'പ്രിയപ്പെട്ടവനെ ജയിലിലടച്ചിട്ട് ഏപ്രില്‍ അഞ്ചിന് ആറ് മാസം തികയുന്നു, എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്? ബീഫ് കഴിച്ചതോ? മുസ്‌ലിമായതോ? അതോ കേരളക്കാരനായതോ?'; ആരെയും സങ്കടപ്പെടുത്തുന്ന ഫേസ്ബുക് കുറിപ്പുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന



മലപ്പുറം: (https://ift.tt/2PQQpzb) കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡെല്‍ഹി ഘടകം സെക്രടറി സിദ്ദിഖ് കാപ്പനെ യുപി പോലീസ് ജയിലിലടച്ചിട്ട് ഏപ്രില്‍ അഞ്ചിന് ആറ് മാസം തികയുന്നു. സിദ്ദിഖ് കാപ്പനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കഴിഞ്ഞ ദിവസം 5000ത്തോളം പേജുള്ള കുറ്റപത്രം സമര്‍പിച്ചിരുന്നു. ഹാഥ്‌റസിലെ സമാധാനം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നാലുപേരും പോവുകയായിരുന്നെന്ന് ആരോപിച്ചാണ് കരിനിയമമായ യു എ പി എയും രാജ്യദ്രോഹക്കുറ്റവും കൂടെ ഐ  ടി നിയമവും ചുമത്തി ഇവര്‍ക്കെതിരെ പ്രത്യേക ദൗത്യസേന കുറ്റപത്രം സമര്‍പിച്ചത്. 

കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും റിപോര്‍ട് ചെയ്യാനുംവേണ്ടി കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം ഹാഥ്‌റസിലേക്ക് പോകുമ്പോഴാണ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ തന്റെ ഭര്‍ത്താവ് ചെയ്ത കുറ്റമെന്തെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന.

ജയിലിലടച്ചിട്ട് ആറ് മാസം തികയുന്ന നാളില്‍ ഉള്ളുലക്കുന്ന കുറിപ്പ് ഫേസ്ബുകില്‍ പങ്കുവെച്ചിരിക്കുകയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ്. 'ഒരു പാവം മനുഷ്യനെ പിടിച്ചുവെച്ചിട്ട് എന്താണവര്‍ക്ക് നേട്ടം എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ മുസ്‌ലിമായതോ അതോ കേരളക്കാരനായതോ ഏതാണ്' -റൈഹാന ചോദിക്കുന്നു.   

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തില്‍ പിടിച്ചിട്ടിട്ട് ഏപ്രില്‍ അഞ്ചിന് ആറ് മാസം പൂര്‍ത്തിയാവുന്നു. കോടതിയില്‍ 5000 പേജില്‍ കൂടുതലുള്ള ചാര്‍ജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവന്‍ എഴുതിയാലും 5000 പേജ് ഉണ്ടാവില്ല.   

ഹാഥ്‌റസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് എന്തായിരിക്കാം പൊലീസ് കൊടുത്തിരിക്കുന്നത് ഒരു പാവം മനുഷ്യനെ പിടിച്ചുവെച്ചിട്ട് എന്താണവര്‍ക്ക് നേട്ടം എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ മുസ്‌ലിമായതോ അതോ കേരളക്കാരനായതോ ഏതാണ്? 

ഒമ്പത് വര്‍ഷമായി അദ്ദേഹം പത്രപ്രവര്‍ത്തന ജോലിയില്‍ ഏര്‍പ്പെട്ട് ഡെല്‍ഹിയില്‍ ഉണ്ട്. ആദ്യം തേജസില്‍ ആയിരുന്നു. അത് പൂട്ടിയപ്പോള്‍ തത്സമയത്തില്‍ ആയിരുന്നു. അതും സാമ്പത്തിക പ്രയാസത്തില്‍ അടച്ചുപൂട്ടി. ഏഴ് മാസത്തെ കാശ് ഇപ്പോഴും അതില്‍നിന്നും കിട്ടാനുണ്ട്. തത്സമയം പേപറില്‍ ജോലി ചെയ്യുമ്പോള്‍ ആണ് അദ്ദേഹം കെ യു ഡബ്ല്യു ജെ യൂനിയന്‍ സെക്രടറി ആയി തെരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓണ്‍ലൈന്‍ വെബില്‍ ജോലി ചെയ്യുമ്പോള്‍ അല്ല.  

തത്സമയത്തില്‍ ജോലി ചെയ്തിരിക്കുമ്പോള്‍ അതിനായി അദ്ദേഹം അവിടെ റൂം എടുത്തിരുന്നു. പക്ഷെ അതിന്റെ പണം പോലും കൊടുക്കാന്‍ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്റെ കാശ് കൊടുക്കാന്‍ കഴിയാതെ, ഞങ്ങള്‍ക്ക് ജീവിക്കാനുള്ള കാശ് തരാന്‍ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം. കടം വാങ്ങിയ കാശുമായി റൂം ഒഴിവാക്കി കൊടുത്തു. പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളില്‍ അഭയം തേടലായിരുന്നു.  

അഭിമാനിയായിരുന്നു എന്റെ ഇക്ക. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തില്‍ ജോലി ശരിയാക്കി കൊടുത്തത്. 25,000 രൂപ സാലറി. നിങ്ങള്‍ പറ, അദ്ദേഹം ഒരു റൂമെടുത്താല്‍ അതിന്റെ കാശും വീട്ടിലെ ചെലവും അദ്ദേഹത്തിന്റെ ചിലവും കഴിഞ്ഞാല്‍ എന്താണ് ഉണ്ടാവുക.   

തേജസില്‍ നിന്ന പരിചയത്തിന് മുകളില്‍ ആരുടെയോ സ്‌നേഹത്തിന് അദ്ദേഹത്തോട് തല്‍ക്കാലം എന്‍ സി എച് ആര്‍ ഒയുടെ ഓഫിസില്‍ താമസിക്കാന്‍ പറഞ്ഞു. ഞങ്ങളെ സംമ്പന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10,000രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാന്‍. വീട് പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതില്‍ നിന്ന് കഴിയണം. ഈ സമയങ്ങളില്‍ ഒക്കെ എന്റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്പെടുത്തു നില്‍ക്കും. ആരോടും സങ്കടങ്ങള്‍ പറയാറില്ല. 

News, Kerala, State, Malappuram, Case, Prison, Journalist, Wife, Facebook, Viral, Facebook Post, Social Media, Police, Raihana, wife of Siddique Kappan, with a Facebook post


ഞങ്ങള്‍ എപ്പോഴും ഞങ്ങളെക്കാളും താഴെയുള്ളവരെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഞങ്ങളുടെ അടുത്ത് സത്യങ്ങള്‍ മാത്രമേ ഒള്ളൂ. എന്റെ ഇക്കയെ കുറിച്ച് അഭിമാനത്തോടെ മാത്രമേ പറയാന്‍ ഒള്ളൂ. സഹപ്രവര്‍ത്തകര്‍ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് തെളിവ് സഹിതം ഒരു ആരോപണം പറയട്ടെ.  അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ ഹൃദയത്തില്‍ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടാവുന്നത് നന്നായിരിക്കും. കാരണം നമ്മളൊന്നും ഈ ഭൂമിയില്‍ എല്ലാ കാലവും ഉണ്ടാവില്ല. ദൈവം തന്ന ആയുസ്സ് കുറച്ചേ ഒള്ളു. കുറച്ചെങ്കിലും ഹൃദയത്തില്‍ നന്മ ഉണ്ടാവട്ടെ.   

രോഗിയായ ഇക്കയുടെ ഉമ്മ. ഉപ്പച്ചി ഇപ്പോ വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഞങ്ങളുടെ കുഞ്ഞു മക്കള്‍. എല്ലാവരുടെയും മുന്നില്‍ കണ്ണൊന്ന് നനയാതെ എല്ലാം നെഞ്ചില്‍ അടക്കി പിടിച്ചു. ഞാന്‍ ഒന്ന് പൊട്ടിക്കരഞ്ഞാല്‍ ഒരു കുടുംബം മുഴുവന്‍ തകര്‍ന്നു പോവും.. എന്റെ ഉമ്മയുടെ അടുത്തേക്ക് പോലും കഴിവതും ഞാന്‍ പോവാറില്ല. കാരണം ധൈര്യത്തോടെ നില്‍ക്കുന്ന ഒരു മുഖം മാത്രം അവര്‍ കണ്ടാല്‍ മതി. 

ഞാന്‍ എന്റെ ഇക്കാക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തീര്‍ത്തും നിരപരാധി ആയത് കൊണ്ടാണ്. എന്റെ ഇക്കയെ കുറിച്ച് എനിക്ക് അഭിമാനം മാത്രമാണ് അന്നും ഇന്നും ഉള്ളത്. അദ്ദേഹത്തിന്റെ നിറപരാധിത്വം തെളിഞ്ഞ് ഞങ്ങളുടെ അരികിലേക്ക് ഇക്കയെ എത്തിക്കാന്‍. ഇത് പോലെ ഒരുപാട് പാവങ്ങള്‍ ജയിലഴിക്കുള്ളില്‍ ഉണ്ടാവും. അവര്‍ക്ക് വേണ്ടിയും മനസ്സില്‍ നന്മയും കരുണയും വറ്റാത്ത മനുഷ്യരുടെ പ്രാര്‍ത്ഥനയും ഉണ്ടാവണേ.
   
News, Kerala, State, Malappuram, Case, Prison, Journalist, Wife, Facebook, Viral, Facebook Post, Social Media, Police, Raihana, wife of Siddique Kappan, with a Facebook post


എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു. കോടതിയിൽ 5000പേജിൽ...

Posted by Raihana Siddique on Sunday, 4 April 2021
Keywords: News, Kerala, State, Malappuram, Case, Prison, Journalist, Wife, Facebook, Viral,  Facebook Post, Social Media, Police, Raihana, wife of Siddique Kappan, with a Facebook post

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?