്ദേഹം പറഞ്ഞു. അഭിനവിന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യ സോണിക ചൗധരിക്കുമൊപ്പമാണ് സതേന്ദ്ര ചൗധരി ഇങ്ങനെ പറഞ്ഞത്.
2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയില്‍ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് കാരണം അതിന് സാധിച്ചില്ല.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ 14 ഓളം മിഗ് വിമാനങ്ങളാണ് ഇത്തരത്തില്‍ തകര്‍ന്നത്. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും എന്തുകൊണ്ടാണ് നടത്താത്തതെന്നും മിഗ് വിമാനങ്ങള്‍ മാത്രം തകരുന്നത് എന്തുകൊണ്ടെന്നും അഭിനവിന്റെ ബന്ധുവും കര്‍ണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു.
Keywords: MiG-21 crash: Discontinue obsolete jets, don’t want others to lose their sons, says dead pilot Abhinav Chaudhary’s father, Gujarat, News, Technology, Flight, Dead, Family, National.
Powered by Info News For You


Comments
Post a Comment